News - 2024

ക്രൈസ്തവര്‍ക്ക് നേരിട്ടു സഹായം: ട്രംപിന്റെ നടപടിയെ സ്വാഗതം ചെയ്യുന്നതായി നൈറ്റ്സ് ഓഫ് കൊളംബസ്

സ്വന്തം ലേഖകന്‍ 31-10-2017 - Tuesday

കാലിഫോര്‍ണിയ: മധ്യപൂര്‍വ്വേഷ്യയിലെ പീഡനമനുഭവിക്കുന്ന ക്രൈസ്തവരുടെ ഉന്നമനത്തിനായി സാമ്പത്തികസഹായം നേരിട്ടു എത്തിക്കുമെന്ന ട്രംപ് ഭരണകൂടത്തിന്റെ പ്രഖ്യാപനത്തെ സ്വാഗതം ചെയ്തുകൊണ്ട് കത്തോലിക്ക സന്നദ്ധസംഘടനയായ നൈറ്റ്സ് ഓഫ് കൊളംബസ്. അധികാരത്തിലേറിയ ഉടനെ മധ്യപൂര്‍വ്വേഷ്യയിലെ ക്രൈസ്തവര്‍ വംശഹത്യയ്ക്കു ഇരയാകുകയാണെന്ന് പ്രഖ്യാപിച്ചതിന്റെ പ്രതിഫലനമെന്നോണം പുതിയ സഹായവാഗ്ദാനം നല്‍കിയത് ഏറെ സന്തോഷകരമാണെന്ന് നൈറ്റ്സ് ഓഫ് കൊളംബസ്സിന്റെ തലവന്‍ കാള്‍ ആന്‍ഡെഴ്സന്‍ പറഞ്ഞു. വിശ്വാസത്തിനു വേണ്ടി നിലകൊള്ളുന്ന നമ്മുടെ സഹോദരീസഹോദരന്മാരുടെ സംരക്ഷണത്തിനായുള്ള തീരുമാനം ഏറെ ഫലംചെയ്യുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

പീഡനമനുഭവിക്കുന്ന ക്രൈസ്തവരുടെയും മറ്റ് ന്യൂനപക്ഷങ്ങളുടെയും ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന സഭകളേയും സംഘടനകളേയും യുഎസ് ഏജന്‍സി ഫോര്‍ ഇന്റര്‍നാഷണല്‍ ഡെവലപ്മെന്റ് (USAID) നേരിട്ടു സഹായിക്കുമെന്നു വാഷിംഗ്ടണിൽ നടന്ന 'ഇന്‍ ഡിഫന്‍സ് ഓഫ് ക്രിസ്ത്യന്‍ സോളിഡാരിറ്റി കോണ്‍ഫറന്‍സി'ല്‍ അമേരിക്കന്‍ വൈസ് പ്രസിഡന്‍റ് മൈക്ക് പെന്‍സാണ് പ്രഖ്യാപിച്ചത്. യു‌എന്‍ വഴിയുള്ള സാമ്പത്തികസഹായ വിതരണം ഫലവത്തല്ലാത്തതിനാല്‍ അത് നിര്‍ത്തലാക്കാന്‍ തീരുമാനിച്ചതായും അദ്ദേഹം വെളിപ്പെടുത്തിയിരിന്നു.

You May Like: ‍ ഇറാഖിലെ ക്രൈസ്തവരെ സഹായിക്കാന്‍ കത്തോലിക്ക സംഘടനയുടെ നേതൃത്വത്തില്‍ ധനസമാഹരണം

പുതിയ തീരുമാനത്തെ ഏറെ പ്രതീക്ഷയോടെയാണ് ‘നൈറ്റ്സ് ഓഫ് കൊളംബസ്’ കാണുന്നത്. ലോകമാകമാനം അടിച്ചമര്‍ത്തപ്പെടുന്ന ക്രിസ്ത്യാനികളെ സഹായിക്കുന്ന കാര്യത്തില്‍ ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്ന സന്നദ്ധസംഘടനയാണ് ‘നൈറ്റ്സ് ഓഫ് കൊളംബസ്’. ആഗോളതലത്തില്‍ ദുരിതമനുഭവിക്കുന്നവരും, അടിച്ചമര്‍ത്തപ്പെട്ടവരും, അഭയാര്‍ത്ഥികളുമായ ക്രിസ്ത്യാനികള്‍ക്കിടയില്‍ ഏതാണ്ട് 17,50,79,192 ഡോളറോളം വരുന്ന സാമ്പത്തിക സഹായം ചെയ്യുവാന്‍ സംഘടനക്ക് ഇതുവരെ കഴിഞ്ഞിട്ടുണ്ട്. മൈക്കേല്‍ ജെ. മക്ഗിവ്നി എന്ന വൈദികനാണ് സംഘടനയുടെ സ്ഥാപകന്‍.


Related Articles »