കര്‍ദ്ദിനാള്‍ സ്‌റ്റെഫാനേ കൂടാതെ ജപമാലയുടെ പുരോഹിതന്‍ എന്ന പേരില്‍ അറിയപ്പെടുന്ന ഐറിഷ് വൈദികന്‍ ഫാ. പാട്രിക്ക് പെയ്റ്റൊന്‍റെ വീരോചിത പുണ്യവും വത്തിക്കാന്‍ ഇന്നലെ അംഗീകരിച്ചു. നാമകരണ നടപടികള്‍ക്ക് വേണ്ടിയുള്ള വത്തിക്കാന്‍ തിരുസംഘത്തിന്റെ തലവന്‍ കര്‍ദ്ദിനാള്‍ ആഞ്ചല്ലോ അമാട്ടോയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് പാപ്പ ഇവരുടെ നാമകരണ നടപടികള്‍ക്ക് അംഗീകാരം നല്‍കിയത്.
News
പോളിഷ് കര്‍ദ്ദിനാള്‍ സ്‌റ്റെഫാന്റെ വീരോചിത പുണ്യങ്ങള്‍ അംഗീകരിച്ചു
സ്വന്തം ലേഖകന്‍ 20-12-2017 - Wednesday
വത്തിക്കാന്‍ സിറ്റി: നാസിവാഴ്ചയ്ക്കും കമ്മ്യൂണിസ്റ്റ് സ്വേച്ഛാധിപത്യ വാഴ്ചയ്ക്കുമെതിരേ പോരാടിയ പോളിഷ് കര്‍ദ്ദിനാള്‍ സ്‌റ്റെഫാന്‍ വിഷിന്‍സ്‌കിയുടെ വീരോചിത പുണ്യങ്ങള്‍ വത്തിക്കാന്‍ അംഗീകരിച്ചു. കര്‍ദ്ദിനാളിന്റെ വീരോചിത പുണ്യങ്ങള്‍ അംഗീകരിച്ചുകൊണ്ട് ഇന്നലെ (ചൊവ്വാഴ്ച)യാണ് ഫ്രാന്‍സിസ് മാര്‍പാപ്പ ഡിക്രിയില്‍ ഒപ്പുവെച്ചത്. 1978ല്‍ ജോണ്‍പോള്‍ ഒന്നാമന്റെ മരണശേഷം മാര്‍പാപ്പ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പു സ്വീകരിക്കാന്‍ കര്‍ദ്ദിനാള്‍ കരോള്‍ വൊയ്റ്റീവയെ (ജോണ്‍ പോള്‍ രണ്ടാമന്‍) സമ്മതിപ്പിച്ചതു കര്‍ദ്ദിനാള്‍ വിഷിന്‍സ്‌കിയായിരിന്നു.
1901ല്‍ ജനിച്ച ഇദ്ദേഹം 1946ല്‍ ലുബ്‌ളിനിലെ ബിഷപ്പായി നിയമിക്കപ്പെട്ടു. 1948 മുതല്‍ 81 വരെ വാഴ്‌സോയിലെ ആര്‍ച്ച്ബിഷപ്പും പോളണ്ടിന്റെ പ്രിലേറ്റുമായിരുന്നു അദ്ദേഹം. പോളണ്ടില്‍ കമ്മ്യൂണിസ്റ്റ് വാഴ്ചക്കാലത്തു കത്തോലിക്കാസഭയെ സംരക്ഷിക്കുവാന്‍ നിതാന്ത പരിശ്രമം നടത്തിയ അദ്ദേഹം തന്റെ ദൌത്യത്തെ പ്രതി നിരവധി സഹനങ്ങളാണ് ഏറ്റുവാങ്ങിയത്. 1953ല്‍ പന്ത്രണ്ടാം പിയൂസ് മാര്‍പാപ്പയാണ് ഇദ്ദേഹത്തെ കര്‍ദ്ദിനാള്‍ പദവിയിലേക്കുയര്‍ത്തിയത്.
എന്നാല്‍ കര്‍ദ്ദിനാള്‍ സ്ഥാനം ഏറ്റെടുക്കാന്‍ റോമിലേക്കു പോകുന്നതിനു സര്‍ക്കാര്‍ അനുമതി നിഷേധിച്ചു. പദവിയില്‍ പ്രവേശിക്കുവാന്‍ അദ്ദേഹത്തിന് അഞ്ചുവര്‍ഷം കാത്തിരിക്കേണ്ടിവന്നു. ഇതിനിടെ സര്‍ക്കാര്‍ വിരുദ്ധ പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ട വൈദികരെ വിലക്കാത്തതിന്റെ പേരില്‍ മൂന്നു വര്‍ഷം വീട്ടുതടങ്കലില്‍ കഴിയേണ്ടിവന്നു. 1981 മേയ് 28ന് അദ്ദേഹം ദൈവസന്നിധിയിലേക്ക് യാത്രയായി. എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം 1989ല്‍ നാമകരണ നടപടികള്‍ ആരംഭിക്കുകയായിരിന്നു.