News - 2025

ഗ്വാഡലൂപ്പ മാതാവിന്റെ സ്മരണയില്‍ ലോസ് ആഞ്ചലസില്‍ ഒരുമിച്ചുകൂടിയത് ആയിരങ്ങള്‍

സ്വന്തം ലേഖകന്‍ 13-12-2017 - Wednesday

ലോസ് ആഞ്ചലസ്: ഗ്വാഡലൂപ്പയിലെ പരിശുദ്ധ കന്യകാമാതാവിന്റെ രൂപം പതിഞ്ഞിട്ടുള്ള മേലങ്കിയുടെ ഭാഗം തിരുശേഷിപ്പായുള്ള ഔര്‍ ലേഡി ഓഫ് ആഞ്ചലസ് കത്തീഡ്രലില്‍ അര്‍പ്പിച്ച പാതിരാകുര്‍ബാനയില്‍ പങ്കെടുത്തത് ആയിരങ്ങള്‍. ഗ്വാഡലൂപിലെ പരിശുദ്ധ മാതാവിന്റെ തിരുനാള്‍ ആഘോഷിക്കുന്ന സുദിനത്തിലാണ് പ്രത്യേക ദിവ്യബലി അര്‍പ്പണം നടന്നത്. അമേരിക്കയില്‍ ഗ്വാഡലൂപ്പ മാതാവിന്റെ തിരുശേഷിപ്പുള്ള ഏക ദേവാലയമാണ് ഔര്‍ ലേഡി ഓഫ് ആഞ്ചലസ് കത്തീഡ്രല്‍.

1940-ല്‍ ഗ്വാഡലൂപയിലേക്ക് തീര്‍ത്ഥാടനം നടത്തിയ ജോണ്‍ കാന്റ്വെല്‍ മെത്രാപ്പോലീത്താക്ക് സമ്മാനമായി ലഭിച്ചതാണ് മാതാവിന്റെ രൂപം പതിഞ്ഞിട്ടുള്ള മേലങ്കിയുടെ അരയിഞ്ച് വലുപ്പം വരുന്ന കഷണം. ഇന്നലെ സായാഹ്നത്തില്‍ അസ്ടെക്ക് മാറ്റാചിനെസ് നൃത്തത്തോടെയായിരുന്നു പരിപാടികളുടെ തുടക്കം. മെക്സിക്കന്‍ പാരമ്പര്യത്തിന്റെ തനിമ വിളിച്ചോതുന്ന പരിപാടികള്‍ വിശ്വാസികള്‍ക്ക് വേറിട്ട കാഴ്ചയാണു സമ്മാനിച്ചത്. രാത്രി പത്തുമണിക്ക് സ്പാനിഷ് ഗായകസംഘത്തിന്റെ അകമ്പടിയോടെ സമൂഹമൊന്നാകെ ജപമാല ചൊല്ലി.

ഇതേ തുടര്‍ന്നാണ് വിശുദ്ധ കുര്‍ബാന അര്‍പ്പണം നടന്നത്. ഭക്തിനിര്‍ഭരമായ വിശുദ്ധ കുര്‍ബാനയ്ക്കു ലോസ് ആഞ്ചലസിലെ മെത്രാപ്പോലീത്തയായ ജോസ് ഗോമെസ് നേതൃത്വം നല്‍കി. തന്നെ സംബന്ധിച്ചിടത്തോളം ഒരിക്കലും മറക്കാനാവാത്ത ഒരു രാത്രിയാണിതെന്ന് ആര്‍ച്ച് ബിഷപ്പ് ജോസ് ഗോമെസ് പറഞ്ഞു. പരിശുദ്ധ കന്യകാമാതാവ് നമ്മളെ സ്നേഹിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്ന യഥാര്‍ത്ഥ അമ്മ തന്നെയാണെന്ന്‍ ഓര്‍മ്മിപ്പിച്ചുകൊണ്ട്, സമീപകാലത്തുണ്ടായ കാട്ടുതീക്കിരയായവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കണമെന്ന്‍ അദ്ദേഹം വിശ്വാസികളോട് ആഹ്വാനം ചെയ്തു.

500 വര്‍ഷങ്ങള്‍ക്ക് മുമ്പ് 1531-ല്‍ മെക്‌സിക്കന്‍ കര്‍ഷകനായ ജുവാന്‍ ഡിഗോയ്ക്ക് നല്‍കിയ പ്രത്യക്ഷപ്പെടലിലൂടെയാണ് പരിശുദ്ധ കന്യകാമറിയം മെക്‌സിക്കന്‍, അമേരിക്കന്‍ ജനതകള്‍ക്കിടയില്‍ ക്രിസ്തീയ വിശ്വാസത്തെ ആഴമായി ഉറപ്പിച്ചത്. 'ഔര്‍ ലേഡി ഓഫ് ഗ്വാഡലൂപ്പെ' എന്ന പേരില്‍ ലോക പ്രശസ്തി നേടിയ പരിശുദ്ധ അമ്മയുടെ പ്രത്യക്ഷപ്പെടല്‍ ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളിലും ലോകമെമ്പാടുമുള്ള കത്തോലിക്ക വിശ്വാസികളുടെ ഇടയിലും വലിയ പ്രതീക്ഷയും, വിശ്വാസതീഷ്ണതയുമാണ് വര്‍ഷങ്ങള്‍ക്ക് ശേഷവും നല്‍കുന്നത്.


Related Articles »