News

മകന്റെ മരണത്തിലും പതറാത്ത അമ്മയുടെ വിശ്വാസസാക്ഷ്യം ലോകത്തിനു മാതൃകയാകുന്നു

സ്വന്തം ലേഖകന്‍ 13-12-2017 - Wednesday

ചെങ്ങന്നൂര്‍: സ്വന്തം മകന്റെ ആകസ്മിക മരണത്തിലും പതറാതെ ക്രിസ്തുവിലുള്ള വിശ്വാസം ഏറ്റുപറഞ്ഞ അമ്മയുടെ വിശ്വാസസാക്ഷ്യം സോഷ്യല്‍ മീഡിയായില്‍ അതിവേഗം പ്രചരിക്കുന്നു. ഇക്കഴിഞ്ഞ ഡിസംബര്‍ 6നു വാഹനാപകടത്തില്‍ മരിച്ച തിരുവല്ല കുറ്റൂര്‍ താഴ്‌ചയില്‍ ജേക്കബ്‌ കുര്യന്‍-മറിയാമ്മ ദമ്പതികളുടെ മകന്‍ വിനു കുര്യന്റെ മൃതസംസ്ക്കാരത്തിന് മുന്‍പ്, യുവാവിന്റെ അമ്മ നടത്തിയ സന്ദേശമാണ് നവമാധ്യമങ്ങളില്‍ അതിവേഗം പ്രചരിക്കുന്നത്.

ഇരുപത്തി അഞ്ചാമത്തെ വയസ്സിലുള്ള തന്റെ മകന്റെ മരണം ദൈവം ആഗ്രഹിച്ച സമയത്തായിരിന്നുവെന്നും ദൈവം അറിയാതെ ഒരു തലമുടി നാര് പോലും കൊഴിയുന്നില്ലായെന്നുമുള്ള ഉള്ളടക്കത്തോടെയുള്ള ആ അമ്മയുടെ സാക്ഷ്യം മൃതസംസ്ക്കാര ശുശ്രൂഷയില്‍ പങ്കെടുക്കുവാന്‍ എത്തിയ ഏതോ വ്യക്തി മൊബൈലില്‍ പകര്‍ത്തുകയായിരിന്നു. ഈ വീഡിയോ കഴിഞ്ഞ ദിവസം പ്രവാചക ശബ്ദം ഫേസ്ബുക്ക് പേജിലും പ്രസിദ്ധീകരിച്ചിരിന്നു. ഇത് വ്യാപകമായി പ്രചരിക്കപ്പെട്ടു.

അന്തരിച്ച വിനുവിന്റെ സഹോദരന്‍ ജോ പ്രസ്തുത സന്ദേശത്തിന്റെ വ്യക്തതയുള്ള ദൃശ്യങ്ങള്‍ ഇന്ന്‍ രാവിലെ സോഷ്യല്‍ മീഡിയായില്‍ പങ്കുവെക്കുകയായിരിന്നു. പതിനാറായിരത്തിലധികം ആളുകളാണ് ഈ വീഡിയോ ഷെയര്‍ ചെയ്തത്. തുടര്‍ന്നു മറ്റ് പേജുകളും ഈ വീഡിയോ ഏറ്റെടുക്കുകയായിരിന്നു. പ്രിയപ്പെട്ട മകന്റെ വേര്‍പ്പാടില്‍ പതറാതെ നിത്യതയെ കേന്ദ്രീകരിച്ചുള്ള ഈ അമ്മയുടെ പ്രത്യാശയുടെ സന്ദേശം ഈ കാലഘട്ടത്തിലെ ശക്തമായ സാക്ഷ്യമാണെന്ന് നിരവധി ആളുകള്‍ സോഷ്യല്‍ മീഡിയായില്‍ കുറിച്ചു.

12 സംസ്‌ഥാനങ്ങളിലൂടെ 3888 കിലോമീറ്റര്‍ ദൂരം സഞ്ചരിച്ച്‌ ലിംകാ ബുക്ക്‌ ഓഫ്‌ റെക്കോഡില്‍ ഇടം നേടിയ ആളാണ് വിനു. സഹോദരനും ബന്ധുവിനുമൊപ്പം ലഡാക്കില്‍നിന്ന്‌ കന്യാകുമാരി വരെ രണ്ടു ദിവസവും അഞ്ചു മണിക്കൂറും കൊണ്ട്‌ കാര്‍ ഓടിച്ച്‌ വിനു നേരത്തെ റെക്കോഡ്‌ സൃഷ്‌ട്ടിച്ചിരിന്നു. ഡിസംബര്‍ 6 നു വിനു സഞ്ചരിച്ച സ്‌കൂട്ടറില്‍ തൃശൂരില്‍നിന്നു തെങ്കാശിക്കുപോയ ടൂറിസ്‌റ്റ്‌ ബസ്‌ ഇടിക്കുകയായിരുന്നു. മൃതദേഹം ശനിയാഴ്‌ച കുറ്റൂര്‍ സെന്റ്‌ മേരീസ്‌ ക്‌നാനായ യാക്കോബായ ജറുസലേം പള്ളിയില്‍ സംസ്‌ക്കരിച്ചു.


Related Articles »