News - 2025

പുതുവര്‍ഷത്തെ സുവിശേഷത്തിന്റെ വര്‍ഷമാക്കി മാറ്റുവാന്‍ താജിക്കിസ്ഥാനി സഭ

സ്വന്തം ലേഖകന്‍ 13-01-2018 - Saturday

ഡുഷാന്‍ബെ: പുതുവര്‍ഷം സുവിശേഷ പ്രഘോഷണത്തിനും കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കുമായി സമര്‍പ്പിച്ചുകൊണ്ട് താജിക്കിസ്ഥാനിലെ കത്തോലിക്ക സഭ. 2018-ല്‍ തലസ്ഥാന നഗരമായ ഡുഷാന്‍ബെയില്‍ നിന്നും മറ്റ് നഗരങ്ങളിലേക്ക് കൂടി സുവിശേഷത്തിന്റെ സാന്നിധ്യം വ്യാപിപ്പിക്കുവാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് തങ്ങളെന്ന് കത്തോലിക്ക മിഷന്റെ (മിസ്സിയോ സൂയി ഇയൂരിസ്) ദൗത്യങ്ങള്‍ നിറവേറ്റുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍കാര്‍നേറ്റ് വേര്‍ഡ്-ലെ വൈദികനായ ഫാ. പെഡ്രോ റാമിരോ ലോപെസ് പറഞ്ഞു.

കഴിഞ്ഞ ക്രിസ്തുമസിന് പ്രത്യേക വിശുദ്ധ കുര്‍ബാനയും ഇടവകയിലെ കുടുംബങ്ങളുമായുള്ള കൂടിക്കാഴ്ചകളും ഉണ്ടായിരുന്നുവെന്ന് ഫാ. ലോപെസ് പറഞ്ഞു. വിവിധ ഭാഷക്കാരായ എല്ലാവര്‍ക്കും വിശുദ്ധ കുര്‍ബാന ലഭ്യമാക്കുന്നതിന് തങ്ങള്‍ ശ്രമിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഡിസംബര്‍ 24-ന് വിദേശികള്‍ക്കും, നയതന്ത്രതലത്തിലുള്ളവര്‍ക്കും വേണ്ടി ഡുഷാന്‍ബെയില്‍ ഇഗ്ലീഷ് കുര്‍ബാന അര്‍പ്പണവുമുണ്ടായിരുന്നു. മറ്റുള്ള വിശ്വാസികള്‍ക്ക് വേണ്ടി റഷ്യന്‍ ഭാഷയിലായിരുന്നു കുര്‍ബാന.

അതേ സമയം തന്നെ ഡുഷാമ്പേയില്‍ നിന്നും 100 കിലോമീറ്റര്‍ അകലെയുള്ള ക്വാര്‍ഗോണ്ടെപ്പായിലെ ദേവാലയത്തില്‍ പാതിരാ കുര്‍ബാനയും നടന്നു. ആഗമനകാലത്തുടനീളം തലസ്ഥാന നഗരമായ ഡുഷാമ്പേയിലെ ക്രിസ്ത്യന്‍ കുടുംബങ്ങള്‍ സന്ദര്‍ശിക്കുകയും വീടുകള്‍ വെഞ്ചരിക്കുകയും ചെയ്തതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. താജിക്ക് സഭ സ്ഥാപിതമായതിന്റെ 20-ാം വാര്‍ഷികമായിരുന്നു കഴിഞ്ഞ വര്‍ഷം. മധ്യപൂര്‍വ്വേഷ്യയിലെ പര്‍വ്വതങ്ങളാല്‍ ചുറ്റപ്പെട്ടു കിടക്കുന്ന താജിക്കിസ്ഥാനിലെ ജനസംഖ്യയുടെ 98 ശതമാനവും ഇസ്ലാം മതത്തില്‍ വിശ്വസിക്കുന്നവരാണ്.

1997-ല്‍ വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പയാണ് താജിക്കിസ്ഥാനിലെ കത്തോലിക്കാ മിഷന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ആരംഭം കുറിച്ചത്. ഇതിന്റെ ചുമതല ‘ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍കാര്‍നേറ്റ് വേര്‍ഡ്’ ലെ പുരോഹിതരെ ഏല്‍പ്പിക്കുകയുമായിരുന്നു. 150-ഓളം വിശ്വാസികളും, അര്‍ജന്റീനക്കാരായ 3 പുരോഹിതരും, സിസ്റ്റേഴ്സ് ഓഫ് ചാരിറ്റിയുടെ 5 മിഷ്ണറി സിസ്റ്റേഴ്സും, ‘ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സെര്‍വന്റ്സ് ഓഫ് ലോര്‍ഡ് ആന്‍ഡ്‌ ഓഫ് വെര്‍ജിന്‍ ഓഫ് മടാരാ’ യിലെ 3 വനിതകളുമടങ്ങുന്നതാണ് താജിക്കിസ്ഥാനിലെ കത്തോലിക്കാ സഭ.


Related Articles »