India - 2025

അര്‍ത്തുങ്കല്‍ ദേവാലയത്തിന് എതിരെയുള്ള വര്‍ഗ്ഗീയപരാമര്‍ശം; സംഘപരിവാര്‍ നേതാവിന്റെ ഹര്‍ജി തള്ളി

സ്വന്തം ലേഖകന്‍ 23-02-2018 - Friday

കൊച്ചി: ആലപ്പുഴയിലെ അര്‍ത്തുങ്കല്‍ സെന്റ് ആന്‍ഡ്രൂസ് ഫൊറോന പള്ളിക്കെതിരെയുള്ള വര്‍ഗ്ഗീയ പരാമര്‍ശത്തില്‍, കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടു സംഘപരിവാര്‍ നേതാവായ ടി.ജി. മോഹന്‍ദാസ് നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. അര്‍ത്തുങ്കല്‍ സെന്റ് ആന്‍ഡ്രൂസ് ഫൊറോന പള്ളി ശിവക്ഷേത്രമായിരുന്നെന്നും അതു വീണ്ടെടുക്കുകയാണു ഹിന്ദുക്കള്‍ ചെയ്യേണ്ടതെന്നുമാണ് ഇദ്ദേഹം നേരത്തെ പ്രസ്താവന നടത്തിയത്. തീര്‍ത്ഥാടന കേന്ദ്രമായ ഇവിടേക്കു ലക്ഷക്കണക്കിനാളുകളാണു പ്രാര്‍ത്ഥനയ്ക്കായി എത്തുന്നതെന്നും കോടതി നിരീക്ഷിച്ചു. സൂക്ഷ്മമായി കൈകാര്യം ചെയ്യേണ്ട വിഷയമാണിതെന്നു സിംഗിള്‍ബെഞ്ച് വ്യക്തമാക്കി.

മതവിദ്വേഷം ജനിപ്പിക്കുന്ന പരാമര്‍ശമാണു ടി.ജി. മോഹന്‍ദാസ് സാമൂഹിക മാധ്യമമായ ട്വിറ്ററില്‍ കൂടി നടത്തിയതെന്നാരോപിച്ച് എഐവൈഎഫ് ആലപ്പുഴ ജില്ലാ കമ്മിറ്റി സെക്രട്ടറി ടി.ടി. ജിസ്‌മോന്‍ നല്‍കിയ പരാതിയില്‍ 2017ല്‍ അര്‍ത്തുങ്കല്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഇന്ത്യന്‍ശിക്ഷാ നിയമത്തിലെ 153എ വകുപ്പ് പ്രകാരം റജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കണമെന്നായിരുന്നു മോഹന്‍ദാസിന്റെ ഹര്‍ജി.

സ്വന്തം അഭിപ്രായമല്ല മറ്റാരോ മുന്പ് പറഞ്ഞ അഭിപ്രായമാണു താന്‍ പങ്കുവച്ചതെന്നായിരുന്നു മോഹന്‍ദാസിനായി ഹാജരായ അഭിഭാഷകന്റെ വാദം. അതേസമയം കേസ് റദ്ദാക്കണമെന്ന ഹര്‍ജിയെ സംസ്ഥാന സര്‍ക്കാര്‍ അതിശക്തമായാണ് എതിര്‍ത്തത്. വര്‍ഗീയ പ്രചാരണങ്ങള്‍ നടത്തി നാട്ടില്‍ സംഘര്‍ഷമുണ്ടാക്കാന്‍ തല്‍പരകക്ഷികള്‍ ശ്രമിക്കുകയാണെന്നും ഇതിന് അനുവദിക്കാനാവില്ലെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ വ്യക്തമാക്കി.


Related Articles »