News
വിശ്വാസികള്‍ തന്നെയാണ് സഭ എന്ന് പ്രഘോഷിച്ചുകൊണ്ട് ഗ്രേറ്റ് ബ്രിട്ടണ്‍ സീറോമലബാര്‍ രൂപത
സ്വന്തം ലേഖകന്‍ 13-12-2017 - Wednesday
സഭ എന്നത് കേവലം ഭരണസംവിധാനങ്ങളല്ല, അത് വിശ്വാസികളുടെ സമൂഹമാണ്. അല്ലെങ്കില്‍ അത് വിശ്വാസികള്‍ തന്നെയാണ് എന്ന സത്യം പ്രവര്‍ത്തികളിലൂടെ പ്രഘോഷിക്കുകയായിരുന്നു. കഴിഞ്ഞ ഏതാനും ആഴ്ചകളായി ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപത. രൂപതയുടെ ആദ്യത്തെ 3 ദിവസത്തെ പ്രതിനിധി സമ്മേളനം കഴിഞ്ഞ മാസം നോര്‍ത്ത് വെയില്‍സിലെ കെഫന്‍ലി പാര്‍ക്കില്‍ സമാപിച്ചപ്പോള്‍ അത് 'ഞങ്ങള്‍ തന്നെയാണ് സഭ' എന്ന ആഴമായ ബോധ്യം ഓരോ വിശ്വാസിക്കും സമ്മാനിച്ചു.
ഈ സമ്മേളനത്തിൽ വച്ച് അടുത്ത 5 വര്‍ഷത്തേക്ക് രൂപതയില്‍ നടപ്പില്‍ വരുത്തേണ്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്തതും നിര്‍ദ്ദേശിച്ചതും വിശ്വാസികള്‍ തന്നെയായിരുന്നു. വിശ്വാസികളുടെ നിര്‍ദ്ദേശങ്ങള്‍ രൂപത നടപ്പില്‍ വരുത്തുന്നു എന്നതിന്‍റെ തെളിവാണ് പ്രതിനിധി സമ്മേളനത്തിനു ശേഷം പുറത്തിറങ്ങിയ ആദ്യത്തെ ഇടയ ലേഖനം. വിശ്വാസികള്‍ ചര്‍ച്ച ചെയ്തു നിര്‍ദ്ദേശിച്ച കാര്യങ്ങള്‍ തന്നെയാണ് ഈ ഇടയലേഖനത്തില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്.
സഭയുടെ ചരിത്രത്തില്‍ തന്നെ ആദ്യമായിട്ടായിരിക്കും ഇത്തരം ഒരു പ്രതിനിധി സമ്മേളനം വിളിച്ചുകൂട്ടി വിശ്വാസികളുടെ നിര്‍ദ്ദേശങ്ങള്‍ പ്രായോഗിക തലത്തിലേക്ക് കൊണ്ടുവരുന്നത്. ഇത് കത്തോലിക്കാസഭയിലെ മറ്റ് രൂപതകള്‍ക്കും മാതൃകയാക്കാവുന്നതാണ്. ഇത്തരം ഒരു സമ്മേളനം വിളിച്ചുകൂട്ടിയ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കലും, ഇതിനു നേതൃത്വം നല്‍കിയ വൈദികരും പ്രത്യേകം അഭിനന്ദനം അര്‍ഹിക്കുന്നു.
വിശ്വാസികള്‍ നേതൃത്വം നല്‍കിയപ്പോള്‍
മൂന്നു ദിവസത്തെ പ്രതിനിധി സമ്മേളനത്തില്‍ പ്രവാസികളായ വിശ്വാസികള്‍ അവരുടെ ജീവിതത്തില്‍ നേരിട്ടു കൊണ്ടിരിക്കുന്ന ആത്മീയവും ഭൗതികവുമായ നിരവധി പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്തു. സമ്മേളനത്തില്‍ വച്ച്, കുട്ടികളുടെയും യുവാക്കളുടെയും ദമ്പതികളുടെയും കുടുംബങ്ങളുടെയും ഇടവകകളുടെയും പ്രശ്നങ്ങള്‍ പഠിക്കുന്നതിനും അവയ്ക്കുള്ള പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നതിനുമായി അല്‍മായര്‍ തന്നെ നേതൃത്വം നല്‍കുന്ന നിരവധി കമ്മറ്റികള്‍ രൂപീകരിച്ചു. യു.കെ.യുടെ നാനാഭാഗങ്ങളില്‍ നിന്നും എത്തിച്ചേര്‍ന്ന വിശ്വാസികള്‍ പ്രാദേശികവും വ്യക്തിപരവുമായ നിരവധി മേഖലകള്‍ ചര്‍ച്ച ചെയ്തു.
