News - 2025

ക്രിസ്തുമസ് ആശംസകള്‍ നേര്‍ന്ന് ലോക നേതാക്കള്‍

സ്വന്തം ലേഖകന്‍ 25-12-2017 - Monday

ലണ്ടന്‍: ആഗോള ക്രൈസ്തവ സമൂഹത്തിനു ക്രിസ്തുമസ് ആശംസകള്‍ നേര്‍ന്ന് കൊണ്ട് ലോകനേതാക്കള്‍. എല്ലാ ക്രൈസ്തവ സുഹൃത്തുക്കള്‍ക്കും ക്രിസ്തുമസ് ആശംസകള്‍ നേരുന്നതായി ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു വീഡിയോ സന്ദേശത്തില്‍ പറഞ്ഞു. ഇസ്രായേല്ലിന്റെ പ്രധാനമന്ത്രി ആയിരിക്കുന്നതില്‍ അഭിമാനമുണ്ടെന്നും ജറുസലേം നഗരം പശ്ചാത്തലത്തില്‍ എടുത്ത വീഡിയോയില്‍ അദ്ദേഹം പറഞ്ഞു.

"ജെറുസലേമില്‍ നിന്ന് ക്രിസ്മസ് ആശംസകള്‍. രണ്ട് ശതമാനം വരുന്ന ക്രിസ്ത്യന്‍ ജനതയ്ക്ക് ഇവിടം അഭയസ്ഥാനമാണ്. എനിക്ക് പിന്നില്‍ കാണുന്ന വിശുദ്ധയിടങ്ങളില്‍ ആരാധന നടത്താനുള്ള എല്ലാവരുടെയും അവകാശത്തെ ഞങ്ങള്‍ സംരക്ഷിക്കുന്നു. ഇസ്രയേലിലേക്ക് വരുന്നവര്‍ക്ക് ഞാനൊരു വിനോദസഞ്ചാരം ഒരുക്കും. ഞാന്‍ തന്നെയായിരിക്കും നിങ്ങളുടെ ഗൈഡ്. അടുത്ത ക്രിസ്മസിനാവും അത് യാഥാര്‍ത്ഥ്യമാവുക." നെതന്യാഹു പറഞ്ഞു.

ഏവര്‍ക്കും ഏറെ അഭിമാനത്തോടെ ക്രിസ്തുമസ് ആശംസകള്‍ നേരുന്നതായി അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. വിവിധ രാജ്യങ്ങളില്‍ കഴിയുന്ന അമേരിക്കയുടെ മിലിറ്ററി ട്രൂപ്പുകള്‍ക്കും ട്രംപ് പ്രത്യേക ആശംസ നല്‍കി. ക്രിസ്തുമസ് കാലത്ത് സ്വന്തം കുടുംബങ്ങളില്‍ നിന്ന്‍ മാറിയുള്ള ട്രൂപ്പ് അംഗങ്ങളുടെ സേവനം നന്ദിയോടെ ഓര്‍ക്കുന്നുവെന്നും ആശംസകള്‍ അറിയിക്കുന്നതായും ട്രംപ് വീഡിയോ സന്ദേശത്തില്‍ പറഞ്ഞു.

ഭാരതത്തിന്റെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും രാജ്യത്തെ എല്ലാ ജനങ്ങള്‍ക്കും ക്രിസ്തുമസ് ആശംസകള്‍ നേര്‍ന്നു. ട്വിറ്ററിലാണ് അദ്ദേഹം ആശംസകള്‍ നേര്‍ന്നത്. ക്രിസ്തുവിന്റെ പ്രബോധനങ്ങള്‍ ഓര്‍ക്കുന്ന ഈ ദിനത്തില്‍ സന്തോഷവും സമാധാനവും അഭിവൃദ്ധിയും കൈവരിക്കാന്‍ ഇടയാകട്ടെയെന്നായിരിന്നു പ്രധാനമന്ത്രിയുടെ ട്വീറ്റ്. ഇസ്ളാമിക തീവ്രവാദ സംഘടനകളുടെ ഭീഷണികളുടെ പശ്ചാത്തലത്തില്‍ കനത്തസുരക്ഷയാണ് ക്രിസ്തുമസിനോട് അനുബന്ധിച്ച് യൂറോപ്യന്‍ രാജ്യങ്ങളില്‍ ഒരുക്കിയിരിക്കുന്നത്.


Related Articles »