India - 2025

ലിറ്റര്‍ജിക്കല്‍ റിസര്‍ച്ച് സെന്റര്‍ സംഘടിപ്പിക്കുന്ന സെമിനാര്‍ കാക്കനാട് മൗണ്ട് സെന്റ് തോമസില്‍

സ്വന്തം ലേഖകന്‍ 08-11-2017 - Wednesday

കൊച്ചി: സീറോമലബാര്‍ സഭയുടെ ഗവേഷണ പഠനക്രേന്ദമായ ലിറ്റര്‍ജിക്കല്‍ റിസര്‍ച്ച് സെന്റര്‍ (എല്‍ആര്‍സി) സംഘടിപ്പിക്കുന്ന 54ാമത് സെമിനാര്‍ കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ നടക്കും. 24ന് രാവിലെ 10 ന് ആരംഭിച്ച് 26ന് കാഞ്ഞൂര്‍ സെന്റ് മേരീസ് ഫൊറോന പള്ളിയില്‍ നടക്കുന്ന 'ഹെറിറ്റേജ് ആര്‍ട് എക്‌സ്‌പോ'യോടുകൂടി സെമിനാര്‍ സമാപിക്കും. എല്‍ആര്‍സി ചെയര്‍മാന്‍ ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്യും. ബിഷപ് മാര്‍ റെമിജീയോസ് ഇഞ്ചനാനിയില്‍ അധ്യക്ഷനാകും. മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അനുഗ്രഹപ്രഭാഷണം നടത്തും.

കേരളത്തിലെ പുരാതന ദേവാലയ നിര്‍മിതി, കലാരൂപങ്ങള്‍, പൈതൃകസംരക്ഷണം,ക്രൈസ്തവ പാരമ്പര്യ സംസ്‌കൃതി, ദേവാലയങ്ങളിലെ പുരാതനകലകള്‍, ഛായാചിത്രങ്ങള്‍, വാസ്തുശില്പങ്ങള്‍, ഐക്കണ്‍സ് എന്നിങ്ങനെ വിവിധ വിഷയങ്ങള്‍ സെമിനാറില്‍ പഠനവിധേയമാക്കും. ഡോ. എന്‍.ജെ.ഫ്രാന്‍സീസ്, പ്രഫ. ജോര്‍ജ് മേനാച്ചേരി, കെ.കെ.മുഹമ്മദ്, ഡോ.സുനില്‍ എഡ്വേര്‍ഡ്, ഡോ.സുമം പഞ്ഞിക്കാരന്‍, ദര്‍ശന പഴവൂര്‍, ഫാ. ആന്റണി നങ്ങേലിമാലില്‍, ഫാ. റോയി തോട്ടത്തില്‍, ഫാ. ജോസഫ് ചെറുവത്തൂര്‍, ഫാ. ജേക്കബ് കോരോത്ത്, ഫാ. ജോര്‍ജ് കുരിശുംമൂട്ടില്‍, തോമസ് ജോര്‍ജ് കണ്ടത്തില്‍ എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും.

26 ന് സെമിനാറില്‍ സംബന്ധിക്കുന്ന പ്രതിനിധികളും കലാകാരന്‍മാരും ഹെറിറ്റേജ് ആര്‍ട് എക്‌സ്‌പോ'യില്‍ ഒത്തുചേരും. സീറോമലബാര്‍ ഹെറിറ്റേജ് ആന്‍ഡ് റിസര്‍ച്ച് സെന്ററിന്റെ പ്രഥമസംരംഭമായ ഹെറിറ്റേജ് ആര്‍ട് എക്‌സ്‌പോ ചിത്രകാരന്‍ ഫ്രാന്‍സീസ് കോടങ്കണ്ടത്ത് ഉദ്ഘാടനം ചെയ്യും. എല്‍ആര്‍സി ബോര്‍ഡ് മെമ്പര്‍ ബിഷപ് മാര്‍ ടോണി നീലങ്കാവില്‍ അനുഗ്രഹപ്രഭാഷണം നടത്തും. ഫൊറോന വികാരി റവ. ഡോ. വര്‍ഗീസ് പൊട്ടയ്ക്കല്‍ സ്വാഗതം ആശംസിക്കും. എറണാകുളംഅങ്കമാലി അതിരൂപത പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി സിജോ പൈനാടത്ത് കാഞ്ഞൂര്‍ പള്ളിയുടെ ചരിത്രവും പൗരാണികതയും പരിചയപ്പെടുത്തും.

പ്രശസ്ത കലാകാരന്‍മാരെയും ചിത്രകാരന്‍മാരെയും പങ്കെടുപ്പിച്ച് കേരളത്തിലെ ചരിത്രപ്രധാന ദേവാലയങ്ങളുടെ പുരാതനത്വത്തിലേക്ക് വെളിച്ചം വീശുന്ന ചിത്രരചനാവിരുന്ന് ഭാവിതലമുറയ്ക്കായി ഒരുക്കുകയെന്നതാണ് ഹെറിറ്റേജ് ആര്‍ട് എക്‌സ്‌പോ'യിലൂടെ വിഭാവനം ചെയ്യുന്നതെന്ന് റവ. ഡോ. പീറ്റര്‍ കണ്ണന്പുഴ പറഞ്ഞു. പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ മുന്‍കൂട്ടി പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. വിശദ വിവരങ്ങള്‍ക്ക് ഫോണ്‍: 9497324768, 0484 2425727.

ഇമെയില്‍: lrcsyromalabar@gmail.com.


Related Articles »