News - 2025

ഓഖി: തിരുവനന്തപുരം ലത്തീന്‍ അതിരൂപതാ വൈദികര്‍ ഒരുമാസത്തെ അലവന്‍സ് സംഭാവന ചെയ്യും

സ്വന്തം ലേഖകന്‍ 22-12-2017 - Friday

തിരുവനന്തപുരം: ഓഖി ദുരിതാശ്വാസ നിധിയിലേക്ക് ആര്‍ച്ച്ബിഷപ്പ് ഉള്‍പ്പെടെ തിരുവനന്തപുരം ലത്തീന്‍ അതിരൂപതയിലെ മുഴുവന്‍ വൈദികരുടെയും ഒരുമാസത്തെ അലവന്‍സ് സംഭാവന ചെയ്യാന്‍ അതിരൂപത വൈദിക സമ്മേളനം തീരുമാനിച്ചു. അതിരൂപതയുടെ ആഭിമുഖ്യത്തില്‍ സംഭാവനയായി സ്വരൂപിച്ച ദുരിതാശ്വാസ നിധിയിലെ മുഴുവന്‍ തുകയും അടിയന്തിരമായി ഓഖി ദുരിത ബാധിത മേഖലയില്‍ ചെലവഴിക്കാനും യോഗം തീരുമാനിച്ചു. യോഗത്തില്‍ ആര്‍ച്ച്ബിഷപ് ഡോ സൂസപാക്യം അദ്ധ്യക്ഷത വഹിച്ചു.

ദുരിത ബാധിതരായവരുടെ പുനരധിവാസത്തിനായി നിയോഗിച്ചിരിക്കുന്ന ഇതര സമിതികളുടെ ഇതുവരെയുള്ള പ്രവര്‍ത്തനങ്ങള്‍ പരിശോധിച്ച് വിലയിരുത്തി പിഴവുകള്‍ പരിഹരിക്കുന്നതിനും ചര്‍ച്ചകളും നിര്‍ദ്ദേശങ്ങളും രൂപപ്പെടുത്തുന്നതിനും യോഗത്തില്‍ തീരുമാനമായി. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ പ്രഖ്യാപിച്ചിട്ടുള്ള ഓഖി ദുരിതാശ്വാസ പാക്കേജുകള്‍ കാലവിളംബം കൂടാതെ അടിയന്തിരമായി നടപ്പിലാക്കണം. ദുരന്തത്തില്‍പ്പെട്ട് കാണാതായവരെ ക്രിസ്മസിനുമുമ്പ് കണ്ടെത്തുമെന്ന പ്രധാനമന്ത്രിയുടെയും സംസ്ഥാന സര്‍ക്കാരിന്റെയും വാഗ്ദാനങ്ങള്‍ പാലിക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാകണമെന്നും യോഗം ആവശ്യപ്പെട്ടു. സഹായമെത്രാന്‍ ഡോ ആര്‍ ക്രിസ്തുദാസ്, വികാരി ജനറല്‍ മോണ്‍ യൂജിന്‍ എച്ച് പെരേര എന്നിവര്‍ പ്രസംഗിച്ചു.


Related Articles »