News - 2024

2018-ലെ 'തെയ്സെ' യുവജന പ്രാര്‍ത്ഥനാസംഗമം മാഡ്രിഡില്‍

സ്വന്തം ലേഖകന്‍ 05-01-2018 - Friday

സൂറിച്ച്: കത്തോലിക്ക, ഓര്‍ത്തഡോക്സ്, പ്രൊട്ടസ്റ്റന്‍റ് സഭകളിലെ യുവജനങ്ങളുടെ കൂട്ടായ്മയായ തെയ്സെയുടെ 2018-ലെ യൂറോപ്യന്‍ മേഖല പ്രാര്‍ത്ഥനാസംഗമം സ്പെയിനിലെ മാഡ്രിഡ് നഗരത്തില്‍ സമ്മേളിക്കും. സ്വിറ്റ്സര്‍ലണ്ടിലെ ബാസലില്‍ അരങ്ങേറിയ 2017 വര്‍ഷത്തെ സംഗമം സമാപിച്ച വേദിയിലാണ് തെയ്സെയുടെ ആത്മീയ ഉപദേശകന്‍ ബ്രദര്‍ ഈലോസ് ഇക്കാര്യം പ്രഖ്യാപിച്ചത്. ഈ വര്‍ഷം ഡിസംബര്‍ 28 മുതല്‍ 2019 ജനുവരി 1-വരെയാണ് സ്പെയിനിലെ മാ‍ഡ്രിഡില്‍ യുവജനങ്ങള്‍ സംഗമിക്കുക.

“ശക്തി പകരുന്ന ആനന്ദം” എന്ന പ്രമേയവുമായിട്ടായിരിക്കും ഈ വര്‍ഷം മാഡ്രിഡില്‍ യുവജന പ്രാര്‍ത്ഥനാസംഗമം നടക്കുക. ക്രിസ്തു ജീവന്‍ സമര്‍പ്പിച്ചത് സകലര്‍ക്കുമായിട്ടാണെന്നും അതിനാല്‍ വേദനിക്കുന്നവരുടെ ചാരത്ത് നാം എത്തുകയും അവര്‍ക്ക് സാന്ത്വനമേകുകയും വേണമെന്ന വിളി തെയ്സെ ഇന്ന് ശക്തമായി സ്വീകരിക്കുന്നുണ്ടെന്നും ബ്ര‍ദര്‍ ഈലോസ് പ്രസ്താവനയില്‍ പറഞ്ഞു. എഴുപതുകളില്‍ സ്വിറ്റ്സര്‍ലണ്ടിലെ തെയ്സെ ഗ്രാമത്തില്‍ ബ്രദര്‍ റോജര്‍ ഷൂറ്റ്സ് ആരംഭിച്ച കൂട്ടായ്മയാണ് തെയ്സെ. 40-മത് സംഗമമാണ് ഡിസംബര്‍ 28-മുതല്‍ 2018 ജനുവരി 1-വരെ ബാസലില്‍ ഒത്തുചേര്‍ന്നത്.

യൂറോപ്പിന്‍റെ വിവിധ ഭാഗങ്ങളില്‍നിന്നുമായി 30,000-ല്‍ അധികം യുവജനങ്ങളാണ് പ്രാര്‍ത്ഥനാ സംഗമത്തില്‍ പങ്കെടുത്തത്. “ക്രിസ്തു ആനന്ദത്തിന്‍റെ സ്രോതസ്സ്” എന്ന പ്രമേയത്തിലൂന്നിയായിരിന്നു ഇത്തവണത്തെ സംഗമം. പ്രൊട്ടസ്റ്റന്‍റ് പ്രസ്ഥാനം അഞ്ഞൂറാം വാര്‍ഷികം ആഘോഷിക്കുന്ന അവസരത്തില്‍, ക്രിസ്തുവിന്‍റെ സുവിശേഷം നമ്മെ ഐക്യപ്പെടുത്തണമെന്നും, വിഭജനത്തിന്‍റെ മുറിവുകള്‍ ഉണക്കി, ക്രൈസ്തവര്‍ കൈകോര്‍ത്തു നീങ്ങണമെന്നും, ക്രിസ്തുവിന് സാക്ഷ്യംവഹിക്കണമെന്നും ആഹ്വാനം ചെയ്തുകൊണ്ട് ഫ്രാന്‍സിസ് പാപ്പ യുവജന സഭൈക്യ കൂട്ടായ്മയ്ക്കു സന്ദേശം നല്‍കിയിരിന്നു.


Related Articles »