India - 2025
സര്‍ക്കാര്‍ ഉത്തരവ് നീളുന്നതിനിടെ കത്തോലിക്ക ആശുപത്രികളില്‍ പുതുക്കിയ ശമ്പള വിതരണം
സ്വന്തം ലേഖകന്‍ 15-10-2017 - Sunday
കൊച്ചി: ശമ്പളപരിഷ്‌കരണം സംബന്ധിച്ചു സര്‍ക്കാരിന്റെ അന്തിമ ഉത്തരവ് വരുന്നത് അനിശ്ചിതമായി നീളുന്നതിനിടെ 300 കിടക്കകളിലധികമുള്ള കേരളത്തിലെ എല്ലാ കത്തോലിക്കാ ആശുപത്രികളിലും പുതുക്കിയ ശമ്പളം വിതരണം ചെയ്തു. ആശുപത്രികളിലെ മറ്റു ജീവനക്കാര്‍ക്കും ആനുപാതിക ശമ്പള വര്‍ദ്ധന നടപ്പാക്കി വരികയാണ്. ഇന്‍ഡസ്ട്രിയല്‍ റിലേഷന്‍സ് കമ്മിറ്റി (ഐആര്‍സി ) ശിപാര്‍ശയുടെ അടിസ്ഥാനത്തില്‍ 300 കിടക്കകളിലധികമുള്ള ആശുപത്രികളില്‍ ഇരുപതിനായിരം രൂപയാണു സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശിച്ച ശമ്പളം.
ഇതിനെ ആധാരമാക്കി കെസിബിസി ഹെല്‍ത്ത് കമ്മീഷനും ആശുപത്രികളില്‍ ശമ്പളവര്‍ദ്ധനയ്ക്കു നിര്‍ദ്ദേശം നല്കിയിരുന്നു. കാത്തലിക് ഹെല്‍ത്ത് അസോസിയേഷന്‍ ഓഫ് ഇന്ത്യ കേരള ഘടകത്തിന്റെ (ചായ് കേരള) കീഴില്‍, 300 കിടക്കകളിലധികമുള്ള ആശുപത്രികളില്‍ പുതുക്കിയ ശമ്പളനിരക്ക് നടപ്പാക്കിക്കഴിഞ്ഞു. ഏതാനും ആശുപത്രികളില്‍ ശമ്പളനിരക്കില്‍ നൂറു ശതമാനത്തോളം വര്‍ധനയുണ്ടായി.
തുടക്കക്കാര്‍ക്ക് 21,000 മുതല്‍ 22,200 വരെ ഇത്തരം ആശുപത്രികളില്‍ നല്കിവരുന്നുണ്ട്. 101 മുതല്‍ 300 വരെ കിടക്കകളുള്ള 27 ആശുപത്രികളില്‍ അടിസ്ഥാന ശമ്പളത്തിന്റെ 50 ശതമാനം വര്‍ദ്ധന കത്തോലിക്കാ ആശുപത്രികള്‍ നടപ്പാക്കി. 51 മുതല്‍ നൂറു വരെ കിടക്കകളുള്ള കത്തോലിക്കാ ആശുപത്രികളില്‍ കെസിബിസി നിര്‍ദ്ദേശപ്രകാരം അടിസ്ഥാന ശമ്പളത്തിന്റെ 20 ശതമാനം വര്‍ദ്ധനവ് നടപ്പാക്കി. അമ്പതില്‍ താഴെ കിടക്കകളുള്ള ആശുപത്രികളിലും ശമ്പളവര്‍ദ്ധന നടപ്പാക്കിയിട്ടുണ്ട്.
ഒപി, ചികിത്സാ നിരക്കുകളില്‍ കാര്യമായ വര്‍ദ്ധനയില്ലാതെയാണു വലിയ ആശുപത്രികളിലേറെയും നഴ്‌സുമാരുടെ ശമ്പളവര്‍ദ്ധന നടപ്പാക്കിയത്. ഇതുമൂലം ഓരോ മാസവും വലിയ സാമ്പത്തിക ബാധ്യതയും വരും. വലിയ ആശുപത്രികളില്‍ ശമ്പളവര്‍ദ്ധനയിലൂടെ അമ്പതു ലക്ഷം മുതല്‍ 3.5 കോടി വരെ പ്രതിമാസം അധികച്ചെലവുണ്ടെന്നാണു കണക്കുകള്‍. പ്രതിസന്ധികളുണ്ടെങ്കിലും നഴ്‌സുമാര്‍ക്കും ജീവനക്കാര്‍ക്കും അര്‍ഹതതപ്പെട്ട ശമ്പളം നല്കകണമെന്നതു തന്നെയാണു കത്തോലിക്കാ ആശുപത്രികളുടെ നയമെന്നു ചായ് കേരള നേതൃത്വം വ്യക്തമാക്കി.