News - 2024

'മാര്‍ച്ച് ഫോര്‍ ലൈഫ്' നാളെ; അഭിസംബോധന ചെയ്യാന്‍ ഡൊണാള്‍ഡ് ട്രംപും

സ്വന്തം ലേഖകന്‍ 18-01-2018 - Thursday

വാഷിംഗ്ടണ്‍: ഗർഭഛിദ്രത്തിനെതിരെ ലോകത്ത് ഏറ്റവും കൂടുതല്‍ പേര്‍ അണിനിരക്കുന്ന പ്രോലൈഫ് റാലികളിലൊന്നായ ‘മാർച്ച് ഫോർ ലൈഫ്’നായി അമേരിക്ക ഒരുങ്ങി. ജീവന്റെ മഹത്വത്തെ പ്രഘോഷിച്ചുകൊണ്ടുള്ള പ്രോലൈഫ് റാലി നാളെയാണ് നടക്കുക. അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് പ്രോലൈഫ് പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യും.

വൈറ്റ് ഹൌസിൽ നിന്നു ഓണ്‍ലൈന്‍ ലൈവ് സ്ട്രീമിങ്ങിലൂടെയാണ് മാർച്ച് ഫോർ ലൈഫിൽ പങ്കെടുക്കുന്നവരോട് ട്രംപ് സംസാരിക്കുക. മാർച്ച് ഫോർ ലൈഫിന്റെ നാൽപ്പത്തിയഞ്ചുവർഷത്തെ ചരിത്രത്തിനിടയിൽ ആദ്യമായാണ് ഒരു അമേരിക്കൻ പ്രസിഡന്റ് സാറ്റ്ലൈറ്റു വഴി പരിപാടിയെ അഭിസംബോധന ചെയ്യുന്നത്. നേരത്തെ മുന്‍ പ്രസിഡന്‍റുമാരായ ജോര്‍ജ്ജ് ബുഷ്, റീഗന്‍ എന്നിവരും 'മാര്‍ച്ച് ഫോര്‍ ലൈഫ്' റാലിയെ അഭിസംബോധന ചെയ്തിട്ടുണ്ട്.

ഹൗസ് സ്പീക്കർ പോള്‍ റയാന്‍, പ്രശസ്ത എന്‍‌എഫ്‌എല്‍ താരങ്ങളായ മാറ്റ് ബിര്‍ക്ക്, ടിം ടെബോ, അമേരിക്കന്‍ പാര്‍ലമെന്‍റ് പ്രതിനിധികളായ ജൈയ്മി ഹെറെയ, ഡാന്‍ ലിപിന്‍സ്കി, ക്രിസ് സ്മിത്, സിസ്റ്റേഴ്സ് ഓഫ് ലൈഫ് പ്രതിനിധി സിസ്റ്റര്‍ ബെഥനി, വാഷിംഗ്ടണ്‍ ആര്‍ച്ച് ബിഷപ്പ്, അമേരിക്കന്‍ ഓര്‍ത്തഡോക്സ് സഭയുടെ അധ്യക്ഷന്മാര്‍, ചര്‍ച്ച് ഓഫ് ഗോഡ് പ്രൊട്ടസ്റ്റന്‍റ് സഭകളുടെ പ്രതിനിധികള്‍ എന്നിവരും പ്രോലൈഫ് പ്രവര്‍ത്തകരോട് സംസാരിക്കും.

ഗർഭഛിദ്രത്തിനെതിരെ വാഷിംഗ്ടൻ ഡി.സി. യിൽ എല്ലാവർഷവും നടത്തിവരാറുള്ള പ്രതിഷേധ റാലിയാണ് ‘മാർച്ച് ഫോർ ലൈഫ്’. ഡിഫെൻസ് ഫണ്ടിന്റേയും മാർച്ച് ഫോർ എഡ്യുക്കേഷന്റേയും സഹകരണത്തോടെയാണ് റാലി സംഘടിപ്പിക്കുന്നത്. 1997 മുതൽ ക്രിസ്ത്യൻ ഗാനരംഗത്ത് സജീവമായ ടിഫാനി അര്‍ബക്കിള്‍ ലീ അഥവാ പ്ലമ്പ് എന്ന ഗായികയുടെ സംഗീതനിശയോടെയാണ് 45-ാമത് ‘മാര്‍ച്ച് ഫോര്‍ ലൈഫ്’ റാലി നടക്കുക.

മാർച്ച് ഫോർ ലൈഫിലും തുടർന്നുള്ള വിശുദ്ധ കർമ്മങ്ങളിലും, മഹാകൂട്ടായ്മയിലും പങ്കെടുക്കുന്നവർക്ക് സമ്പൂർണ്ണ ദണ്ഡവിമോചനം ലഭിക്കുമെന്ന് വാഷിംഗ്ടൻ ആർച്ച് ബിഷപ്പും കർദ്ദിനാളുമായ ഡൊണാൾഡ് വൂയേളും അർലിംഗ്ടൺ ബിഷപ്പ് മൈക്കേൽ ബുർബിഡ്ജും പ്രഖ്യാപിച്ചിരുന്നു.


Related Articles »