News - 2024

സ്വവര്‍ഗ്ഗ വിവാഹത്തിനെതിരായ സഭയുടെ നിലപാട്: ഓസ്ട്രേലിയയില്‍ ദേവാലയങ്ങള്‍ ആക്രമണത്തിനിരയാകുന്നു

സ്വന്തം ലേഖകന്‍ 18-10-2017 - Wednesday

മെല്‍ബണ്‍: സ്വവര്‍ഗ്ഗ വിവാഹത്തിനെതിരായ സഭയുടെ നിലപാടില്‍ രോഷംപൂണ്ട് ഓസ്ട്രേലിയയിലെ ക്രൈസ്തവ ദേവാലയങ്ങള്‍ അക്രമത്തിന് ഇരയാകുന്നത് പതിവാകുന്നു. രാജ്യത്തെ വിവിധ ക്രൈസ്തവ ദേവാലയങ്ങളില്‍ ക്രിസ്ത്യന്‍ വിരുദ്ധ ചുവരെഴുത്തുകളാല്‍ വികൃതമാക്കപ്പെടുകയാണ്. കഴിഞ്ഞ വാരാന്ത്യത്തില്‍ മെല്‍ബണിലെ ആംഗ്ലിക്കന്‍ ദേവാലയങ്ങളുടെ ചുവരുകള്‍ “മതഭ്രാന്തന്‍മാരെ ലജ്ജിക്കൂ” (Bash Bigots), “സ്വവര്‍ഗ്ഗ വിവാഹത്തിനെതിരായി വോട്ട് ചെയ്യുന്നവരെ കുരിശില്‍ തറക്കൂ” (Crucify ‘no’ voters) തുടങ്ങിയ ചുവരെഴുത്തുകളാല്‍ അലങ്കോലമാക്കപ്പെട്ടു.

കുരിശിനെ സ്വസ്തിക ചിഹ്നവുമായി താരതമ്യം ചെയ്യുന്ന ചുവരെഴുത്തുകളും കാണുന്നുണ്ട്. സിഡ്നിയിലും പരിസരങ്ങളിലുമുള്ള ദേവാലയങ്ങളുടെ ചുവരുകളും ഇത്തരത്തില്‍ വികൃതമാക്കപ്പെട്ടു. കഴിഞ്ഞ ഓഗസ്റ്റ് മാസത്തില്‍ സ്വവര്‍ഗ്ഗവിവാഹത്തെ അനുകൂലിക്കുന്ന നിയമഭേദഗതിക്കെതിരായി വോട്ട് ചെയ്യുവാന്‍ മെത്രാന്‍ സമിതി വിശ്വാസികളോട് ആഹ്വാനം ചെയ്തിരുന്നു. ഇതേ തുടര്‍ന്നാണ് ദേവാലയങ്ങള്‍ ആക്രമിക്കപ്പെടുന്നത് പതിവായിരിക്കുന്നത്. വൈദികരെ ആക്രമിച്ച സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

ബ്രിസ്ബേനിലെ ഷോപ്പിംഗ് സെന്‍ററില്‍ കൂടി നടന്നുപോയിക്കൊണ്ടിരുന്ന വൈദികന്റെ മുഖത്ത് തുപ്പിക്കൊണ്ട് ‘നോ വോട്ടര്‍’ എന്നാക്രോശിച്ചുകൊണ്ട് അസഭ്യം പറഞ്ഞ സംഭവം ഇതിനൊരുദാഹരണം മാത്രമാണെന്നാണ് കാത്തലിക് ഹെറാള്‍ഡ് റിപ്പോര്‍ട്ട് ചെയ്യുന്നത്. തന്നെ ആക്രമിച്ചവന്റെ മുഖത്ത് നോക്കി പുഞ്ചിരിച്ചുകൊണ്ട് നടക്കുക മാത്രമാണ് താന്‍ ചെയ്തതെന്ന്‍ ആക്രമണത്തിനിരയായ ഫാദര്‍ മോര്‍ഗന്‍ ബാറ്റ് പിന്നീട് ഫേസ്ബുക്കില്‍ കുറിച്ചു.

അതേസമയം സ്വവര്‍ഗ്ഗവിവാഹത്തിന്റെ നിയമസാധുതയെക്കുറിച്ചുള്ള ജനഹിത പരിശോധന ഓസ്ട്രേലിയായില്‍ തപാല്‍ വോട്ടിംഗായി നടന്നുകൊണ്ടിരിക്കുകയാണ്. നവംബര്‍ 15-നാണ് ഫല പ്രഖ്യാപനം. കഴിഞ്ഞ മാസം നടന്ന ജനഹിതപരിശോധനയില്‍ 55 ശതമാനത്തോളം ആളുകള്‍ നിയമഭേദഗതിക്കനുകൂലമായി വോട്ട് ചെയ്തപ്പോള്‍ 34 ശതമാനത്തോളം പേര്‍ ഇതിനെ എതിര്‍ത്തു. എങ്കിലും സ്വവര്‍ഗ്ഗവിവാഹത്തിനുള്ള പിന്തുണ പിന്നീട് കുറഞ്ഞുവരുന്നതായാണ് കാണുവാന്‍ കഴിയുന്നത്.


Related Articles »