News

അബോർഷൻ നിയമത്തിന്റെ വാര്‍ഷികത്തില്‍ ഇംഗ്ലണ്ടിൽ ദിവ്യകാരുണ്യ പ്രദക്ഷിണം

സ്വന്തം ലേഖകന്‍ 31-10-2017 - Tuesday

നോര്‍വിച്ച്: അബോർഷൻ നിയമപരമാക്കിയതിന്റെ അമ്പതാം വാർഷികത്തോടനുബന്ധിച്ചു നിശബ്ദ പ്രതിഷേധവുമായി ഇംഗ്ലണ്ടിലെ നോർവിച്ചിലെ കത്തോലിക്ക വിശ്വാസികള്‍. അബോര്‍ഷനെതിരെ ഒക്ടോബർ 27 വെള്ളിയാഴ്ച വൈകുന്നേരം നടത്തിയ ദിവ്യകാരുണ്യ പ്രദക്ഷിണത്തിൽ നൂറുകണക്കിന് കത്തോലിക്ക വിശ്വാസികളാണ് പങ്കെടുത്തത്. മെഴുകുതിരിയുമേന്തി നഗരമധ്യത്തിലൂടെ നടത്തപ്പെട്ട പ്രദക്ഷിണത്തിലും തുടർന്ന് വി.ജോൺ ദി ബാപ്റ്റിസ്റ്റ് ദേവാലയത്തിലെ ജാഗരണ പ്രാർത്ഥനയിലും ഏഴുനൂറോളം വിശ്വാസികൾ പങ്കെടുത്തുവെന്നാണ് സംഘാടകര്‍ പറയുന്നത്.

ചരിത്ര പ്രാധാന്യമേറിയ ദിവസത്തെ പ്രാർത്ഥനയിൽ അനുസ്മരിക്കണമെന്ന മെത്രാന്മാരുടെ ആവശ്യത്തെ തുടർന്നാണ് ഇവിടെ ഒത്തുച്ചേർന്നിരിക്കുന്നതെന്ന്‍ ഫാ. ഹെൻറി വിസ്നെന്‍റ് വിശ്വാസികളെ അഭിസംബോധന ചെയ്ത് സംസാരിച്ചു. അബോർഷൻ രാഷ്ട്രത്തിന് പ്രത്യാഘാതമാണ് വരുത്തിവച്ചത്. എട്ട് മില്യണോളം ശിശുക്കൾ ഇതിനോടകം ഭ്രൂണഹത്യയ്ക്കിരയായി. ദിനംപ്രതി നടക്കുന്ന അബോർഷന്റെ എണ്ണം അഞ്ഞൂറോളമായി വർദ്ധിച്ചു. വ്യക്തികൾക്കും ദമ്പതികൾക്കും കുടുംബങ്ങൾക്കും യഥാർഥത്തിൽ നമ്മുടെ സമൂഹത്തിനും ഇത് വലിയ മുറിവാണ് നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു.

ഗര്‍ഭഛിദ്രം വരുത്തിയ ആന്തരിക മുറിവുകളുടെ സൗഖ്യത്തിനും ദൈവത്തിന്റെ കാരുണ്യം മനുഷ്യഹൃദയങ്ങളിൽ നിറഞ്ഞ് ജീവന്റെ മൂല്യം മനസ്സിലാക്കി പരിപോഷിപ്പിക്കുന്നതിനും ദിവ്യകാരുണ്യ പ്രദക്ഷിണവും ജാഗരണ പ്രാർത്ഥനകളും വഴി ഇടയാകട്ടെ. പ്രാർത്ഥനയും ത്യാഗവും വഴി സ്നേഹത്തിന്റേതായ ഒരു സംസ്കാരം രാജ്യത്ത് സ്ഥാപിക്കപ്പെടാൻ ദിവ്യകാരുണ്യ പ്രദക്ഷിണം വഴി സാധിക്കുമെന്നും ഫാ. ഹെൻറി കൂട്ടിച്ചേർത്തു. ജാഗരണ പ്രാർത്ഥനയ്ക്കു ശേഷം ദിവ്യബലി അര്‍പ്പണവും നടന്നിരിന്നു. 1967-ല്‍ ആണ് യു‌കെയില്‍ ഗര്‍ഭഛിദ്രം നിയമപരമാക്കിയത്.


Related Articles »