News - 2025
നൈജീരിയായില്‍ നിന്ന് തട്ടിക്കൊണ്ട് പോയ കന്യാസ്ത്രീകള്‍ മോചിതരായി
സ്വന്തം ലേഖകന്‍ 15-11-2017 - Wednesday
അബൂജ: നൈജീരിയൻ തലസ്ഥാനമായ അബൂജയിലേക്കുള്ള യാത്രാമദ്ധ്യേ അജ്ഞാത സംഘം തട്ടിക്കൊണ്ട് പോയ കന്യാസ്ത്രീകള്‍ മോചിതരായി. കഴിഞ്ഞ ഞായറാഴ്ചയാണ് പരിശുദ്ധ അമ്മയുടെ നാമധേയത്തിലുള്ള കരുണയുടെ പുത്രിമാർ സഭാംഗങ്ങളായ മദർ സുപ്പീരിയർ സിസ്റ്റര്‍ ഏഞ്ചലീൻ ഉമ്മേസുരികേ, സി.അമാബിലിസ് ഒണോഹ, സി.കേറ്റ് ന്യൂവേക്ക് എന്നിവരെയും ഇവരുടെ വാഹനത്തിന്റെ ഡ്രൈവറെയും അജ്ഞാതസംഘം തട്ടിക്കൊണ്ട് പോയത്. ഇവര്‍ മോചിതരായ കാര്യം 'ഡോറ്റേഴ്സ് ഓഫ് മേരി മദര്‍ ഓഫ് മേഴ്സി' സമൂഹത്തിലെ സിസ്റ്റര്‍ ചിലി ഒകോകൊയാണ് സ്ഥിരീകരിച്ചത്.
സന്യസ്ഥരുടെ തിരോധാനത്തെ തുടർന്ന് പ്രാര്‍ത്ഥിച്ച എല്ലാവര്ക്കും നന്ദി അറിയിക്കുന്നതായും യേശു നാമം മഹത്വപ്പെടട്ടെയെന്നും സിസ്റ്റര്‍ ചിലി ഒകോകൊ പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നു. സാന്‍ ബെര്‍ണാര്‍ഡിനോ രൂപതയുടെ കീഴില്‍ ശുശ്രൂഷ ചെയ്തിരിന്ന കന്യാസ്ത്രീകളെയായിരിന്നു അജ്ഞാതര്‍ തട്ടിക്കൊണ്ട് പോയത്. കന്യാസ്ത്രീകള്‍ മോചിതരായെങ്കിലും തട്ടിക്കൊണ്ടു പോയതിന് പിന്നിൽ ഏതു സംഘടനയാണെന്നു സംബന്ധിച്ച വിവരങ്ങള്‍ ഇതുവരെ പുറത്തുവന്നിട്ടില്ല.