India - 2024

ഹൊസൂര്‍ രൂപത സ്ഥാപനത്തിനും മെത്രാഭിഷേകത്തിനുമായി നുത്തന്‍ചേരി ഒരുങ്ങുന്നു

സ്വന്തം ലേഖകന്‍ 02-11-2017 - Thursday

ഇരിങ്ങാലക്കുട: ഹൊസൂര്‍ രൂപത സ്ഥാപനവും നിയുക്ത ബിഷപ്പ് മോണ്‍. സെബാസ്റ്റ്യന്‍ പൊഴോലിപ്പറമ്പിലിന്റെ മെത്രാഭിഷേകവും 22നു ചെന്നൈ മിഷനിലെ നുത്തന്‍ചേരി സെന്റ് ആന്റണീസ് സീറോ മലബാര്‍ കത്തീഡ്രലില്‍ നടക്കും. ഇരിങ്ങാലക്കുട ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്റെയും രൂപതയിലെ വൈദികരുടെയും സന്യസ്തരുടെയും വിശ്വാസി സമൂഹത്തിന്റെയും നേതൃത്വത്തില്‍ പ്രാര്‍ത്ഥനാ നിര്‍ഭരമായ അണിയറ ഒരുക്കങ്ങളാണു നടന്നുകൊണ്ടിരിക്കുന്നത്.

ചെന്നൈ നഗരത്തിലെ അയനാവരം സെന്റ് തോമസ് പാസ്റ്ററല്‍ സെന്ററായിരിക്കും രൂപതയുടെ താത്കാലിക ആസ്ഥാനം. നുത്തന്‍ചേരി സെന്റ് ആന്റണീസ് ദേവാലയം കത്തീഡ്രലാകും. രൂപത സ്ഥാപനത്തിനും മെത്രാഭിഷേക കര്‍മ്മങ്ങള്‍ക്കും സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി തിരുക്കര്‍മങ്ങള്‍ക്കു മുഖ്യകാര്‍മികത്വം വഹിക്കും.

കേരളത്തിനകത്തും പുറത്തുമുള്ള നിരവധി മെത്രാന്മാര്‍ ദിവ്യബലിയിലും തുടര്‍ന്നുള്ള ചടങ്ങുകളിലും പങ്കെടുക്കും. ഇരിങ്ങാലക്കുട രൂപത ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍, ചെങ്കല്‍പ്പെട്ട് രൂപത ബിഷപ് ഡോ. അന്തോണി സ്വാമി നീതിനാഥന്‍ എന്നിവര്‍ സഹകാര്‍മികരാകും. സിബിസിഐ പ്രസിഡന്റും സീറോ മലങ്കര സഭ മേജര്‍ ആര്‍ച്ച്ബിഷപ്പുമായ കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ സുവിശേഷ പ്രഘോഷണം നടത്തും.

ഇരിങ്ങാലക്കുട രൂപത വികാരി ജനറാളും സീറോ മലബാര്‍ ചെന്നൈ മിഷന്‍ കോഓഡിനേറ്ററുമായ മോണ്‍. ജോസ് ഇരിമ്പന്‍ തിരുക്കര്‍മങ്ങള്‍ക്ക് ആര്‍ച്ച്ഡീക്കനായിരിക്കും. മേജര്‍ ആര്‍ക്കി എപ്പിസ്‌ക്കോപ്പല്‍ കൂരിയ ചാന്‍സലര്‍ റവ. ഡോ. ആന്റണി കൊള്ളന്നൂര്‍ നിയമനപത്രം വായിക്കും. ഇരിങ്ങാലക്കുട രൂപത ചാന്‍സലര്‍ റവ. ഡോ. നെവിന്‍ ആട്ടോക്കാരന്‍ പരിഭാഷ നടത്തും.

നിലവില്‍ 15,000 ത്തിലേറെ അംഗങ്ങളാണ് ചെന്നൈ മിഷനിലുള്ളത്. സന്യാസ സഭാംഗങ്ങളുള്‍പ്പെടെ 28 വൈദികരും എട്ട് സന്യാസിനി സമൂഹങ്ങളില്‍നിന്നുള്ള 80 സിസ്റ്റര്‍മാരും ഇവിടെ ശുശ്രൂഷ ചെയ്യുന്നു. ആകെ പത്ത് ഇടവകകളും 21 ദിവ്യബലിയര്‍പ്പണ കേന്ദ്രങ്ങളും അയ്യായിരത്തിലേറെ കുടുംബങ്ങളുമുണ്ട്.


Related Articles »