India - 2025
ഓഖി വാര്‍ഷികത്തില്‍ പ്രാര്‍ത്ഥനയുമായി കടലിന്റെ മക്കള്‍
സ്വന്തം ലേഖകന്‍ 30-11-2018 - Friday
തിരുവനന്തപുരം: ഓഖി ദുരന്തത്തിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ചു പ്രാര്‍ത്ഥനകള്‍ക്കായി തിരുവനന്തപുരം വലിയതുറ കടപ്പുറത്തെത്തിയത് നൂറുകണക്കിനാളുകള്‍. വലിയതുറ സെന്റ് ആന്റണീസ് ദേവാലയത്തിന്റെ ആഭിമുഖ്യത്തിലാണ് ഓഖി അനുസ്മരണ പ്രാര്‍ത്ഥന സംഘടിപ്പിച്ചത്. കത്തിച്ച മെഴുതിരികളും കൈകളിലേന്തി കടലിലേക്കു നോക്കി ജപമാല ചൊല്ലി കൊണ്ട് പ്രാര്‍ത്ഥനാ ശുശ്രൂഷകള്‍ ആരംഭിച്ചു. ഓഖി അനുസ്മരണം ക്രിസ്തുവിലുള്ള വിശ്വാസം പ്രഖ്യാപിക്കുന്നതിനുള്ള അവസരമാണ് തരുന്നതെന്നു തിരുവനന്തപുരം ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ്പ് ഡോ.എം. സൂസപാക്യം ഓര്‍മിപ്പിച്ചു.
വലിയതുറ സെന്റ് തോമസ് പള്ളിയില്‍ സംഘടിപ്പിച്ച ഓഖി അനുസ്മരണ പ്രാര്‍ത്ഥനകള്‍ക്കു തിരുവനന്തപുരം ലത്തീന്‍ അതിരൂപത സഹായമെത്രാന്‍ ഡോ.ആര്‍.ക്രിസ്തുദാസ് മുഖ്യകാര്‍മികനായിരുന്നു. ശുശ്രൂഷകള്‍ക്കു വലിയതുറ സെന്റ് ആന്റണീസ് പള്ളി വികാരി ഫാ. മെല്‍ക്കിന്‍, സഹവികാരി ഫാ. സുധീഷ്, പാളയം സെന്റ് ജോസഫ്‌സ് കത്തീഡ്രല്‍ വികാരി മോണ്‍. ടി. നിക്കോളാസ്, കെആര്‍എല്‍സിസി യൂത്ത് കമ്മീഷന്‍ സെക്രട്ടറി ഫാ.പോള്‍ സണ്ണി, മണക്കാട് സഹായമാതാ ഇടവക വികാരി ഫാ.വര്‍ഗീസ് ജോണ്‍, വെള്ളയമ്പലം ലിറ്റില്‍ഫ്‌ളവര്‍ പള്ളി വികാരി ഫാ.ജി.ജോസ്, കെആര്‍എല്‍സിസി വക്താവ് ഷാജി ജോര്‍ജ്, കെഎല്‍സിഎ പ്രസിഡന്റ് ആന്റണി ആല്‍ബര്‍ട്ട്, കെഎല്‍സിഡബ്‌ളിയുഎ അതിരൂപത ജനറല്‍ സെക്രട്ടറി മേരി പുഷ്പം തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
വിഴിഞ്ഞം കടപ്പുറത്ത് പ്രാര്‍ത്ഥനകള്‍ക്കു വിഴിഞ്ഞം ഇടവക വികാരി ഫാ.ജസ്റ്റിന്‍ ജൂഡിന്‍, മോണ്‍. യൂജിന്‍ എച്ച്. പെരേര എന്നിവര്‍ കാര്‍മികത്വം വഹിച്ചു. സീറോ മലങ്കര കത്തോലിക്കാ സഭാ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവയും ഓഖിയില്‍ മരണമടഞ്ഞവര്‍ക്കു സാന്ത്വനമേകുന്നതിന് എത്തിയിരുന്നു.
![](/images/close.png)