News

'കൊറിയയിലെ ബെത്ലഹേമിൽ' തിരുപട്ടം സ്വീകരിക്കുവാന്‍ 16 ഡീക്കന്‍മാര്‍ ഒരുങ്ങുന്നു

സ്വന്തം ലേഖകന്‍ 01-11-2017 - Wednesday

സിയോള്‍: കൊറിയയുടെ ആദ്യത്തെ തദ്ദേശീയ വൈദികനും വിശുദ്ധനുമായ ആന്‍ഡ്ര്യൂ കിം ടേ-ഗോണിന്റെ ജന്മദേശത്ത് വെച്ച് പൗരോഹിത്യ പട്ടം സ്വീകരിക്കുവാന്‍ പതിനാറോളം ഡീക്കന്‍മാര്‍ തയാറെടുക്കുന്നു. ദക്ഷിണ കൊറിയയിലെ ഡേജിയോണ്‍ രൂപതയാണ് ഇതുസംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടത്. തെക്കന്‍ ചുങ്ങ്ചിയോങ്ങ് പ്രവിശ്യയിലെ ഡാങ്ങ്ജിനിലെ ‘കൊറിയയുടെ ബെത്ലഹേം’ എന്നറിയപ്പെടുന്ന സോള്‍മോയിയില്‍ ആണ് വിശുദ്ധ ആന്‍ഡ്ര്യൂ കിം ജനിച്ചത്. 1846-ലാണ് വിശുദ്ധ ആന്‍ഡ്ര്യൂ കിം ടേ-ഗോണും അദ്ദേഹത്തിന്‍റെ കുടുംബത്തിലെ 10 അംഗങ്ങളും രക്തസാക്ഷിത്വം വരിക്കുന്നത്.



ആദ്യമായാണ് ഡേജിയോണ്‍ രൂപതയിലെ സോള്‍മോയി ദേവാലയത്തില്‍ തിരുപട്ട സ്വീകരണ ചടങ്ങ് നടക്കുന്നത്. നവംബര്‍ 3-ന് നടക്കുന്ന തിരുപട്ടസ്വീകരണ ചടങ്ങില്‍ 16 നവവൈദികര്‍ അഭിഷിക്തരാകും. ഫ്രാന്‍സിസ്കന്‍ മിഷ്ണറി സര്‍വീസിലെ ഒരു ഡീക്കനും ഇതില്‍ ഉള്‍പ്പെടുന്നുണ്ട്.

1845-ല്‍ ചൈനയില്‍ വെച്ച് പൗരോഹിത്യ പട്ടം സ്വീകരിച്ച വിശുദ്ധ ആന്‍ഡ്ര്യൂ കിം 13 മാസങ്ങള്‍ക്ക് ശേഷം കൊറിയയില്‍ വെച്ച് രക്തസാക്ഷിത്വം വരിക്കുകയായിരിന്നു. 2014-ല്‍ ഡേജിയോണില്‍ വെച്ച് നടന്ന ഏഷ്യന്‍ യുവജന ദിനത്തില്‍ പങ്കെടുക്കുവാനായി ഫ്രാന്‍സിസ് പാപ്പ എത്തിയപ്പോള്‍ അദ്ദേഹം വിശുദ്ധ ആന്‍ഡ്ര്യൂ കിമ്മിന്റെ ജന്മദേശമായ സോള്‍മോയിയും സന്ദര്‍ശിച്ചിരുന്നു.

വിശുദ്ധ ആന്‍ഡ്ര്യൂ കിമ്മിന്റെ പിതാവ് വിശുദ്ധ ഇഗ്നേഷ്യസ് കിം ജെ-ജുണ്‍, മുത്തച്ഛനായ വാഴ്ത്തപ്പെട്ട പിയൂസ് കിം ജിന്‍-ഹു, അമ്മാവനായ ആന്‍ഡ്ര്യൂ കിം ജോംഗ്-ഹാന്‍ തുടങ്ങിയവര്‍ ഉള്‍പ്പെടെ കിം കുടുംബത്തിലെ 11 പേര്‍ രക്തസാക്ഷിത്വം വരിച്ചവരാണ്. കൊറിയയിലെ കത്തോലിക്കരുടെ ധീരതയേയും രക്തസാക്ഷിത്വത്തേയും കുറിച്ച് പ്രദേശവാസികളേയും ലോകത്തേയും ഓര്‍മ്മപ്പെടുത്തുന്നതായിരിക്കും നടക്കുവാനിരിക്കുന്ന പൗരോഹിത്യ പട്ടസ്വീകരണ ചടങ്ങെന്നു ഡേജിയോണ്‍ രൂപത വ്യക്തമാക്കി.


Related Articles »