News
കര്‍ദ്ദിനാള്‍ ആഞ്ചലോ അമാത്തോ ഇന്‍ഡോറില്‍: ഇന്ന് പ്രത്യേക പ്രാര്‍ത്ഥനാശുശ്രൂഷകള്‍
സ്വന്തം ലേഖകന്‍ 03-11-2017 - Friday
ഇന്‍ഡോര്‍: സിസ്റ്റര്‍ റാണി മരിയയുടെ വാഴ്ത്തപ്പെട്ട രക്തസാക്ഷി പദവി പ്രഖ്യാപനത്തിനു നേതൃത്വം നല്‍കാന്‍ വത്തിക്കാനിലെ നാമകരണ നടപടികള്‍ക്കായുള്ള തിരുസംഘത്തിന്റെ തലവന്‍ കര്‍ദ്ദിനാള്‍ ആഞ്ചലോ അമാത്തോ ഇന്‍ഡോറിലെത്തി. ഇന്നലെ വൈകീട്ട് നാലിന് ഇന്‍ഡോര്‍ അഹല്യാബായ് വിമാനത്താവളത്തിലെത്തിയ കര്‍ദ്ദിനാളിനെ ഇന്‍ഡോര്‍ ബിഷപ്പ് ഡോ. ചാക്കോ തോട്ടുമാരിക്കലും വൈദികരും എഫ്‌സിസി സന്യാസിനി സഭയുടെ പ്രതിനിധികളും ചേര്‍ന്നു സ്വീകരിച്ചു. വത്തിക്കാന്‍ കാര്യാലയത്തിന്റെ സെക്രട്ടറി മോണ്‍. റോബര്‍ട്ട് സാര്‍ണോയും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു.
ഇന്നു രാവിലെ പത്തരയ്ക്കു സിസ്റ്റര്‍ റാണി മരിയയുടെ കബറിടമുള്ള ഉദയ്‌നഗര്‍ സേക്രഡ് ഹാര്‍ട്ട് പള്ളിയില്‍ കര്‍ദിനാള്‍ അമാത്തോയുടെ മുഖ്യകാര്‍മികത്വത്തില്‍ ദിവ്യബലി നടക്കും. സിബിസിഐ സെക്രട്ടറി ജനറല്‍ ബിഷപ്പ് ഡോ. തിയോഡര്‍ മസ്‌കരനാസ്, ബിജ്‌നോര്‍ മുന്‍ ബിഷപ് മാര്‍ ഗ്രേഷ്യന്‍ മുണ്ടാടന്‍, ബിഷപ് ഡോ. ചാക്കോ തോട്ടുമാരിക്കല്‍ തുടങ്ങിയവര്‍ സഹകാര്‍മികരാകും. തുടര്‍ന്നു സിസ്റ്ററുടെ ജീവിതവും ഡയറിക്കുറിപ്പുകളും പ്രമേയമാക്കി തയാറാക്കിയ ഗ്രന്ഥങ്ങളുടെയും ആല്‍ബങ്ങളുടെയും പ്രകാശനം നടക്കും.
പള്ളിയോടനുബന്ധിച്ചു നിര്‍മിച്ചിട്ടുള്ള റാണി മരിയ ഫോട്ടോ ഗാലറിയുടെ ഉദ്ഘാടനവും ഉണ്ടാകും. ഉദയ്‌നഗറിലെ റാണി മരിയ ആശ്രമം കര്‍ദിനാള്‍ അമാത്തോയും സംഘവും സന്ദര്‍ശിക്കും. എഫ്‌സിസി മദര്‍ ജനറല്‍ സിസ്റ്റര്‍ ആന്‍ ജോസഫ്, ഭോപ്പാല്‍ പ്രൊവിന്‍ഷ്യല്‍ സിസ്റ്റര്‍ പ്രിന്‍സി റോസ്, വൈസ് പോസ്റ്റുലേറ്റര്‍ സിസ്റ്റര്‍ സ്റ്റാര്‍ലി തുടങ്ങിയവരും പങ്കെടുക്കും. വൈകുന്നേരം ഏഴു മുതല്‍ എട്ടു വരെ ഇന്‍ഡോര്‍ സെന്റ് ഫ്രാന്‍സിസ് അസീസി കത്തീഡ്രലില്‍ എഫ്‌സിസി സന്യാസിനിമാര്‍ നയിക്കുന്ന പ്രാര്‍ത്ഥനാശുശ്രൂഷ നടക്കും. മെത്രാന്മാരും വൈദികരും സമര്‍പ്പിതരും വിശ്വാസികളും പ്രാര്‍ത്ഥനയില്‍ പങ്കെടുക്കും.