News - 2024

ബംഗ്ലാദേശ് സന്ദർശനത്തിനിടെ മാർപാപ്പ പതിനാറ് ഡീക്കന്മാർക്ക് തിരുപട്ടം നൽകും

സ്വന്തം ലേഖകന്‍ 14-11-2017 - Tuesday

ധാക്ക: ഫ്രാൻസിസ് പാപ്പയുടെ ബംഗ്ലാദേശ് സന്ദർശനത്തിനിടയിൽ പതിനാറ് ഡീക്കന്മാർക്ക് പൗരോഹിത്യ പദവി നൽകും. ഡിസംബർ ഒന്നിന് തലസ്ഥാന നഗരമായ ധാക്കയിലെ സഹരവാർഡി ഉദ്യാനിലെ തുറന്ന വേദിയിലാണ് മാര്‍പാപ്പയുടെ ആഭിമുഖ്യത്തില്‍ പൗരോഹിത്യ അഭിഷേക ശുശ്രൂഷകൾ നടക്കുക. ദിവ്യബലിയിൽ പതിനായിരത്തോളം വരുന്ന വിശ്വാസികളുടെ സാന്നിധ്യമാണ് പ്രതീക്ഷിക്കുന്നത്. നവംബർ ഇരുപത്തിയേഴ് മുതൽ ഡിസംബർ രണ്ട് വരെയാണ് മാർപാപ്പയുടെ ബംഗ്ലാദേശ്- മ്യാന്‍മര്‍ സന്ദര്‍ശിക്കുന്നത്.

ബംഗ്ലാദേശിലെ ഏക സെമിനാരിയായ ഹോളി സ്പിരിറ്റ് സെമിനാരിയിൽ നിന്നും പഠനം പൂർത്തിയാക്കിയവരാണ് 16 ഡീക്കന്മാരും. ഇവരിൽ പത്തു പേർ രൂപത വൈദികരായും അഞ്ചു പേർ ഹോളിക്രോസ് കോണ്‍ഗ്രിഗേഷന്‍ സഭയിലെ വൈദികരായും ഒരാൾ വിമലഹൃദയ സഭാംഗമായുമാണ് അഭിഷിക്തരാകുക. പൗരോഹിത്യ സ്വീകരണത്തിന് ഡീക്കന്മാര്‍ ആത്മീയമായി ഒരുങ്ങിയെന്നും നവംബർ പതിനാല് മുതൽ ഇരുപത് വരെയുള്ള പ്രാർത്ഥന ശുശ്രൂഷകൾ വഴി അവർ അഭിഷേകത്താൽ നിറയുമെന്നും സെമിനാരി റെക്ടർ ഫാ. ഇമ്മാനുവേൽ കാനോൺ റൊസാരിയോ പറഞ്ഞു.

തിരുപ്പട്ട സ്വീകരണത്തിലൂടെ കത്തോലിക്ക സഭയിൽ പൗരോഹിത്യത്തിന്റെ വിശുദ്ധിയുടെ അടയാളമാകാൻ ഡീക്കന്മാർക്ക് സാധിക്കുമെന്ന പ്രത്യാശയും അദ്ദേഹം ഏഷ്യൻ ന്യൂസിനോട് പങ്കുവെച്ചു. മാർപാപ്പയുടെ സന്ദർശനത്തെയും പരിശുദ്ധ പിതാവിൽ നിന്നും തിരുപ്പട്ടം സ്വീകരിക്കാൻ ലഭിച്ച അവസരത്തെയും ദൈവീക അനുഗ്രഹമായി നോക്കി കാണുന്നുവെന്ന് ഡീക്കൻ ജാഷിം മുർമു ഏഷ്യൻ ന്യൂസിനോട് പറഞ്ഞു. തന്റെ ഗ്രാമത്തിലെ പ്രഥമ പുരോഹിതനായാണ് അദ്ദേഹം അഭിഷിക്തനാകുന്നത്.

മാർപാപ്പയുടെ കൈവെയ്പ്പ് ശുശ്രൂഷ വഴി ലഭ്യമാകുന്ന തിരുപ്പട്ടമെന്ന കൂദാശയ്ക്ക് സഭാനേതൃത്വത്തോട് കടപ്പെട്ടിരിക്കുന്നുവെന്ന് രാജ്ഷാഹി രൂപത ഡീക്കൻ സിസർ കോസ്റ്റ അഭിപ്രായപ്പെട്ടു. തനിക്ക് കൈവന്ന അനുഗ്രഹത്തെയോർത്ത് ദൈവത്തോട് നന്ദി പറയുമെന്നും വൈദിക ദൗത്യം പ്രാർത്ഥനയിൽ ആഴപ്പെട്ട് സുവിശേഷ പ്രഘോഷണത്തിനായി ഉപയോഗിക്കുമെന്നും ഡീക്കൻ ഗ്രേസി റൊസാരിയോ പറഞ്ഞു. അതേസമയം ബംഗ്ലാദേശിലെ ഹോളി സ്പിരിറ്റ് മേജർ സെമിനാരിയിൽ നാനൂറോളം വൈദിക വിദ്യാർത്ഥികളാണ് ഇപ്പോള്‍ പഠനം നടത്തുന്നത്.


Related Articles »