News - 2025
സകല മരിച്ചവരുടെയും ഓര്‍മ്മയില്‍ മാര്‍പാപ്പ മൂന്നിടങ്ങളില്‍ സന്ദര്‍ശനം നടത്തി പ്രാര്‍ത്ഥിക്കും
സ്വന്തം ലേഖകന്‍ 02-11-2017 - Thursday
വത്തിക്കാന്‍ സിറ്റി: സകല മരിച്ചവരുടെയും ഓര്‍മ്മ ദിനമായ ഇന്ന് ഫ്രാന്‍സിസ് പാപ്പ മൂന്നിടങ്ങളില്‍ സന്ദര്‍ശനം നടത്തി പ്രാര്‍ത്ഥിക്കും. രണ്ടാം ലോക മഹായുദ്ധത്തില്‍ സഖ്യകക്ഷികളുടെ ഭാഗത്ത് പോരാടി ജീവന്‍ സമര്‍പ്പിച്ച അമേരിക്കന്‍ ഭടന്മാരുടെ സെമിത്തേരിയിലാണ് പാപ്പ ബലിയര്‍പ്പിക്കുക. യുദ്ധത്തില്‍ കൊല്ലപ്പെട്ട ഭടന്മാരും ജനങ്ങളുമായി 7561-പേരുടെ സ്മാരകമണ്ഡപങ്ങളാണ് ഇവിടെയുള്ളത്. റോമില്‍നിന്നും 73 കിലോമീറ്റര്‍ മാറിയാണ് സെമിത്തേരി സ്ഥിതിചെയ്യുന്നത്. പ്രാദേശിക സമയം ഉച്ചതിരിഞ്ഞ് 2 മണിക്ക് വത്തിക്കാനില്‍നിന്നും റോഡുമാര്‍ഗ്ഗം യാത്രചെയ്ത് മൂന്നു മണിയോടെ നെട്ടൂണോയിലെ സെമിത്തേരിയില്‍ പാപ്പാ എത്തിച്ചേരും.
അല്‍ബാനോയുടെ മെത്രാനും സ്ഥലത്തെ മേയറും ജനങ്ങളും ചേര്‍ന്ന് പാപ്പായെ ലളിതമായി സ്വീകരിക്കും. കല്ലറയില്‍ പുഷ്പങ്ങള്‍ അര്‍പ്പിച്ചതിന് ശേഷം 3.15-ന് സെമിത്തേരിയില്‍ പ്രത്യേക തയാറാക്കിയ സ്ഥലത്തു മരിച്ചവരുടെ ആത്മാക്കളെ അനുസ്മരിച്ച് ദിവ്യബലി അര്‍പ്പിക്കും. വിശുദ്ധ കുര്‍ബാന മദ്ധ്യേ പാപ്പാ വചനചിന്തകള്‍ പങ്കുവയ്ക്കും. ദിവ്യബലിയ്ക്കു ശേഷം സെമിത്തേരിയുടെ സൂക്ഷിപ്പുകാരായ 15 ജോലിക്കാരുമായും സ്വകാര്യകൂടിക്കാഴ്ച നടത്തും.
അനുസ്മരണ ബലിക്കും കൂടിക്കാഴ്ചയ്ക്കും ശേഷം പ്രാദേശിക സമയം 4.30-ന് മടങ്ങുന്ന പാപ്പാ, റോമാ നഗരത്തിന്‍ ഓസ്തിയെന്‍സേയിലുള്ള നാസിക്കൂട്ടക്കുരുതിയുടെ (Fosse Ardiatine) ഭൂഗര്‍ഭ സ്മാരകത്തില്‍ എത്തിച്ചേരും. സ്മൃതിമണ്ഡപങ്ങള്‍ സന്ദര്‍ശിക്കുന്ന പാപ്പാ അവിടെയും പരേതര്‍ക്കുവേണ്ടി പ്രത്യേകം പ്രാര്‍ത്ഥിക്കും. ഓസ്തിയെന്‍സേയില്‍നിന്നും വൈകുന്നേരം 6 മണിയോടെ പാപ്പ വത്തിക്കാനിലേയ്ക്ക് മടങ്ങും.
വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയുടെ നിലവറയിലുള്ള പരേതരായ മാര്‍പാപ്പമാരുടെ സ്മാരകമണ്ഡപങ്ങളിലേയ്ക്കും സ്വകാര്യസന്ദര്‍ശനം നടത്തും. വത്തിക്കാനിലെ ബസിലിക്കയുടെ നിലവറയിലെ (crypt) സിമിത്തേരിയില്‍, വിശുദ്ധ പത്രോസിന്‍റെ ഉള്‍പ്പെടെ 855 കല്ലറകളാണുള്ളത്. അതില്‍ 200-ഓളം മാര്‍പാപ്പമാരുടേതാണ്. ഇവിടെ പ്രാര്‍ത്ഥന നടത്തിയതിന് ശേഷമാണ് പാപ്പ സ്വവസതിയായ സാന്താ മാര്‍ത്തയിലേയ്ക്കു മടങ്ങുക.