News

ഹാലോവീൻ ഹോളിവീനാക്കി മാറ്റി കവെൻട്രിയിലും ഷെഫീൽഡിലും ഒരുപറ്റം കുരുന്നുകൾ

ബാബു ജോസഫ് 02-11-2017 - Thursday

ബർമിങ്ഹാം: ദൈവികേതര സങ്കല്പങ്ങളുടെയും പൈശാചികതയുടെയും പ്രതിരൂപമായ യൂറോപ്പിലെ ഹാലോവീൻ ആഘോഷത്തെ കത്തോലിക്കാ സഭയുടെ പരമാധ്യക്ഷൻ ഫ്രാൻസിസ് മാർപാപ്പയുടെ ആഹ്വാനപ്രകാരം "ഹോളിവീൻ"ആഘോഷമാക്കിമാറ്റിക്കൊണ്ട് ബർമിങ്ഹാം കവെൻട്രി സെന്റ്‌ ജൂഡ് യൂണിറ്റിലെ കുട്ടികൾ പുതിയ തുടക്കം കുറിച്ചു. യൂണിറ്റിലെ മുതിർന്നവരുടെ നിർദ്ദേശാനുസരണം ഒക്ടോബർ ഒന്നുമുതൽ എല്ലാദിവസവും മുഴുവൻ കുട്ടികളും ഒരുമിച്ചുകൂടി വിവിധ ഭവനങ്ങൾ കേന്ദ്രീകരിച്ച്‌ ജപമാല ചൊല്ലി പ്രാർത്ഥന നടത്തിയിരുന്നു.

ഹാലോവീൻ ദിവസമായ ഒക്ടോബര്‍ 31നു ഹോളിവീനായി ആചരിച്ചുകൊണ്ട് യൂണിറ്റിലെ മുതിർന്നവർ വെള്ളവസ്ത്രം ധരിച്ചപ്പോൾ കുട്ടികൾ വിശുദ്ധരുടെയും മാലാഖാമാരുടെയും വേഷവിധാനങ്ങളോടെ വീടുകളിൽ എത്തി ഒരുമിച്ച്‌ ജപമാലപ്രാർത്ഥന നടത്തി.

ഫാ.സോജി ഓലിക്കൽ നേതൃത്വം നൽകുന്ന രണ്ടാം ശനിയാഴ്ച്ച കൺവെൻഷനിൽ കഴിഞ്ഞമാസം കുട്ടികൾ ഹോളിവീൻ ആചരണം നടത്തിയതും കുട്ടികൾക്ക് പ്രചോദനമായി. ഒക്ടോബർ 28 ന് മലയാളം സീറോ മലബാർ കുർബാനയ്ക്ക് ഷെഫീൽഡിലെ കുട്ടികൾ ഹോളിവീൻ ആചരണം നടത്തി. റവ.ഫാ.മാത്യു മുളയോലിൽ ശുശ്രൂഷകൾക്ക് നേതൃത്വം നൽകി .പങ്കെടുത്ത എല്ലാ കുട്ടികൾക്കും ഇടവക സമൂഹം പ്രത്യേക സമ്മാനങ്ങളും നൽകി .


Related Articles »