തകര്‍ന്നു പോകുന്ന കുടുംബബന്ധങ്ങളും വഴിതെറ്റിപ്പോകുന്ന പുതിയ തലമുറയും, ജോലിസ്ഥലത്തെ പിരിമുറുക്കങ്ങളും മൂലം പ്രവാസികളായ വിശ്വാസികള്‍ നേരിട്ടു കൊണ്ടിരിക്കുന്ന ആത്മസംഘര്‍ഷങ്ങള്‍ ഈ സമ്മേളനത്തിൽ ചർച്ചചെയ്തു. യേശുക്രിസ്തുവിലുള്ള അടിയുറച്ച വിശ്വാസത്തിലൂടെ മാത്രമേ ഈ പ്രശ്നങ്ങളെ തരണം ചെയ്യുവാന്‍ സാധിക്കൂ എന്നും, ഇക്കാര്യത്തില്‍ ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയുടെ സാന്നിധ്യം വലിയ അനുഗ്രഹമായിരിക്കുമെന്നുള്ള പ്രത്യാശയാണ് ഓരോ വിശ്വാസിയും പങ്കുവച്ചത്. നിരവധി ചര്‍ച്ചകള്‍ക്കു ശേഷം ഓരോ കമ്മറ്റിയും അവരുടെ നിര്‍ദ്ദേശങ്ങള്‍ പ്രതിനിധി സമ്മേളനത്തില്‍ അവതരിപ്പിച്ചു.
റീജിയന്‍ തിരിച്ചുള്ള ചര്‍ച്ചകള്‍
ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതയുടെ 8 റീജിയനുകളിലും നിന്നു വന്ന വിശ്വാസികള്‍ പ്രത്യേകം ഗ്രൂപ്പുകളായി നടത്തിയ ചര്‍ച്ചകളില്‍ നിറഞ്ഞു നിന്നത് പുതിയ ഇടവകകളുടെയും മിഷനുകളുടെയും രൂപീകരണത്തെക്കുറിച്ചായിരുന്നു. പുതിയ ഇടവകകളും മിഷനുകളും രൂപീകരിക്കുമ്പോള്‍ അത് വിശ്വാസികള്‍ക്ക് ഏറെ പ്രയോജനകരമായിരിക്കും എന്ന അഭിപ്രായമാണ് ചര്‍ച്ചയിലുടനീളം ഉയര്‍ന്നുനിന്നത്. ചില പ്രായോഗിക ബുദ്ധിമുട്ടുകള്‍ ഉണ്ടെങ്കിലും ഇത്തരം പുതിയ സംവിധാനങ്ങള്‍ കുടുംബങ്ങള്‍ക്കും കുട്ടികള്‍ക്കും വിശ്വാസത്തില്‍ കൂടുതല്‍ ആഴപ്പെടുന്നതിനു കാരണമാകും എന്ന അഭിപ്രായമാണ് ഭൂരിഭാഗംപേരും പങ്കുവച്ചത്. ചെറിയ കുര്‍ബ്ബാന സെന്‍ററുകള്‍ ഒരുമിപ്പിച്ച് വലിയ ഇടവകകളും മിഷനുകളുമായി ഉയര്‍ത്തപ്പെടുമ്പോള്‍ അത് വിശ്വാസികളുടെ വലിയ കൂട്ടായ്മയ്ക്കു കാരണമാകുമെന്നും, അത് വിശ്വാസികളുടെ ആത്മീയ ജീവിതത്തിനു മാത്രമല്ല സാമൂഹ്യജീവിതത്തിനും ശക്തി പകരുമെന്നും പൊതുവേ അഭിപ്രായമുയര്‍ന്നു.
