News - 2025
അബോര്‍ഷന്‍ ക്ലിനിക്കുകളുടെ മുന്നില്‍ കരോള്‍ ആവര്‍ത്തിക്കുവാന്‍ പ്രോലൈഫ് സംഘടന
സ്വന്തം ലേഖകന്‍ 14-12-2017 - Thursday
ഷിക്കാഗോ: ക്രിസ്തുമസിനോട് അനുബന്ധിച്ച് അമേരിക്കയിലെ അബോര്‍ഷന്‍ ക്ലിനിക്കുകളുടെ മുന്‍പില്‍ കരോള്‍ സംഘടിപ്പിക്കുവാന്‍ പ്രോലൈഫ് ആക്ഷന്‍ ലീഗ് എന്ന സംഘടന തയാറെടുക്കുന്നു. അമേരിക്കയിലുടനീളമുള്ള 80-ഓളം അബോര്‍ഷന്‍ ക്ലിനിക്കുകളുടെ മുന്‍പില്‍ ഡിസംബര്‍ മുതല്‍ 2018 ജനുവരി ആദ്യവാരം വരെ ക്രിസ്തുമസ് കരോള്‍ സംഘടിപ്പിക്കുവാനാണ് സംഘടന പദ്ധതിയിട്ടിരിക്കുന്നത്. 2003-മുതല്‍ ഭ്രൂണഹത്യക്കെതിരെ “പീസ് ഇന്‍ ദി വോംബ്” എന്ന പേരില്‍ കരോള്‍ സംഘടിപ്പിക്കുന്ന സംഘടന ഷിക്കാഗോ ആസ്ഥാനമായാണ് പ്രവര്‍ത്തിക്കുന്നത്.
പരിപാടിയില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി പ്രൊ ലൈഫ് ആക്ഷന്‍ ലീഗിന്റെ വെബ്സൈറ്റില്‍ “ഒ ലിറ്റില്‍ ടൌണ്‍ ഓഫ് ബെത്ലഹേം”, “വാട്ട് ചൈല്‍ഡ് ഈസ് ദിസ്”, “സൈലന്റ് നൈറ്റ്”, "ഓ കം, ഓ കം ഇമ്മാനുവേല്‍”, "ജോയ് റ്റു ദി വേള്‍ഡ്” തുടങ്ങിയ പ്രസിദ്ധ കരോള്‍ ഗാനങ്ങള്‍ പ്രിന്റ് ചെയ്യുവാന്‍ ഉതകും വിധത്തില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഗര്‍ഭഛിദ്രം നടത്തപ്പെടുന്ന ക്ലിനിക്കുകളുടെ മുന്നില്‍ പ്രോലൈഫ് പ്രവര്‍ത്തകര്‍ പാടിയ കരോള്‍ ഗാനങ്ങള്‍ നിരവധി ദമ്പതികളെ മാനസാന്തരത്തിലേക്ക് നയിച്ചെന്ന റിപ്പോര്‍ട്ട് കഴിഞ്ഞ വര്‍ഷം പുറത്തുവന്നിരിന്നു.
Must Read: അബോര്‍ഷന്‍ ക്ലിനിക്കിന് മുന്നില്‍ കരോള്‍ ഗാനങ്ങളുമായി അവര്‍ ഒത്തുകൂടി: പാപത്തെ തിരിച്ചറിഞ്ഞ ദമ്പതികള്‍ ഗര്‍ഭഛിദ്രം ചെയ്യാതെ മടങ്ങി
പരിശുദ്ധ മറിയത്തേയും, യൌസേപ്പിതാവിനേപ്പോലെയുമുള്ള ദമ്പതികളെയാണെന്ന് ഭ്രൂണഹത്യാനുകൂലികള്‍ ലക്ഷ്യം വെക്കുന്നതെന്ന് പ്രൊ ലൈഫ് ആക്ഷന്‍ ലീഗിന്റെ എക്സിക്യുട്ടീവ് ഡയറക്ടറായ എറിക്ക് ജെ. ഷിഡ്‌ലര്‍ ഒരു ക്രിസ്ത്യന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. അബോര്‍ഷന് വിധിക്കപ്പെട്ട സ്ത്രീകള്‍ക്ക് മാലാഖയുടെ സന്ദേശം പകരുന്നതിനും, ജനങ്ങളെ ബോധവത്കരിക്കുന്നതിനും ഗര്‍ഭഛിദ്രത്തിന് ഇരയാകുന്ന കുട്ടികള്‍ക്ക് വേണ്ടി കൂടിയാണ് തങ്ങള്‍ കരോള്‍ ഗാനങ്ങള്‍ പാടുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രചാരണ പരിപാടികള്‍ വഴി നിരവധി പേര്‍ ഗര്‍ഭഛിദ്രമെന്ന പാപത്തില്‍ നിന്ന്‍ പിന്തിരിഞ്ഞിട്ടുണ്ടെന്ന് ഷീഡ്ലര്‍ പറയുന്നു. 2003-ല്‍ “സൈലന്റ് നൈറ്റ്” എന്ന കരോള്‍ ഗാനം പാടി കഴിഞ്ഞപ്പോള്‍ ഒരു വനിത അബോര്‍ഷന്‍ ചെയ്യുവാനുള്ള തീരുമാനം മാറ്റിയതും, കഴിഞ്ഞ വര്‍ഷം ഏഴ് കുട്ടികളുടെ അമ്മമാര്‍ സംഘടനയുടെ കരോള്‍ ഗാനങ്ങളെ തുടര്‍ന്ന് അബോര്‍ഷന്‍ വേണ്ടെന്ന് വെച്ചകാര്യവും അദ്ദേഹം സ്മരിച്ചു. വര്‍ഷം കഴിയും തോറും പ്രൊലൈഫ് ആക്ഷന്‍ ലീഗിന്റെ വ്യത്യസ്തമായ പ്രചാരണ പരിപാടിക്ക് ജനപ്രിതീ കൂടിക്കൊണ്ടിരിക്കുകയാണ്.