News - 2025
ആണവായുധരഹിത ലോകത്തിനായി വത്തിക്കാന്റെ ആഭിമുഖ്യത്തില്‍ അന്തര്‍ദേശീയ സമ്മേളനം
സ്വന്തം ലേഖകന്‍ 01-11-2017 - Wednesday
വത്തിക്കാന്‍ സിറ്റി: ആണവായുധരഹിത ലോകത്തിനു വേണ്ടിയുള്ള തുടര്‍ച്ചയായ പരിശ്രമത്തിന്റെ ഭാഗമായി വത്തിക്കാന്റെ ആഭിമുഖ്യത്തില്‍ അന്തര്‍ദേശീയ സമ്മേളനം നടത്തും. 'ആണവായുധരഹിത ലോകത്തിനും സമഗ്ര വികസനത്തിനും വേണ്ടിയുള്ള വീക്ഷണങ്ങള്‍' എന്ന പ്രമേയത്തെ ആസ്പദമാക്കി നടക്കുന്ന സമ്മേളനം നവംബര്‍ 10-11 തീയതികളിലായാണ് നടത്തപ്പെടുക. സമഗ്ര മാനവ വികസനത്തെ പ്രോത്സാഹിപ്പിക്കുന്നതിനുവേണ്ടിയുള്ള വത്തിക്കാന്‍ ഡിപ്പാര്‍ട്ടുമെന്റിന്‍റെ ആഭിമുഖ്യത്തിലാണ് സമ്മേളനം നടത്തപ്പെടുക. ഹിരോഷിമ ദുരന്തത്തെ അതിജീവിച്ച സാക്ഷ്യങ്ങള്‍ സമ്മേളനത്തില്‍ പങ്കുവെക്കപ്പെടും.
ന്യൂക്ലിയര്‍ നിരായുധീകരണത്തിനു വേണ്ടിയുള്ള യു. എന്‍ സമ്മേളനത്തിനു കഴിഞ്ഞ മാര്‍ച്ചില്‍ നല്‍കിയ സന്ദേശത്തില്‍ ആവര്‍ത്തിച്ചുറപ്പിച്ച വാഗ്ദാനം നിറവേറ്റുന്നതിനാണ് ഈ മഹത്തായ സമ്മേളനത്തിലൂടെ പാപ്പാ പരിശ്രമിക്കുന്നതെന്ന്‍ വത്തിക്കാന്‍ മാധ്യമ കാര്യാലയത്തിന്‍റെ ഡയറക്ടര്‍ ഗ്രെഗ് ബര്‍ക്ക് പറഞ്ഞു. 'ആണവായുധങ്ങളെ 'മാനവസമൂഹത്തിന്‍റെ ആത്മഹത്യയിലേയ്ക്കുള്ള അപകടസാധ്യത' എന്നാണു ഫ്രാന്‍സിസ് പാപ്പാ വിശേഷിപ്പിക്കുന്നതെന്നും അദ്ദേഹം സ്മരിച്ചു.
കഴിഞ്ഞ സെപ്തംബറില്‍ ഒപ്പുവച്ച ന്യൂക്ലിയര്‍ ആയുധ നിരോധന കരാറിനെ ഊട്ടിയുറപ്പിക്കുക എന്ന ലക്ഷ്യവുമായി നടത്തുന്ന സമ്മേളനം ആണവയുദ്ധത്തിന്‍റെ സങ്കീര്‍ണതയിലായിരിക്കുന്ന ലോകത്തില്‍ ഏറെ പ്രാധാന്യമര്‍ഹിക്കുന്നുവെന്ന് സമഗ്ര മാനവ വികസനത്തെ പ്രോത്സാഹിപ്പിക്കുന്നതിനുവേണ്ടിയുള്ള വത്തിക്കാന്‍ വിഭാഗം കാര്യാലയത്തിന്‍റെ അണ്ടര്‍ സെക്രട്ടറി ഫ്ലമീനിയ ജൊവനേല്ലി അഭിപ്രായപ്പെട്ടു. സമ്മേളനത്തില്‍ അന്താരാഷ്ട്രസമൂഹത്തെ പ്രതിനിധാനം ചെയ്തുകൊണ്ട് വിദഗ്ധരും നോബേല്‍ സമ്മാന ജേതാക്കളും സംസാരിക്കും.