ഈ ചര്‍ച്ചകള്‍ക്കും നേതൃത്വം നല്‍കിയത് അല്‍മായര്‍ തന്നെയായിരുന്നു. തുടര്‍ന്ന് ഓരോ റീജിയനുകളും അവരുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും പ്രതിനിധി സമ്മേളനത്തില്‍ അവതരിപ്പിച്ചു. ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതയുടെ ഇപ്പോള്‍ നിലവിലുള്ള നൂറ്റിഎഴുപതോളം കുര്‍ബ്ബാന സെന്‍ററുകള്‍ക്കു വേണ്ടിയുള്ള പുതിയ സംവിധാനങ്ങളില്‍, വെറും രണ്ടു കുര്‍ബ്ബാന സെന്‍ററുകള്‍ ഒഴികെ ബാക്കി എല്ലാവരും പുതിയ സംവിധാനങ്ങളെ സന്തോഷത്തോടെയാണ് സ്വീകരിച്ചത്. ഇത് ബ്രിട്ടണിലെ സീറോമലബാര്‍ വിശ്വാസികള്‍ അവര്‍ക്ക് ലഭിച്ച രൂപതയെയും അതിന്‍റെ പുതിയ സംവിധാനങ്ങളെയും അവരുടെ ഹൃദയത്തില്‍ ഏറ്റുവാങ്ങി എന്നതിന്‍റെ ഏറ്റവും വലിയ തെളിവായിരുന്നു. പുതിയ സംവിധാനങ്ങള്‍ വിശ്വാസജീവിതത്തിലെ ഉന്നതമായ ഭാവി ലക്‌ഷ്യം വച്ചുള്ളതാണെന്നും അത് പുതിയ തലമുറക്കും ഏറെ ഗുണം ചെയ്യുമെന്നും എല്ലാ റീജിയനുകളും അവതരിപ്പിച്ച റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
വിശ്വാസികളുടെ ഭാരങ്ങള്‍ ഏറ്റെടുക്കുന്ന സഭ
ബ്രിട്ടണ്‍ പോലുള്ള ഒരു രാജ്യത്ത് മൂന്നു ദിവസത്തെ താമസവും ഭക്ഷണവും ഉള്‍പ്പെടുത്തി ഒരു പ്രതിനിധി സമ്മേളനം നടത്തണമെങ്കില്‍ അതിന് വേണ്ടിവരുന്ന ചിലവ് എത്രയോ വലുതായിരിക്കുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ. എന്നാല്‍ മൂന്നു ദിവസത്തെ താമസവും ഭക്ഷണവും തികച്ചും സൗജന്യമായി നല്‍കിക്കൊണ്ട് ആ സാമ്പത്തിക ഭാരം മുഴുവന്‍ രൂപത ഏറ്റെടുക്കുകയാണ് ചെയ്തത്. രൂപതാ നേതൃത്വം വിശ്വാസികളെ എത്രമാത്രം സ്നേഹിക്കുന്നുവെന്നും, അവരുടെ അഭിപ്രായങ്ങളെ എത്രമാത്രം ഉന്നതമായി വിലമതിക്കുന്നുവെന്നും വെളിവാക്കുന്നതായിരുന്നു ഈ പ്രതിനിധി സമ്മേളനം.
അന്താരാഷ്ട്ര നിലവാരത്തിലുള്ള സൗകര്യങ്ങളും, സമ്മേളനത്തിന്‍റെ അടുക്കും ചിട്ടയും ബ്രിട്ടീഷ് സംവിധാനങ്ങളെപ്പോലും അതിശയിപ്പിക്കുന്നതായിരുന്നു എന്നത് പ്രത്യേകം എടുത്തു പറയേണ്ട വസ്തുതയാണ്. രൂപത നിലവില്‍ വന്ന് ഒരു വര്‍ഷം പൂര്‍ത്തിയായപ്പോള്‍ തന്നെ ഇതുപോലെ ഉന്നത നിലവാരത്തിലുള്ള ഒരു പ്രതിനിധി സമ്മേളനം നടത്താന്‍ സാധിച്ചു എന്നതില്‍ രൂപതയ്ക്ക് തീച്ചയായും അഭിമാനിക്കാം.
