News - 2025
ന്യൂയോര്‍ക്ക് ഭീകരാക്രമണം: ഫ്രാന്‍സിസ് പാപ്പ ദുഃഖം പ്രകടിപ്പിച്ചു
സ്വന്തം ലേഖകന്‍ 02-11-2017 - Thursday
വത്തിക്കാന്‍ സിറ്റി/ ന്യൂയോര്‍ക്ക്: അമേരിക്കയിലെ മാന്‍ഹാട്ടനില്‍ നടന്ന ഭീകരാക്രമണത്തില്‍ ഫ്രാന്‍സിസ് പാപ്പ ദുഃഖം പ്രകടിപ്പിച്ചു. ഇന്നലെ സകലവിശുദ്ധരുടെ തിരുനാള്‍ ദിനത്തിലാണ് അക്രമ സംഭവത്തിലുള്ള തന്റെ വേദന പാപ്പ പ്രകടിപ്പിച്ചത്. വത്തിക്കാനില്‍ സമ്മേളിച്ച തീര്‍ത്ഥാടകര്‍ക്കും സന്ദര്‍ശകര്‍ക്കുമൊപ്പം ത്രികാല പ്രാര്‍ത്ഥനയുടെ അന്ത്യത്തില്‍ ഭീകരരുടെ മാനസാന്തരത്തിനായി പാപ്പ പ്രത്യേകം പ്രാര്‍ത്ഥിച്ചു. സൊമാലിയ, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ ഏതാനും ദിവസങ്ങള്‍ക്കു മുന്‍പു നടന്ന ഭീകരാക്രമണങ്ങളെയും പാപ്പാ അപലപിച്ചു.
നീചമായ അക്രമസംഭവങ്ങളില്‍ താന്‍ ഏറെ ദുഃഖാര്‍ത്തനാണെന്നും, മരിച്ചവര്‍ക്കുവേണ്ടിയും, അവരുടെ കുടുംബങ്ങള്‍ക്കുവേണ്ടിയും, മുറിവേറ്റവര്‍ക്കുവേണ്ടിയും പ്രാര്‍ത്ഥിക്കുന്നുവെന്നും വത്തിക്കാനില്‍ സമ്മേളിച്ച ആയിരങ്ങളോട് പാപ്പ പറഞ്ഞു. വെറുപ്പിലും വിദ്വേഷത്തില്‍നിന്നും ലോകത്തെ മോചിക്കാനും, ദൈവത്തിന്‍റെ പേരില്‍ ചെയ്യുന്ന ക്രൂരതകള്‍ ഇല്ലാതാക്കി സമാധാനം വളര്‍ത്തുന്നതിനും ദൈവം ഭീകരരുടെ ഹൃദയങ്ങളെ തൊട്ടു സൗഖ്യപ്പെടുത്താന്‍ എല്ലാവരും പ്രാര്‍ത്ഥിക്കണമെന്ന് ത്രികാലപ്രാര്‍ത്ഥനയുടെ അന്ത്യത്തില്‍ പാപ്പാ അഭ്യര്‍ത്ഥിച്ചു.
ഇന്ത്യന്‍ സമയം ഇന്നലെ രാവിലെയാണ് വേൾഡ് ട്രേഡ് സെന്ററിനു സമീപം സൈക്കിൾ പാതയിലേക്കു ട്രക്ക് ഓടിച്ചുകയറ്റി ഐഎസ് അനുഭാവിയായ ഭീകരന്‍ എട്ടുപേരെ കൊലപ്പെടുത്തിയത്. നഗരത്തിൽ ഹാലോവിൻ ആഘോഷത്തിനിടെ, മാന്‍ഹാട്ടനു പടിഞ്ഞാറു തിരക്കേറിയ വെസ്റ്റ് സൈഡ് ഹൈവേയിലാണ് ആക്രമണം. 9/11നു ശേഷം ന്യൂയോർക്കിലുണ്ടായ വലിയ ഭീകരാക്രമണമാണിത്. ആദ്യം നടപ്പാതയിലേക്കു പാഞ്ഞുകയറിയ ട്രക്ക് പിന്നീടു സൈക്കിൾ പാതയിലേക്ക് ഓടിച്ചു കയറ്റുകയായിരുന്നു. അമേരിക്ക അടക്കമുള്ള പാശ്ചാത്യ രാജ്യങ്ങളിൽ ആക്രമണം നടത്താൻ ഐസിസ് നേരത്തെ തങ്ങളുടെ അനുയായികളോട് ആവശ്യപ്പെട്ടിരുന്നു.