India - 2025

അര്‍ത്തുങ്കല്‍ തിരുനാളിന് കൊടിയേറി

സ്വന്തം ലേഖകന്‍ 11-01-2018 - Thursday

ചേര്‍ത്തല: ചരിത്രപ്രസിദ്ധമായ അര്‍ത്തുങ്കല്‍ സെന്റ് ആന്‍ഡ്രൂസ് ബസിലിക്കയില്‍ വിശുദ്ധ സെബസ്ത്യാനോസിന്റെ 372ാമത് തിരുനാളിന് കൊടികയറി. വൈകീട്ട് ഏഴിനു നടന്ന തിരുനാള്‍ കൊടി ഉയര്‍ത്തല്‍ ചടങ്ങില്‍ ബസിലിക്ക റെക്ടര്‍ ഫാ. ക്രിസ്റ്റഫര്‍ എം. അര്‍ഥശേരില്‍ വിശ്വാസപ്രഖ്യാപനം ചൊല്ലിയപ്പോള്‍ കത്തിച്ച മെഴുകുതിരികള്‍ ഉയര്‍ത്തി പിടിച്ച് വിശ്വാസികള്‍ വിശ്വാസം ഏറ്റുചൊല്ലി. ആലപ്പുഴ രൂപത ബിഷപ്പ് ഡോ. സ്റ്റീഫന്‍ അത്തിപ്പൊഴിയില്‍ കൊടിയേറ്റ് കര്‍മം നിര്‍വഹിച്ചു.

പള്ളിയങ്കണത്തില്‍ നിറഞ്ഞ ആയിരങ്ങള്‍ അര്‍ത്തുങ്കല്‍ പെരുന്നാള്‍ കൊടിയേറ്റ് അറിയിച്ച് ആരവം മുഴക്കി. കടലോരത്തും കിഴക്കോട്ടും വ്യാപിച്ച ആരവം കിലോമീറ്ററുകള്‍ അകലെവരെ അര്‍ത്തുങ്കല്‍ പള്ളിയില്‍ കൊടിയേറിയ വിവരം പങ്കുവച്ചു. തുടര്‍ന്നു നടന്ന ആഘോഷമായ പൊന്തിഫിക്കല്‍ ദിവ്യബലിക്കും ബിഷപ്പ് മുഖ്യകാര്‍മികത്വം വഹിച്ചു. ഫാ. സേവ്യര്‍ കുടിയാംശേരിയില്‍ സുവിശേഷപ്രസംഗം നടത്തി.

ഇന്നലെ ഉച്ചകഴിഞ്ഞു മൂന്നോടെ ആലപ്പുഴ മൗണ്ട് കാര്‍മല്‍ കത്തീഡ്രല്‍ പള്ളിയില്‍നിന്ന് ആരംഭിച്ച പതാക പ്രയാണത്തില്‍ അര്‍ത്തുങ്കല്‍ പള്ളി കമ്മിറ്റി അംഗങ്ങള്‍, സന്നദ്ധസേന, വിവിധ സംഘടനകളില്‍പ്പെട്ടവര്‍ ഉള്‍പ്പെടെയുള്ള വിശ്വാസികള്‍ അണിനിരന്നു. സര്‍ക്കാര്‍ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചുകൊണ്ട് തീര്‍ത്ഥാടകര്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. കെഎസ്ആര്‍ടിസി പ്രത്യേക സര്‍വീസ് നടത്തുന്നുണ്ട്. ജാതിമത ഭേദമന്യേ ആയിരങ്ങളാണ് ഓരോ വര്‍ഷവും അര്‍ത്തുങ്കല്‍ തിരുനാളിനു എത്തുന്നത്.


Related Articles »