ക്നാനായ വിശ്വാസികള്‍ക്കായി പ്രത്യേകം മിഷനുകള്‍
കേരളത്തിനു പുറത്ത് സീറോ മലബാര്‍ രൂപതകള്‍ നിലവില്‍ വരുമ്പോള്‍ ക്നാനായ സമുദായത്തില്‍പ്പെട്ട വിശ്വാസികള്‍ക്കായി പ്രത്യേക സംവിധാനങ്ങള്‍ അനുവദിച്ചു നൽകാറുണ്ട്. ഈ പ്രതിനിധി സമ്മേളനത്തില്‍ വച്ച് ക്നാനായ സമുദായത്തില്‍പെട്ട വിശ്വാസികള്‍ക്കായി പ്രത്യേക മിഷനുകളും ഇടവകകളും രൂപീകരിക്കാന്‍ അനുവദിച്ചുകൊണ്ടുള്ള മാര്‍ ജോസഫ് സ്രാമ്പിക്കലിന്‍റെ പ്രഖ്യാപനം യു.കെ.യിലെ ക്നാനായ വിശ്വാസികള്‍ക്ക് ഏറെ സന്തോഷം പകരുന്ന ഒന്നായിരുന്നു. ഫാ. സജി മലയിൽപുത്തൻപുരയിൽ ക്നാനായക്കാരുടെ അധികചുമതലയുള്ള വികാരിജനറാൾ ആണെന്നും, അദ്ദേഹം നിർദ്ദേശിക്കുന്നതനുസരിച്ചു ബ്രിട്ടനിലെ ക്നാനായ കത്തോലിക്കാ സഭാ വിശ്വാസികൾക്കായി പ്രത്യേക മിഷനുകളും ഇടവകകളും രൂപീകരിക്കുമെന്നും പിതാവ് പ്രതിനിധി സമ്മേളനത്തില്‍ അറിയിച്ചു.
ക്നാനായ സമുദായം സീറോ മലബാര്‍ സഭയുടെ അവിഭാജ്യ ഘടകമാണെന്നും അതേസമയം അവര്‍ക്ക് ലോകത്ത് എവിടെയായിരുന്നാലും അവരുടെ പാരമ്പര്യം തുടര്‍ന്നു കൊണ്ടുപോകാനുള്ള അവകാശമുണ്ടെന്നുമുള്ള വ്യക്തമായ സൂചനയാണ് രൂപതാധ്യക്ഷന്‍ ഈ പ്രസ്താവനയിലൂടെ നടത്തിയത്. എല്ലാവരെയും സ്നേഹത്തില്‍ ഒന്നിപ്പിച്ചുകൊണ്ട് ഒരു ആട്ടിന്‍പറ്റവും ഒരു ഇടയനുമായി രൂപതയെ നയിക്കുന്ന അദ്ദേഹത്തിന്‍റെ ഭരണ നൈപുണ്യം പ്രത്യേകം എടുത്തു പറയേണ്ടതാണ്.
വിശ്വാസികളില്‍ ഉണര്‍ത്തിയ പുത്തന്‍ ആവേശം
മൂന്നു ദിവസത്തെ ഈ പ്രതിനിധി സമ്മേളനം വിശ്വാസികളില്‍ ഒരു പുതിയ ഉണര്‍വിനു കാരണമായി എന്നത് വിശ്വാസികളുടെ അഭിപ്രായപ്രകടനങ്ങള്‍ തന്നെ വെളിപ്പെടുത്തുന്നു. സഭ എന്നത് കേവലം ചില ഭരണ സംവിധാനങ്ങളല്ല, അത് വിശ്വാസികള്‍ തന്നെയാണ് എന്ന ഉറച്ച ബോധ്യം ഓരോ വിശ്വാസിക്കും പ്രദാനം ചെയ്യാന്‍ ഈ സമ്മേളനത്തിനു സാധിച്ചു.
സമ്മേളനത്തിലെ ഒഴിവു സമയങ്ങളില്‍ വിശ്വാസികള്‍ക്ക് സ്രാമ്പിക്കല്‍ പിതാവുമായും മറ്റു വൈദികരുമായും കൂടുതല്‍ അടുത്ത് ഇടപഴകുവാനും സ്നേഹം പങ്കുവയ്ക്കുവാനും സാധിച്ചു. ഇത് വലിയൊരു സ്നേഹകൂട്ടായ്മക്കു കാരണമായി, രൂപതാധ്യക്ഷനും വൈദികരും അത്മായവിശ്വാസികളും ഏകമനസ്സോടെ ഒരു ഭവനത്തില്‍ മൂന്നു ദിവസം താമസിച്ച സമയം തീര്‍ച്ചയായും ദൈവാനുഗ്രഹത്തിന്‍റെ നിമിഷങ്ങളായിരുന്നു. ഈ സമ്മേളനത്തിലൂടെ ദൈവം ചൊരിഞ്ഞ അനുഗ്രഹങ്ങള്‍ ഈ രാജ്യവും നമ്മുടെ കുടുംബങ്ങളും തലമുറകളും സ്വീകരിക്കുക തന്നെ ചെയ്യും.