News - 2025

സ്വവർഗ്ഗ ലൈംഗീകത പാപമല്ലെന്ന പ്രസ്താവന തിരുത്തിക്കൊണ്ട് മുന്‍ ഡെമോക്രാറ്റിക്ക് നേതാവ്

സ്വന്തം ലേഖകന്‍ 12-01-2018 - Friday

ലണ്ടൻ: സ്വവർഗ്ഗ ലൈംഗീകത പാപമല്ലെന്ന പ്രസ്താവന തിരുത്തിക്കൊണ്ട് ഇംഗ്ളണ്ടിലെ ലിബറല്‍ ഡെമോക്രാറ്റിക്ക് പാര്‍ട്ടി മുന്‍ നേതാവ് ടിം ഫാരോണ്‍. പ്രീമിയർ ക്രിസ്ത്യൻ റേഡിയോയ്ക്ക് നല്കിയ അഭിമുഖത്തിലാണ് അദ്ദേഹം തന്റെ പ്രസ്താവന തിരുത്തി ഖേദം പ്രകടിപ്പിച്ചത്. കഴിഞ്ഞ വർഷത്തെ പൊതുതിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ബി‌ബി‌സിയ്ക്കു നല്‍കിയ അഭിമുഖത്തിലാണ് ടിം സ്വവര്‍ഗ്ഗ ലൈംഗീകത തെറ്റാണെന്ന് കരുതുന്നില്ലായെന്ന് അഭിപ്രായപ്പെട്ടത്.

തന്റെ പ്രസ്താവന തെറ്റായിരിന്നുവെന്നും അഭിപ്രായം രേഖപ്പെടുത്തിയതിൽ താൻ അത്യധികം ദു:ഖിച്ചതായും ടിം ഫാരോണ്‍, പ്രീമിയർ ക്രിസ്ത്യൻ റേഡിയോയില്‍ വെളിപ്പെടുത്തി. ക്രൈസ്തവ വിശ്വാസികളുടെ നിലനിൽപ്പ് തന്നെ അപകടത്തിലാണെന്നും സ്വാതന്ത്ര്യബോധ്യം വിശ്വാസമൂല്യങ്ങളെപ്പോലും ചോദ്യം ചെയ്യപ്പെടുന്ന അവസ്ഥയാണ് ബ്രിട്ടനിലേതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

രണ്ടു വർഷത്തോളം പാർട്ടി നേതൃത്വം ഏറ്റെടുത്ത അദ്ദേഹത്തിന്റെ ക്രൈസ്തവ വിശ്വാസം പലപ്പോഴും അഭിമുഖങ്ങളിൽ ചോദ്യം ചെയ്യപ്പെട്ടിരുന്നു. കഴിഞ്ഞ വര്‍ഷം ജൂണ്‍ മാസത്തിലാണ് ക്രിസ്ത്യന്‍ മതവിശ്വാസവും രാഷ്ട്രീയ പ്രവര്‍ത്തനവും ഒരുമിച്ച് കൊണ്ടുപോവുക അസാധ്യമാണെന്ന്‍ പറഞ്ഞു കൊണ്ട് ടിം ഫാരോണ്‍ പാര്‍ട്ടി നേതൃത്വത്തില്‍ നിന്നും രാജിവെച്ചത്. ഇംഗ്ലണ്ടിലെ ഇവാഞ്ചലിക്കല്‍ സഭാംഗമാണ് ടിം ഫാരോണ്‍.


Related Articles »