News - 2024

യേശുവിനെ കൂടാതെ ക്രിസ്തുമസില്ല: സന്ദേശം ആവര്‍ത്തിച്ച് ഫ്രാന്‍സിസ് പാപ്പ

സ്വന്തം ലേഖകന്‍ 28-12-2017 - Thursday

വത്തിക്കാന്‍ സിറ്റി: ക്രിസ്തുമസ് എന്നത് യേശുവിന്റെ തിരുപ്പിറവി തിരുന്നാളിന്‍റെ ആഘോഷമാണെന്നും അവിടുത്തെ കൂടാതെ ക്രിസ്തുമസ് ഇല്ലായെന്നും ആവര്‍ത്തിച്ച് ഫ്രാന്‍സിസ് പാപ്പ. ഇന്നലെ (27/12/2017) ഈ വര്‍ഷത്തെ അവസാനത്തെ പ്രതിവാര പൊതുകൂടിക്കാഴ്ച പരിപാടിയിലാണ് പാപ്പ തന്റെ സന്ദേശം ആവര്‍ത്തിച്ചത്. കഴിഞ്ഞ ആഴ്ചയും പാപ്പ സമാനമായ പ്രസ്താവന നടത്തിയിരിന്നു. യൂറോപ്പില്‍, തിരുപ്പിറവിയുടെ തനിമയ്ക്ക് മങ്ങലേല്‍പ്പിക്കപ്പെടുന്നുവെന്നും യേശുവിന്‍റെ പിറവിയെക്കുറിച്ചുള്ള ഓര്‍മ്മപ്പെടുത്തല്‍ ക്രിസ്തുമസ് ആഘോഷങ്ങളില്‍ നിന്ന്‍ ഇല്ലാതാകുന്നുവെന്ന ആശങ്കയും പാപ്പ തന്റെ സന്ദേശത്തില്‍ പങ്കുവെച്ചു.

യേശുവിനെ കൂടാതെ തിരുപ്പിറവിയില്ല. അവിടുന്നാണ് കേന്ദ്രസ്ഥാനത്തെങ്കില്‍ ചുറ്റുമുള്ള സകലതിലും ഉത്സവാന്തരീക്ഷം സംജാതമാകുന്നു. എന്നാല്‍ യേശുവിനെ നാം മാറ്റിനിറുത്തിയാല്‍, ദീപങ്ങള്‍ അണയുന്നു, സകലവും കപടവും ഉപരിപ്ലവുമായിത്തീരുന്നു. നമ്മെപ്പോലെ മനുഷ്യനായിത്തീരുകയും വിസ്മയകരമാംവിധം സ്വയം വെളിപ്പെടുത്തുകയും ചെയ്ത യേശുവിന്‍റെ പ്രകാശം, അന്വേഷിക്കാനും കണ്ടെത്താനും സുവിശേഷത്തിലെ ആട്ടി‌ടയരെപ്പോലെ നാമും വിളിക്കപ്പെട്ടിരിക്കുന്നു. ആരാലും അറിയപ്പെടാത്ത ഒരു നിര്‍ദ്ധന യുവതിയില്‍ നിന്നാണ് അവിടുന്ന് ജന്മംകൊണ്ടത്. ഒരു കാലിത്തൊഴുത്തില്‍ അവള്‍ ശിശുവിന് ജന്മം നല്‍കി. ലോകം ഒന്നും അറിഞ്ഞില്ല, എന്നാല്‍ സ്വര്‍ഗ്ഗത്തില്‍ ദൈവദൂതര്‍ ആനന്ദിച്ചു.

