India - 2024

ഓഖി ദുരന്തത്തിന് ഒരു വര്‍ഷം: ആശ്രയമായി തിരുവനന്തപുരം ലത്തീന്‍ അതിരൂപത

ദീപിക 28-11-2018 - Wednesday

തിരുവനന്തപുരം: തെ​ക്ക​ൻ കേ​ര​ള​ത്തി​ന്‍റെ തീ​ര​ങ്ങ​ളി​ൽ സ​ർ​വ​നാ​ശം വി​ത​ച്ച് നൂറു കണക്കിനു കുടുംബങ്ങളെ അനാഥമാക്കി കടന്നു പോയ ഓഖി ദുരന്തത്തിന് നാളെ ഒരു വര്‍ഷം. ഓഖിയുടെ താണ്ഡവത്തില്‍ ആശയറ്റു കഴിഞ്ഞവര്‍ക്ക് ആശ്വാസവുമായി ആദ്യമെത്തിയത് തിരുവനന്തപുരം ലത്തീന്‍ അതിരൂപതയായിരുന്നു. തമിഴ്‌നാട്ടിലെ തുത്തൂര്‍ മുതല്‍ തിരുവനന്തപുരത്ത് അഞ്ചുതെങ്ങ് വരെയായി 288 പേര്‍ക്കാണ് ഓഖിയില്‍ ജീവാപായം സംഭവിച്ചത്. ദുരന്തത്തില്‍നിന്നു രക്ഷപ്പെട്ടെത്തി രോഗപീഡകളുമായി കഴിയുന്നവരും നിരവധി.

ഓഖിയില്‍ ജീവന്‍ നഷ്ടപ്പെട്ടതത്രയും തിരുവനന്തപുരം അതിരൂപതയില്‍പ്പെട്ടവര്‍ക്കു മാത്രമായിരുന്നു.

ദുരന്തത്തില്‍ പെട്ടവരുടെ കുടുംബങ്ങളെ സാധാരണ ജീവിതത്തിലേക്കു മടക്കിക്കൊണ്ടു വരുന്നതിനായി തിരുവനന്തപുരം അതിരൂപത അഞ്ചു വര്‍ഷം നീളുന്ന വിപുലമായ പുനരധിവാസ പദ്ധതിക്കാണു രൂപം നല്കിയത്. സ്വന്തം നിലയ്ക്കും സര്‍ക്കാര്‍ സഹായത്തോടെയുമുള്ള പദ്ധതികളായിരുന്നു വിഭാവനം ചെയ്തിരുന്നത്. ഇതോടനുബന്ധിച്ച് 100 കോടി രൂപയുടെ ഓഖി പുനരധിവാസ പദ്ധതികള്‍ തിരുവനന്തപുരം ആര്‍ച്ച് ബിഷപ് ഡോ. എം. സൂസപാക്യം പ്രഖ്യാപിച്ചു. സുമനസുകളുടെ സഹായം പ്രതീക്ഷിച്ചു കൊണ്ടായിരുന്നു തീരമക്കളുടെ കണ്ണീരൊപ്പാനുള്ള വിപുലമായ ഈ പദ്ധതികള്‍ക്കു രൂപം നല്‍കിയത്.

ഓഖി പദ്ധതി നടപ്പിലാക്കുന്നതിനായി അതിരൂപതാ ആസ്ഥാനത്ത് വിപുലമായ ഓഫീസ് സംവിധാനത്തിനു തന്നെ രൂപം നല്കി. ആര്‍ച്ച്ബിഷപ് ഡോ. എം. സൂസപാക്യം രക്ഷാധികാരിയായ ഗവേണിംഗ് ബോഡിയാണ് പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച തീരുമാനങ്ങളെടുക്കുന്നത്. ഫാ. തിയോഡേഷ്യസ് ഡിക്രൂസ് കണ്വീഗനറാണ്. ഇതിനു കീഴില്‍ ഒന്പത് ഉപസമിതികള്‍ പ്രവര്‍ത്തിക്കുന്നു.

വിദ്യാഭ്യാസം, ആരോഗ്യം, സാമൂഹ്യം, കുടുംബം, തൊഴില്‍ തുടങ്ങിയ വിവിധ രംഗങ്ങള്‍ക്കായാണ് ഉപസമിതികള്‍. താഴേത്തട്ടിലെത്തുന്ന ആനിമേറ്റര്‍മാര്‍ വരെ ഈ സംവിധാനത്തിലുണ്ട്. ഓരോ കുടുംബത്തിലും എത്തിച്ചേരുന്ന ഈ സംവിധാനത്തിലൂടെയാണ് ഓഖി ദുരന്തബാധിതരിലെ സഹായത്തിന് അര്‍ഹരായവരെ കണ്ടെത്തുന്നതും സഹായങ്ങള്‍ എത്തിക്കുന്നതും. ഇടവകതലത്തില്‍ വരെ സജീവമായ ഈ സംവിധാനത്തിലൂടെ യഥാര്‍ഥ ദുരന്തബാധിതരെ കണ്ടെത്താന്‍ സാധിക്കുന്നു.

