India

വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്‍ കരുണയുടെ ഉദാത്ത മാതൃക: മാര്‍ കല്ലറങ്ങാട്ട്

സ്വന്തം ലേഖകന്‍ 17-10-2017 - Tuesday

രാമപുരം: സമൂഹത്തിലെ സാധാരണക്കാരായ വ്യക്തികളോടും കുടുംബങ്ങളോടും ഏറെ അടുപ്പവും വാത്സല്യവും പ്രകടിപ്പിച്ച കുഞ്ഞച്ചന്‍ കരുണയുടെ ഉദാത്ത മാതൃകയാണെന്ന് പാലാ രൂപതാ മെത്രാന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട്. വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്റെ തിരുനാളിനോടനുബന്ധിച്ച് ദിവ്യബലിയര്‍പ്പിച്ച് സന്ദേശം നല്‍കുകയായിരുന്നു മാര്‍ കല്ലറങ്ങാട്ട്. സഭയുടെ പ്രബോധനങ്ങള്‍ വീടുകളില്‍ എത്തിക്കുകയും അവരുടെ ആത്മാക്കളെ രക്ഷപെടുത്താന്‍ ഏറെ ശ്രമിക്കുകയും ചെയ്ത കുഞ്ഞച്ചന്‍ സാധാരണക്കാരെ സുവിശേഷവല്‍ക്കരിക്കുയായിരുന്നു. ഹോം മിഷന്‍ പ്രസ്ഥാനം ആരംഭിക്കുന്നതിന് മുന്‍പുതന്നെ അജപാലക നേതൃത്വം ഏറ്റെടുത്ത കുഞ്ഞച്ചന്റെ ജീവിതമാതൃക സമൂഹത്തിന് വഴികാട്ടിയാവണമെന്നും മാര്‍ ജോസഫ് കല്ലറങ്ങാട്ട് കൂട്ടിച്ചേര്‍ത്തു.

ഇന്നലെ രാമപുരം സെന്റ് അഗസ്റ്റിന്‍സ് ഫൊറോന പള്ളിയില്‍ വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്റെ അനുഗ്രഹം തേടി പതിനായിരങ്ങള്‍ ആണ് എത്തിയത്. പുലര്‍ച്ചെ മുതല്‍ വൈകുന്നേരം വരെ പള്ളിയും പരിസരങ്ങളും വിശ്വാസികളാല്‍ നിറഞ്ഞിരുന്നു. രാവിലെ ഒന്‍പതിന് നേര്‍ച്ചഭക്ഷണം വികാരി റവ. ഡോ.ജോര്‍ജ് ഞാറക്കുന്നേല്‍ ആശീര്‍വദിച്ചു. തിരുനാള്‍ റാസയ്ക്ക് രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് മുഖ്യകാര്‍മികത്വം വഹിച്ചു. വികാരി റവ. ഡോ.ജോര്‍ജ് ഞാറക്കുന്നേല്‍, വൈസ്‌പോസ്റ്റുലേറ്റര്‍ ഫാ. സെബാസ്റ്റ്യന്‍ നടുത്തടം, സഹവൈദികര്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ അഞ്ഞൂറോളം വോളന്റിയേഴ്‌സ് രംഗത്തുണ്ടായിരുന്നു. നേര്‍ച്ചഭക്ഷണം തയാറാക്കുന്നതിനായി മൂന്നു ടണ്‍ അരിയാണ് ഉപയോഗിച്ചത്.

യുഡിഎഫ് ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ നിന്നു രാമപുരം പഞ്ചായത്തിനെ ഒഴിവാക്കിയിരുന്നതിനാല്‍ ആവശ്യാനുസരണം കെഎസ്ആര്‍ടിസി, സ്വകാര്യ ബസുകള്‍ സര്‍വീസ് നടത്തി. ഉച്ചയ്ക്ക് 12 ന് ഡിസിഎംഎസ് പാലാ രൂപത സംഘടിപ്പിച്ച തീര്‍ത്ഥാടന യാത്ര പള്ളിമൈതാനത്തെത്തി. രൂപതാ ഡയറക്ടര്‍ ഫാ. ജേക്കബ് വെള്ളമരുതുങ്കല്‍ തീര്‍ഥാടനത്തിന് നേതൃത്വം നല്‍കി. പള്ളിമൈതാനത്ത് വികാരി റവ.ഡോ. ജോര്‍ജ് ഞാറക്കുന്നേല്‍, വൈസ്‌പോസ്റ്റുലേറ്റര്‍ ഫാ. സെബാസ്റ്റ്യന്‍ നടുത്തടം തുടങ്ങിയവര്‍ ചേര്‍ന്ന് തീര്‍ഥാടകരെ സ്വീകരിച്ചു. കബറിടം സ്ഥിതിചെയ്യുന്ന പഴയ പള്ളിയിലും പള്ളിമൈതാനത്തെ കുഞ്ഞച്ചന്റെ മ്യൂസിയത്തിലും ഭക്തജനങ്ങളുടെ വന്‍ തിരക്കാണ് അനുഭവപ്പെട്ടത്.


Related Articles »