India - 2025
ബോണക്കാട് കുരിശുമല: സര്‍ക്കാര്‍ മൗനത്തില്‍ പ്രതിഷേധിച്ച് വിശ്വാസികള്‍ പാര്‍ട്ടി വിടുന്നു
സ്വന്തം ലേഖകന്‍ 16-01-2018 - Tuesday
തിരുവനന്തപുരം: ബോണക്കാട് കുരിശുമലയിലേക്ക് കുരിശുയാത്ര നടത്തിയ വൈദികരെയും വിശ്വാസികളെയും ക്രൂരമായി തല്ലിച്ചതച്ച പോലീസിന്റെ നടപടിയില്‍ സര്‍ക്കാര്‍ നിസംഗത തുടരുന്നതില്‍ പ്രതിഷേധിച്ച് വിശ്വാസികള്‍ പാര്‍ട്ടി വിടാന്‍ തയാറെടുക്കുന്നു. സിപിഎം, സിപിഐ ,ഡിവൈഎഫ്‌ഐ, എസ്എഫ്‌ഐ തുടങ്ങിയ പാര്‍ട്ടികളിലും സംഘടനകളിലും പ്രവര്‍ത്തിച്ചിരുന്ന വിശ്വാസികളാണ് പാര്‍ട്ടി വിടുന്നത്.
വിതുര ,മരുതാമല, തെന്നൂര്‍ , ബോണക്കാട് ,കുളച്ചിക്കര തുടങ്ങിയ ഇടവകകളിലെ 300 ലധികം വിശ്വാസികള്‍ പാര്‍ട്ടിയുടെ പ്രാഥമിക അഗത്വം രാജിവച്ചതായാണ് സൂചന. കൂടാതെ തൊളിക്കോട്, ചുള്ളിമാനൂര്‍, ആര്യനാട് ,തേവന്‍പാറ തുടങ്ങിയ ഇടങ്ങളിലുള്ള വിശ്വാസികളും രാജിവക്കാന്‍ ഒരുങ്ങുകയാണ്. വിതുരയില്‍ നിന്ന് രാജി നല്‍കിയതില്‍ ബ്രാഞ്ച് മെന്പര്‍മാരടക്കമുള്ള വിശ്വാസികളുണ്ട്. ബോണക്കാട് നിന്ന് കാലങ്ങളായി പാര്‍ട്ടിയില്‍ വിശ്വസിക്കുകയും പാര്‍ട്ടിയുടെ സജീവ പ്രവര്‍ത്തനങ്ങളില്‍ പങ്കുചേരുന്നവാരാണ് രാജിനല്‍കിയിട്ടുള്ളത്.
രാജി നല്‍കിയവരില്‍ കൂടുതലും സിപിഎം പ്രവര്‍ത്തകരാണെങ്കിലും 35 ഓളം സിപിഐ പ്രവര്‍ത്തകരും രാജി നല്‍കിയവരിലുണ്ട്. വിതുരയിലെ സിപിഐ പ്രാദേശിക നേതാക്കള്‍ ബോണക്കാട്ടെ കുരിശ് തകര്‍ക്കുന്നതിന് വര്‍ഗീയവാദികള്‍ക്ക് നേരിട്ട് ഒത്താശ നല്‍കിയതായുള്ള വിവരങ്ങളും മുന്പ് രൂപതക്ക് ലഭിച്ചിരുന്നു. വിതുരയില്‍ കസ്റ്റഡിയിലെടുത്ത മൂന്നു യുവാക്കളെ ലോക്കപ്പില്‍ അടിവസ്ത്രം മാത്രം ധരിപ്പിച്ച് പൂട്ടിയിടുകയും കുളപ്പട സ്വദേശി കിരണിനെ തോക്കിന്റെ പാത്തിക്കിടിച്ചും മറ്റു രണ്ട് പ്രായപൂര്‍ത്തിയാവാത്ത യുവാക്കളെ മര്‍ദിച്ചും പോലീസ് ഗുരുതര പരിക്കേല്‍പ്പിച്ചിതിലും രൂപതയുടെ വിവിധ ഭാഗങ്ങളില്‍ വലിയ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.
ലോക്കപ്പില്‍ അടി വസ്ത്രം മാത്രം ധരിച്ച് നില്‍ക്കുന്ന യുവാക്കളുടെ ചിത്രങ്ങളും വീഡിയോയും സമൂഹമാധ്യമങ്ങള്‍ ഏറ്റെടുത്തതോടെ നിയമ നടപടിക്കൊരുങ്ങുകയാണ് കുരിശുമല സംരക്ഷണ സമിതി. തോക്കിന്റെ പാത്തിക്കിടിയേറ്റ കിരണ്‍ കഴിഞ്ഞ ദിവസം മെഡിക്കല്‍കോളേജ് ആശുപത്രി വിട്ടെങ്കിലും ഇപ്പോഴും ചികിത്സയിലാണ്. പോലീസിന്റെ നര നായാട്ടില്‍ വലിയൊരുവിഭാഗം വിശ്വാസികളുടെ പ്രതിഷേധമാണ് രാജിയിലേക്ക് നിങ്ങുന്നതെന്നാണ് കണക്ക് കൂട്ടല്‍. ഇതിനിടെ പാര്‍ട്ടിയുടെ പ്രാദേശിക നേതൃത്വം വിശ്വാസികളെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങളും ആരംഭിച്ചിട്ടുണ്ട്.