ദുരന്തത്തില്‍ മരണമടഞ്ഞവരുടെ കുടുംബങ്ങള്‍ക്ക് അടിയന്തര ധനസഹായം മുതല്‍ കുട്ടികള്‍ക്കുള്ള വിദ്യാഭ്യാസസഹായവും ഭവന നിര്‍മാണ പദ്ധതിയുമെല്ലാം അതിരൂപത ഏറ്റെടുത്തു. ദുരന്തത്തില്‍ ഗുരുതരമായി പരിക്കേറ്റവരുടെ ചികിത്സയും അവരുടെ കുടുംബങ്ങള്‍ക്കു വേണ്ട അടിയന്തര സഹായവും മാനസികാഘാതത്തില്‍ പെട്ടവര്‍ക്കു തുടര്‍ച്ചയായ കൗണ്സാലിംഗുമെല്ലാം ഇതിന്റെ ഭാഗമാണ്.

കഴിഞ്ഞ ഒരു വര്‍ഷം അതിരൂപതയുടെ നേതൃത്വത്തില്‍ നിരവധി പ്രവര്‍ത്തനങ്ങള്‍ നടത്തി. ഇത് ഇപ്പോഴും തുടരുന്നു. കഴിഞ്ഞ ഒരു വര്‍ഷത്തെ പ്രവര്‍ത്തനങ്ങളുടെ സംക്ഷിപ്തരൂപം ചുവടെ:

• ഓഖി ദുരന്തത്തില്‍ പെട്ടു കഷ്ടതയനുഭവിക്കുന്നവരുടെ മക്കളുടെ തുടര്‍വിദ്യാഭ്യാസത്തിനായി പദ്ധതി. ഇതുവരെ 59 വിദ്യാര്‍ഥികള്‍ക്കു സഹായം നല്കിവരുന്നു. പഠനോപകരണ വിതരണം, പരിശീലന പരിപാടികള്‍ തുടങ്ങിയവ നടത്തിവരുന്നു.

• ദുരന്തത്തില്‍ മരണമടയുകയോ കാണാതാകുകയോ ചെയ്ത 288 പേര്‍ക്കും അടിയന്തര ധനസഹായം.

• ദുരന്തബാധിത കുടുംബങ്ങളിലെ പെണ്മഇക്കളുടെ വിവാഹത്തിനു വേണ്ട ധനസഹായം.

• 200 കുടുംബങ്ങളെ സേവ് എ ഫാമിലി പദ്ധതിയില്‍ അംഗങ്ങളാക്കി സ്വയം പര്യാപ്തത കൈവരിക്കുന്നതിനുള്ള ശ്രമങ്ങള്‍. 198 കുടുംബങ്ങള്‍ക്ക് ഓഖി ദുരിതാശ്വാസ ഫണ്ടില്‍നിന്ന് മാസം 1000 രൂപ വീതം. സ്വയം തൊഴില്‍ കണ്ടെത്താന്‍ സഹായം.

• ഭവനരഹിതരായ ദുരന്തബാധിതര്‍ക്കും സമാനസാഹചര്യങ്ങളിലുള്ളവര്‍ക്കും ഭവനവും സ്ഥലവും കണ്ടെത്തുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുന്നു. തുത്തൂരില്‍ മുപ്പതും തിരുവനന്തപുരത്ത് മുപ്പതും വീടുകളുടെ നിര്‍മാണം പൂര്‍ത്തിയായി വരുന്നു.

• ദുരന്തത്തില്‍ മരിക്കുകയോ കാണാതാകുകയോ ചെയ്തവരുടെ ആശ്രിതര്‍ക്കു നല്‍കേണ്ട തൊഴില്‍ സംബന്ധിച്ച് സമ്മതപത്രം തയാറാക്കി സംസ്ഥാന സര്‍ക്കാരിനെ ഏല്‍പ്പിച്ചു.

• ദുരന്തത്തില്‍നിന്നു സാരമായ പരിക്കുകളോടെ രക്ഷപ്പെട്ടു വന്നവര്‍ക്ക് സൗജന്യ ചികിത്സ, ഇന്‍ഷ്വറന്‍സ് കാര്‍ഡ്, അടിയന്തര സാന്പത്തികസഹായം.

• അതിരൂപതയില്‍ നഴ്‌സിംഗ് പഠനം പൂര്‍ത്തിയാക്കിയ മൂന്നു പേര്‍ക്ക് തൊഴില്‍ നല്കി. ഒഴിവു വരുന്ന മുറയ്ക്ക് അര്‍ഹരായവരെ നിയമിക്കാന്‍ നടപടി.

• വിവിധ മത്സ്യഗ്രാമങ്ങളില്‍ ആരോഗ്യ പരിശോധനാ ക്യാന്പുകളും സൗജന്യ മരുന്നു വിതരണവും.

• ഓഖി ദുരന്ത പുനരധിവാസവുമായി ബന്ധപ്പെട്ട് പ്രത്യേക പദ്ധതി തയാറാക്കി കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്കു നല്കി. അവ അംഗീകരിച്ചു നടപ്പിലാക്കാന്‍ വേണ്ട സമ്മര്‍ദം ചെലുത്തി, തുടര്‍പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നു.

• ദുരന്ത ആഘാതത്തിന്റെ കൃത്യവും വ്യക്തവുമായ വിവരങ്ങള്‍ ശേഖരിച്ചു ക്രോഡീകരിച്ച് ബന്ധപ്പെട്ട സര്‍ക്കാര്‍ വകുപ്പുകളുമായി പങ്കുവച്ച് അതിന്മേല്‍ നടപടികള്‍ സ്വീകരിക്കുന്നതിന് ഇടപെടലുകള്‍ നടത്തി വരുന്നു.

• ഓഖി ഫണ്ട് ആയി അതിരൂപത ആകെ സമാഹരിച്ചത് 8,14,20,506 രൂപ. ഇതിനകം ചെലവഴിച്ചത് 7,55,76,256 രൂപ.


Related Articles »