News - 2025
അടുത്തവർഷം ഇന്ത്യ സന്ദർശിക്കാമെന്നു പ്രതീക്ഷിക്കുന്നതായി ഫ്രാൻസിസ് മാർപാപ്പ
സ്വന്തം ലേഖകന് 04-12-2017 - Monday
ജീവിച്ചിരിപ്പുണ്ടെങ്കിൽ 2018 ൽ ഇന്ത്യ സന്ദർശിക്കാൻ കഴിയുമെന്നാണു തന്റെ പ്രതീക്ഷയെന്നു ഫ്രാൻസിസ് മാർപാപ്പ. ഇന്ത്യയും ബംഗ്ലാദേശും ഇത്തവണ സന്ദർശിക്കാനായിരുന്നു പദ്ധതിയിട്ടിരുന്നതെങ്കിലും ഇന്ത്യാ സന്ദർശനത്തിന്റെ നടപടിക്രമങ്ങൾ നീണ്ടുപോയതിനാൽ, ബംഗ്ലാദേശും അടുത്തുള്ള മ്യാൻമറും തെരഞ്ഞെടുക്കാൻ നിർബന്ധിതനാവുകയായിരുന്നു എന്നു മാർപാപ്പ പറഞ്ഞു. ദക്ഷിണേഷ്യയിലെ വിജയകരമായ ആറു ദിവസത്തെ സന്ദർശനം കഴിഞ്ഞ് ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയിൽനിന്നു റോമിലേക്കു മടങ്ങുന്നതിനിടെ ഒപ്പം ഉണ്ടായിരുന്ന മാധ്യമസംഘത്തിന്റെ ചോദ്യങ്ങൾക്കു മറുപടി നൽകുകയായിരുന്നു മാർപാപ്പ.
ഈ വർഷം ഇന്ത്യ സന്ദർശനം നടക്കാതെപോയതു ദൈവീക പദ്ധതിയുടെ ഭാഗമാണെന്നു മാർപാപ്പ പറഞ്ഞു. ഇന്ത്യാ സന്ദർശനം തന്നെ ഒരു മുഴുവൻ പരിപാടിയാണ്. കാരണം, ഇന്ത്യയുടെ തെക്കും വടക്കും വടക്കുകിഴക്കും മധ്യഭാരതവുമെല്ലാം സന്ദർശിക്കേണ്ടതുണ്ട്. അത്രയേറെ വിശാലവും വൈവിധ്യവും നിറഞ്ഞതാണ് ഇന്ത്യൻ സംസ്കാരം. ഈ വർഷം ഇന്ത്യ സന്ദർശിക്കാനായിരുന്നു തന്റെ ശരിക്കുള്ള പരിപാടിയെങ്കിലും നടപടിക്രമങ്ങൾ വൈകിയതുകൊണ്ടാണു നടക്കാതെ പോയതെന്നു മാർപാപ്പ വിശദീകരിച്ചു. സമയം വൈകിയതിനാൽ ബംഗ്ലാദേശും തൊട്ടടുത്തുള്ള മ്യാൻമറും സന്ദർശിക്കാൻ തീരുമാനിക്കുകയായിരുന്നു.
സന്ദർശനം വൈകിച്ചതിന് ഇന്ത്യൻ സർക്കാരിനെ നേരിട്ടു കുറ്റപ്പെടുത്തിയില്ലെങ്കിലും നടപടിക്രമങ്ങൾ വൈകിയതിനാലാണ് ഇന്ത്യ സന്ദർശിക്കാതെ പോയതെന്ന വ്യക്തമായ മറുപടിയാണ് ഫ്രാൻസിസ് പാപ്പ നൽകിയത്. ഇന്ത്യ സന്ദർശിക്കാനുള്ള തന്റെ ആഗ്രഹം മറയില്ലാതെ തുറന്നുപറയാനും മാർപാപ്പ മടിച്ചില്ല. ഇന്ത്യയിലെ സർക്കാരിന്റെ അനുമതിയും ക്രിയാത്മക നടപടികളും മാത്രമാണ് ഇനിയാവശ്യം എന്ന സന്ദേശവും മറുപടിയിലുണ്ട്.