News

ലണ്ടനിൽ അബോര്‍ഷന്‍ ക്ലിനിക്കുകളുടെ പുറത്ത്‌ നടത്തിവരുന്ന ജാഗരണ പ്രാര്‍ത്ഥനകളും പ്രതിഷേധങ്ങളും നിരോധിക്കുവാൻ നീക്കം

സ്വന്തം ലേഖകന്‍ 06-12-2017 - Wednesday

അബോര്‍ഷന്‍ ക്ലിനിക്കുകളുടെ പുറത്ത്‌ നടത്തിവരുന്ന ജാഗരണ പ്രാര്‍ത്ഥനകള്‍ക്കും പ്രതിഷേധങ്ങള്‍ക്കും നിരോധനമേര്‍പ്പെടുത്തുവാനൊരുങ്ങി ലണ്ടനിലെ സൗത്ത്‌വാര്‍ക്ക് കൗൺസിൽ. പ്രൊ-ലൈഫ്‌ പ്രവര്‍ത്തകര്‍ ക്ലിനിക്കുകളില്‍ വരുന്ന സ്ത്രീകളെ ബാനറുകളും, ഒളിക്യാമറകളുമുപയോഗിച്ച് അപമാനിക്കുന്നുവെന്ന ഭ്രൂണഹത്യാനുകൂലികളുടെ അടിസ്ഥാനരഹിതമായ പരാതിയുടെ അടിസ്ഥാനത്തിലാണ് ഈ നീക്കം.

ഇക്കാര്യത്തെ ചൊല്ലി ഈലിംഗ് ആന്‍ഡ്‌ പോര്‍ട്സ്മൗത്ത് സമിതി നടത്തിയ വോട്ടെടുപ്പിനെ തുടര്‍ന്ന് സൗത്ത്‌വാര്‍ക്ക് ബറോ സമിതി കഴിഞ്ഞയാഴ്ച നടത്തിയ വോട്ടെടുപ്പില്‍ അബോര്‍ഷന്‍ ക്ലിനിക്ക്‌ മേഖലകളെ ‘നിഷ്പക്ഷ സംരക്ഷിത’ മേഖലകളായി പ്രഖ്യപിക്കുന്നതിന് അനുകൂലമായാണ് ഭൂരിഭാഗം കൗണ്‍സിലര്‍മാരും വോട്ട് ചെയ്തത്.

അബോര്‍ഷന്‍ ക്ലിനിക്ക്‌ മേഖലകളെ ‘നിഷ്പക്ഷ സംരക്ഷിത’ മേഖലകളായി പ്രഖ്യപിക്കുന്നതിനെക്കുറിച്ച് ഗവണ്‍മെന്റ് ആലോചിക്കണമെന്ന ആഭ്യന്തര സെക്രട്ടറി ആംബര്‍ റഡ്ഢിന്റെ പ്രസ്താവനയെതുടര്‍ന്നാണ് വോട്ടെടുപ്പ് നടന്നത്. ‘ദി ഗുഡ് കൗണ്‍സേല്‍ നെറ്റ് വര്‍ക്ക്‌’ ആണ് ഈലിംഗില്‍ ജാഗരണ പ്രാര്‍ത്ഥനകള്‍ സംഘടിപ്പിച്ചുവന്നിരുന്നത്. എന്നാല്‍ തങ്ങള്‍ സ്ത്രീകളെ അപമാനിച്ചുവെന്ന ആരോപണം ഈ കൂട്ടായ്മയുടെ ഡയറക്ടറായ ക്ലെയര്‍ മക്‌കുള്ളോ ശക്തമായി തന്നെ നിഷേധിച്ചിട്ടുണ്ട്. തങ്ങളുടെ പ്രാര്‍ത്ഥനകളില്‍ പങ്കെടുക്കുന്ന ആരും അബോര്‍ഷന് വരുന്ന സ്ത്രീകളെ അപമാനിക്കുകയോ അവരെ പിന്തുടരുകയോ ചെയ്തിട്ടില്ലെന്ന് ക്ലെയര്‍ മക്‌കുള്ളോ ആഭ്യന്തര സെക്രട്ടറിക്കയച്ച കത്തില്‍ പറയുന്നു.

സമാധാനപരമായി പ്രതിഷേധിക്കുവാന്‍ ഏല്ലാവര്‍ക്കും അവകാശമുണ്ടെന്നിരിക്കേ സൗത്ത്‌വാര്‍ക്ക് ബറോ സമിതിയുടെ ഈ നീക്കം ഏകപക്ഷീയമായിട്ടാണ് വിലയിരുത്തപ്പെടുന്നത്. അനേകം കുരുന്നു ജീവനുകളെ കൊന്നൊടുക്കാൻ പ്രോത്സാഹിപ്പിക്കുന്ന ഇത്തരം നടപടികൾക്കെതിരെ വിശ്വാസികളും മനുഷ്യസ്നേഹികളും ഉണർന്നു പ്രവർത്തിക്കേണ്ടിയിരിക്കുന്നു.


Related Articles »