News

വിശ്വാസികളുടെയും സോഷ്യൽ മീഡിയയുടെയും ഹൃദയം കവര്‍ന്ന 'കുഞ്ഞച്ചൻ' വിടവാങ്ങി

പ്രവാചക ശബ്ദം 20-05-2020 - Wednesday

സാവോ പോളോ: ലോകമെമ്പാടുമുള്ള ക്രൈസ്തവരുടെ ഹൃദയം കവര്‍ന്ന ബ്രസീൽ വംശജനായ കപ്പൂച്ചിൻ സന്യാസി ഫാ. റോബർട്ടോ മരിയ ഡി മഗൾഹയാസ് നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ടു. തിങ്കളാഴ്ച ഉച്ചയോടുകൂടി, സേക്രഡ് ഹാർട്ട് ഓഫ് ജീസസ് എന്ന സന്യാസ ആശ്രമത്തിൽ വച്ചായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. 99 വയസ്സായിരുന്നു. പ്രായത്തെ അതിജീവിച്ചും ശുശ്രൂഷയ്ക്കു സന്നദ്ധനായുള്ള അദ്ദേഹത്തിന്റെ വിവിധ ചിത്രങ്ങള്‍ ഏറെ പ്രസിദ്ധമായിരിന്നു. സ്വന്തമായി ഫേസ്ബുക്ക് അക്കൗണ്ട് ഇല്ലാഞ്ഞിട്ടും വൈദികന്റെ പല വീഡിയോകളും, ചിത്രങ്ങളും സാമൂഹികമാധ്യമങ്ങളിൽ തരംഗമായി മാറി.

കഴിഞ്ഞ വർഷം ഫോർട്ടലാസയിലുളള സേക്രട്ട് ഹാർട്ട് ദേവാലയത്തിൽ പ്രവേശിക്കവേ, പ്രായാധിക്യത്തിന്റെ അവശതകൾ ഉണ്ടായിരുന്നിട്ടും, മുട്ടുകുത്തി കുമ്പിട്ട് തന്റെ വിശ്വാസം പ്രകടിപ്പിക്കുന്ന ഫാ. റോബർട്ടോ മരിയയയുടെ വീഡിയോ നിരവധി ആളുകളെ സ്പർശിച്ചിരുന്നു. പ്രായത്തിന്റെ എല്ലാവിധ അവശതകളും ഉണ്ടായിരിന്നുവെങ്കിലും അതിനെയെല്ലാം മാറ്റി നിര്‍ത്തി എല്ലാദിവസവും വിശുദ്ധ ബലി അർപ്പിക്കുകയും, ആശുപത്രികളിൽ രോഗി സന്ദർശനം നടത്തുകയും അദ്ദേഹം ചെയ്തിരുന്നു. 2017ലെ ആശുപത്രി സന്ദർശനവേളയിൽ ഒരു പോലീസുകാരന്റെ ശിരസ്സിൽ വൈദികൻ കൈവെച്ച് അനുഗ്രഹിക്കുന്ന ചിത്രങ്ങൾ നിരവധി കത്തോലിക്ക മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ചിരുന്നു. 2016ൽ ഫോർട്ടലാസ രൂപത സംഘടിപ്പിച്ച ആറ് കിലോമീറ്റർ പാപപരിഹാരം പ്രദക്ഷിണത്തിലുടനീളം വിശ്വാസികളുടെ കുമ്പസാരം കേട്ട് ഫാ. റോബർട്ടോ മരിയയും അവരോടൊപ്പം സഞ്ചരിച്ചിരിന്നു. പ്രസ്തുത ചിത്രങ്ങളും സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായി.

1920 സെപ്റ്റംബർ പത്തിന് സിയറ സംസ്ഥാനത്തുള്ള മരക്കാനുവിലാണ് റോബർട്ടോ മരിയ ജനിക്കുന്നത്. പതിമൂന്നാം വയസ്സിൽ അദ്ദേഹം തന്റെ സെമിനാരി ജീവിതത്തിന് കപ്പൂച്ചിൻ സഭയിൽ ആരംഭം കുറിച്ചു. 1944-ല്‍ ദീർഘനാൾ നീണ്ട പഠനങ്ങൾക്ക് ശേഷം ഫോർട്ടലാസയിലുളള സേക്രട്ട് ഹാർട്ട് ദേവാലയത്തിൽ റോബർട്ടോ മരിയ വൈദികപട്ടം സ്വീകരിച്ചു. ഇതിനു ശേഷം ഇടവക വൈദികനായും, അധ്യാപകനായും, മിഷണറിയായും സ്കൂൾ പ്രിൻസിപ്പൽ ചുമതലയിലും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.

1992ലാണ് ഫാ. റോബർട്ടോ അംഗോള എന്ന ആഫ്രിക്കൻ രാജ്യത്തേക്ക് മിഷ്ണറി പ്രവർത്തനത്തിനായി പോയത്. ഒരു വർഷത്തോളം അദ്ദേഹം അവിടെ സേവനം ചെയ്തു. 2009ൽ നടത്തിയ ഒരു സർവ്വേയിൽ, ബ്രസീലിലെ ഏറ്റവും പ്രിയങ്കരനായ കപ്പൂച്ചിൻ വൈദികനായി തിരഞ്ഞെടുക്കപ്പെട്ടത് ഫാ. റോബർട്ടോ മരിയ ഡി മഗൾഹയാസ് ആയിരുന്നു. 2019 മാർച്ച് മാസത്തില്‍ 80 വർഷത്തെ സന്യാസ ജീവിതം പൂർത്തിയാക്കിയ വേളയിൽ മരക്കാനു സിറ്റി കൗൺസിൽ ഫാ. റോബർട്ടോ മരിയയെ പ്രത്യേകം ആദരിച്ചിരുന്നു.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »