News - 2025
വിശ്വാസത്തിനുവേണ്ടി ജീവത്യാഗം ചെയ്ത 109 രക്തസാക്ഷികള്‍ ഇന്ന് വാഴ്ത്തപ്പെട്ട പദവിയിലേക്ക്
സ്വന്തം ലേഖകന്‍ 21-10-2017 - Saturday
മാഡ്രിഡ്: 1936ല്‍ സ്‌പെയിനിലെ ആഭ്യന്തര കലാപത്തില്‍ വിശ്വാസത്തിനുവേണ്ടി ജീവത്യാഗം ചെയ്ത വിശുദ്ധ അന്തോണി മേരി ക്ലാരെറ്റ് സ്ഥാപിച്ച ക്ലരീഷ്യന്‍ സമൂഹത്തില്‍പ്പെട്ട 109 രക്തസാക്ഷികളെ ഇന്ന് വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിക്കും. ബാഴ്‌സലോണയിലെ തിരുക്കുടുംബ ബസിലിക്കയില്‍ നടക്കുന്ന പ്രഖ്യാപനചടങ്ങില്‍ നാമകരണ നടപടികള്‍ക്കായുള്ള വത്തിക്കാന്‍ തിരുസംഘത്തിന്റെ തലവനായ കര്‍ദ്ദിനാള്‍ ആഞ്ചലോ അമാട്ടോ ഫ്രാന്‍സിസ് മാര്‍പാപ്പയെ പ്രതിനിധീകരിച്ച് തിരുക്കര്‍മങ്ങള്‍ക്ക് മുഖ്യകാര്‍മികത്വം വഹിക്കും. 49 പുരോഹിതര്‍, 31 ബ്രദേഴ്‌സ്, 29 വൈദിക വിദ്യാര്‍ഥികള്‍ എന്നിവരെയാണ് സഭ ഇന്നു വാഴ്ത്തപ്പെട്ടവരായി ഉയര്‍ത്തുന്നത്.
1931ല്‍ രാജകീയ വാഴ്ചയുടെ സമാപ്തിക്കുശേഷം സ്‌പെയിനില്‍ മാനുവല്‍ അഡനയുടെ നേതൃത്വത്തില്‍ രൂപം കൊണ്ട റിപ്പബ്ലിക് അരാജകത്വവും മതവിരുദ്ധതയും നിറഞ്ഞ കാലഘട്ടത്തിലാണ് അവര്‍ സത്യവിശ്വാസത്തിനു വേണ്ടി ധീരമായി നിലകൊണ്ടത്. 1936ല്‍ ഉണ്ടായ ആഭ്യന്തര കലാപത്തില്‍ തീവ്ര ഇടതുപക്ഷവിഭാഗം അഴിച്ചുവിട്ട ക്രൂരമായ മതപീഡനങ്ങളില്‍ വൈദികരും സന്യസ്തരും കന്യാസ്ത്രീകളും ഉള്‍പ്പെടെ എണ്ണായിരത്തോളം പേരാണ് വധിക്കപ്പെട്ടത്. അനേകം പള്ളികളും ആരാധനാലയങ്ങളും സെമിനാരികളും തകര്‍ക്കപ്പെട്ടു.
ആഭ്യന്തര കലാപത്തിനെതിരേ നിലകൊള്ളുന്ന സഭയെ മുഖ്യശത്രുവായി ഇടതുപക്ഷവിഭാഗം കണക്കാക്കുകയായിരിന്നു. പുരോഹിതനായ മാറ്റേ കാസല്‍സ്, വൈദികവിദ്യാര്‍ഥിയായ തെയോഫിലോ കസാജൂസ്, ബ്രദര്‍ ഫെര്‍ഡിനാന്‍ടോ സാപ്പേരാസ് എന്നിവരാല്‍ നയിക്കപ്പെട്ട 109 പേരാണ് അന്ന്‍ വിശ്വാസത്തിനു വേണ്ടി ജീവത്യാഗം ചെയ്തു രക്തസാക്ഷിത്വം വരിച്ചത്. നേരത്തെ 1992 ഒക്ടോബര്‍ 25നു വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ 51 ക്ലരീഷ്യന്‍ രക്തസാക്ഷികളെ വാഴ്ത്തപ്പെട്ടവരായി നാമകരണം ചെയ്തിരുന്നു.
പ്രാര്‍ത്ഥിക്കുകയും തങ്ങള്‍ക്ക് ഭയമില്ല എന്ന് ഉദ്ഘോഷിക്കുകയും മര്‍ദ്ദകരോട് പൊറുക്കുകയും ചെയ്തുകൊണ്ട് ജീവാര്‍പ്പണം ചെയ്ത 109 നിണസാക്ഷികളുടെ ത്യാഗബലി സുവിശേഷത്തിന്‍റെ സത്യത്തെക്കുറിച്ച് കൂടുതല്‍ അവബോധം പുലര്‍ത്തുന്ന ക്രൈസ്തവികതയുടെ വിത്താണെന്ന് കര്‍ദ്ദിനാള്‍ അമാട്ടോ വത്തിക്കാന്‍ റേഡിയോയ്ക്കനുവദിച്ച അഭിമുഖത്തില്‍ പറഞ്ഞു. സഭ നിണസാക്ഷികളെ പ്രകീര്‍ത്തിക്കുന്നത് അവരുടെ വിജയത്തെ പ്രതിയല്ലയെന്നും മറിച്ച്, അതിരുകളില്ലാത്ത ക്രൈസ്തവ സ്നേഹം അവര്‍ പ്രഘോഷിച്ചത് കൊണ്ടാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.