ഇന്നു നമുക്കു മുന്നില്‍ ദൈവസുതന്‍ അവതരിക്കുന്നതും ഇപ്രകാരം തന്നെയാണ്. കൂരിരുട്ടില്‍ നിശ്ചലമായിരുന്ന നരകുലത്തിന് ദൈവത്തിന്‍റെ ദാനമെന്ന നിലയില്‍ അവിടുന്ന് അവതരിച്ചു. ഇന്നും നരകുലം പലപ്പോഴും ഇഷ്ടപ്പെടുന്നത് ഇരുളാണെന്ന യാഥാര്‍ത്ഥ്യം നാം കാണുന്നു. ആകയാല്‍ യേശുവെന്ന ദൈവിക ദാനം സ്വീകരിക്കുക എന്നതിന്‍റെ അര്‍ത്ഥം എന്താണെന്ന് നമുക്ക് സ്വയം ചോദിക്കാം. അനുദിനം, സ്വന്തം വഴിയില്‍ കണ്ടുമുട്ടുന്നവര്‍ക്ക് സൗജന്യ ദാനമായിത്തീരുക എന്നാണ്. അതുകൊണ്ടാണ് തിരുപ്പിറവിത്തിരുന്നാളില്‍ നാം സമ്മാനങ്ങള്‍ കൈമാറുന്നത്. നമുക്കുള്ള സാക്ഷാല്‍ സമ്മാനം യേശുവാണ്, അവിടുത്തെപ്പോലെ നമ്മളും മറ്റുള്ളവര്‍ക്ക് ദാനമായിത്തീരണം.

ലോകത്തിലെ ശക്തന്മാര്‍ നയിച്ച മാനവചരിത്രത്തെ ദൈവം എപ്രകാരം സന്ദര്‍ശിക്കുന്നുവെന്ന് തിരുപ്പിറവിയില്‍ നമുക്കു കാണാന്‍ സാധിക്കും. സമൂഹത്തിന്‍റെ അതിരുകളിലാക്കപ്പെട്ടവരെ ദൈവം ഇതില്‍ പങ്കുചേര്‍ക്കുന്നു. എളിയവരും പരിത്യക്തരുമായി യേശു സ്ഥാപിച്ച സൗഹൃദം കാലത്തില്‍ തുടരുകയും മെച്ചപ്പെട്ടൊരു ഭാവിയെക്കുറിച്ചുള്ള പ്രത്യാശയെ ഊട്ടി വളര്‍ത്തുകയും ചെയ്യുന്നു. ബത്ലഹേമിലെ ഇടയര്‍ പ്രതിനിധാനം ചെയ്യുന്ന ഇക്കൂട്ടര്‍ക്കാണ് “വലിയ പ്രകാശം പ്രത്യക്ഷമാകുന്നത്”. അവര്‍ മോശമായി കാണപ്പെട്ടവരും അവഗണിക്കപ്പെട്ടവരും ആയിരുന്നു.

അവര്‍ക്കാണ് “വലിയ പ്രകാശം പ്രത്യക്ഷമാകുന്നത്”. ആ വെളിച്ചം അവരെ യേശുവിലേക്കു നയിക്കുന്നു. ദെവം നമുക്കായി നല്കുന്ന സമ്മാനമാണ് യേശു, നാം അവിടത്തെ സ്വീകരിച്ചാല്‍ നമുക്കും മറ്റുള്ളവര്‍ക്കായി, സര്‍വ്വോപരി, കരുതലും വാത്സല്യവും അനുഭവിക്കാന്‍ സാധിക്കാത്തവര്‍ക്കായി, ദാനമായിത്തീരാന്‍ സാധിക്കും. സ്വന്തം ജീവിതത്തില്‍ ഒരിക്കലും തലോടലോ, സ്നേഹത്തിന്‍റെതായ കരുതലോ, വാത്സല്യത്തിന്‍റെ ഒരു പ്രവൃത്തിയോ അനുഭവിക്കാത്തവര്‍ എത്രയേറെയാണ്! അതു ചെയ്യാന്‍ തിരുപ്പിറവി നമ്മെ നിര്‍ബന്ധിക്കുകയാണെന്നും പാപ്പ പറഞ്ഞു. ഏഴായിരത്തില്‍ അധികം വിശ്വാസികളാണ് പാപ്പയുടെ സന്ദേശം ശ്രവിക്കുവാന്‍ ഇന്നലെ എത്തിയത്.


Related Articles »