News
ഹിന്ദുത്വവാദികളുടെ ഭീഷണി: കത്തോലിക്ക സ്കൂള്‍ പോലീസ് സംരക്ഷണം തേടി
സ്വന്തം ലേഖകന്‍ 15-01-2018 - Monday
ഇന്‍ഡോര്‍: മധ്യപ്രദേശിലെ രത്ലം ജില്ലയിലെ നാംലിയില്‍ ഹിന്ദുത്വവാദികളുടെ ഭീഷണിയെ തുടര്‍ന്നു കത്തോലിക്ക സഭയുടെ കീഴിലുള്ള സ്കൂള്‍ പോലീസ് സംരക്ഷണം തേടി. സെന്റ് ജോസഫ് ഓഫ് ചമ്പേരി സിസ്റ്റേഴ്സിന് കീഴിലുള്ള കോണ്‍വെന്റ് സ്കൂളാണ് ഹിന്ദുദേശീയവാദികളില്‍ നിന്നുമുള്ള ഭീഷണിയെ തുടര്‍ന്ന്‍ പോലീസ് സംരക്ഷണം ആവശ്യപ്പെട്ടിരിക്കുന്നത്. ‘ഭാരത് മാതാ കി ജയ്’ എന്ന മുദ്രാവാക്യം വിളിച്ചതിന് 20-ഓളം വിദ്യാര്‍ത്ഥികളെ സ്കൂള്‍ മാനേജ്മെന്റ് പുറത്താക്കി എന്ന വ്യാജ ആരോപണത്തിന്റെ അടിസ്ഥാനത്തിലാണ് തീവ്ര ഹിന്ദുത്വ സംഘടനകള്‍ സ്കൂളിനെതിരെ ഭീഷണി മുഴക്കിയിരിക്കുന്നത്.
സ്കൂളിന്റെ പേരിന് കളങ്കം വരുത്തുക എന്ന ലക്ഷ്യമാണ് ഹിന്ദുദേശീയ വാദികളുടെ അടിസ്ഥാനരഹിതമായ ആരോപണങ്ങളുടെ പിന്നിലെന്നു അധികൃതര്‍ പ്രതികരിച്ചു. ആരോപണങ്ങള്‍ തീര്‍ത്തും അടിസ്ഥാന രഹിതവും വ്യാജവുമാണെന്ന്‍ മധ്യപ്രദേശിലെ കത്തോലിക്കാ സഭയുടെ പബ്ലിക് റിലേഷന്‍ വിഭാഗത്തിലെ ഫാ. മരിയ സ്റ്റീഫന്‍ പറഞ്ഞു. ‘ദേശീയ ഗാനത്തെ’ അപമാനിക്കുവാന്‍ ശ്രമിച്ച ചില കുട്ടികളെ തിരുത്തുക മാത്രമാണ് സ്കൂള്‍ അധികൃതര്‍ ചെയ്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം വ്യാജ പ്രചാരണങ്ങള്‍ വഴി സ്കൂളിനെതിരെ ഗ്രാമീണരെ തിരിക്കുന്നതിനുള്ള ശ്രമത്തിലാണ് ഹിന്ദുത്വ സംഘടനകള്‍.
സ്കൂളിന്റെ അംഗീകാരം തടയണമെന്ന ആവശ്യവുമായി ‘ബന്ദ്’ പോലെയുള്ള പ്രതിഷേധമാര്‍ഗ്ഗങ്ങളുമായി മുന്നോട്ടുപോകുമെന്നാണ് ആര്‍എസ്‌എസ് പോഷക സംഘടനയായ ബജ്റംഗ്ദള്ളിന്റെ പ്രവര്‍ത്തകനായ രാജേഷ് പരിഹാര്‍ പറയുന്നത്. എന്നാല്‍ തങ്ങളുടെ പ്രാഥമിക അന്വേഷണത്തില്‍ സ്കൂള്‍ മാനേജ്മെന്റിന്റെ ഭാഗത്തുനിന്നും യാതൊരു തെറ്റും സംഭവിച്ചിട്ടില്ലെന്നു മനസ്സിലായതായി എസ്‌പി അമിത് സിംഗ് പറഞ്ഞു. കന്യാസ്ത്രീകളും, അധ്യാപകരും പോലീസ് സംരക്ഷണം ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഹിന്ദുത്വ ദേശീയ വാദികള്‍ ക്രിസ്ത്യന്‍ സ്ഥാപനങ്ങളെ തകര്‍ക്കുവാന്‍ ലക്ഷ്യം വെക്കുന്നതിന്റെ അവസാനത്തെ ഉദാഹരണമാണ് സംഭവം. ഉത്തരേന്ത്യയില്‍ ക്രിസ്ത്യാനികള്‍ക്ക് നേരെ നടന്നുവരുന്ന മതപീഡനങ്ങളുടെ കാര്യത്തില്‍ കേന്ദ്രസര്‍ക്കാരും സംസ്ഥാന സര്‍ക്കാരുകളും വെറും നോക്കുകുത്തികളായി മാറികൊണ്ടിരിക്കുകയാണെന്ന ആക്ഷേപം പരക്കെ ഉയരുന്നുണ്ട്. ഭാരതത്തില്‍ നടക്കുന്ന വിദ്വേഷപ്രചരണത്തെയും മതമര്‍ദ്ധനത്തെയും ശരിവെച്ചുകൊണ്ടാണ് കഴിഞ്ഞ ദിവസം ഓപ്പണ്‍ ഡോർസ് യു.എസ്.എയുടെ റിപ്പോര്‍ട്ട് പുറത്തുവന്നത്. ഏറ്റവും കൂടുതൽ ക്രൈസ്തവ പീഡനം നടക്കുന്ന ആഗോള രാജ്യങ്ങളിൽ 81 പോയന്റുമായി 11-മതാണ് ഇന്ത്യയുടെ സ്ഥാനം.