India - 2024

കുടുംബങ്ങളില്‍ പരസ്പരം സ്‌നേഹമാകുകയാണ് ദമ്പതികളുടെ കടമ: മാര്‍ ജോസ് പുത്തന്‍വീട്ടില്‍

സ്വന്തം ലേഖകന്‍ 12-10-2017 - Thursday

കൊച്ചി: കുടുംബങ്ങളില്‍ പരസ്പരം സ്‌നേഹമാവുകയും അതിലൂടെ സമൂഹത്തിനു മഹത്തായ ജീവിതമൂല്യങ്ങള്‍ പകര്‍ന്നു നല്‍കുകയുമാണു ദമ്പതികളുടെ കടമയെന്ന് എറണാകുളം അങ്കമാലി അതിരൂപത സഹായമെത്രാന്‍ മാര്‍ ജോസ് പുത്തന്‍വീട്ടില്‍. അതിരൂപത കുടുംബപ്രേഷിത കേന്ദ്രത്തിന്റെ ട്രിനിറ്റി കപ്പിള്‍സ് മിനിസ്ട്രിയുടെ ഭാഗമായി കാലടി ജീവാലയ ഫാമിലി പാര്‍ക്കില്‍ നടന്ന ദന്പതികളുടെ കുടുംബസമ്മേളനത്തില്‍ സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം.

സ്‌നേഹിക്കുക എന്നതിനേക്കാള്‍ സ്‌നേഹമായിത്തീരേണ്ടവരാണു ദമ്പതികള്‍. സ്വര്‍ഗത്തെ സ്വപ്നം കണ്ടു, സ്വര്‍ഗത്തിലേപ്പോലെ ജീവിച്ചു, മറ്റുള്ളവരെ സ്വര്‍ഗാനുഭവത്തിലേക്കു നയിക്കാന്‍ ദമ്പതികള്‍ക്കിടയിലെ ശുശ്രൂഷകര്‍ക്കു സാധിക്കണമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. കുടുംബജീവിതം സുവിശേഷ പ്രഘോഷണമാക്കുക എന്ന ലക്ഷ്യത്തോടെ അതിരൂപതയില്‍ ശുശ്രൂഷ ചെയ്യാന്‍ പരിശീലനം ലഭിച്ച 63 ദമ്പതികളാണു സമ്മേളനത്തില്‍ പങ്കെടുത്തത്.

അതിരൂപത കുടുംബപ്രേഷിത കേന്ദ്രം ഡയറക്ടര്‍ റവ. ഡോ. അഗസ്റ്റിന്‍ കല്ലേലി ഉദ്ഘാടനം ചെയ്തു. ട്രിനിറ്റി കപ്പിള്‍ മിനിസ്ട്രി അതിരൂപത കോഓര്‍ഡിനേറ്റര്‍ റൈഫണ്‍ ജോസഫ്‌- ടെസി റൈഫണ്‍ ദമ്പതികള്‍ നേതൃത്വം നല്‍കി. ജോസ് മാത്യു, ഡെയ്‌സി, അവറാച്ചന്‍, സിബി, സിസ്റ്റര്‍ നോബിള്‍ എന്നിവര്‍ പ്രസംഗിച്ചു. ട്രിനിറ്റി കപ്പിള്‍സ് മിനിസ്ട്രിയുടെ അതിരൂപത സെക്രട്ടറിമാരായി തോമസ്- ഡെയ്‌സി തുറവൂര്‍, ഫ്രാന്‍സിസ്- ഗ്രേസ് വല്ലം, ബാബു-കൊച്ചുറാണി വൈക്കം, അവറാച്ചന്‍-സിബി കൊരട്ടി എന്നീ ദമ്പതികളെ നിയമിച്ചു.


Related Articles »