News
തണുത്തുറഞ്ഞ വെള്ളത്തില്‍ ക്രിസ്തുവിനെ പ്രഘോഷിച്ച് റഷ്യന്‍ പ്രസിഡന്‍റ് വ്ളാഡിമിർ പുടിൻ
സ്വന്തം ലേഖകന്‍ 20-01-2018 - Saturday
മോസ്ക്കോ: തന്റെ ക്രൈസ്തവ വിശ്വാസം വീണ്ടും പരസ്യമായി പ്രഘോഷിച്ചുകൊണ്ട് റഷ്യന്‍ പ്രസിഡന്‍റ് വ്ളാഡിമിർ പുടിൻ. ഇന്നലെ, യേശുക്രിസ്തുവിനു ജോർദാൻ നദിയിൽ മാമോദീസ നൽകിയതിന്റെ ഓർമയ്ക്കായി ആഘോഷിക്കുന്ന ദനഹാത്തിരുനാളിൽ ഓർത്തഡോക്സ് സഭ പരമ്പരാഗതമായി ആചരിക്കുന്ന സ്നാനം പരസ്യമായി ചെയ്തുകൊണ്ടാണ് വ്ളാഡിമിർ പുടിൻ തന്റെ ക്രൈസ്തവ വിശ്വാസം ലോകത്തിന് മുന്നില്‍ ആവര്‍ത്തിച്ചത്. മോസ്കോയിൽനിന്നു 400 കിലോമീറ്റർ വടക്ക് വിശുദ്ധ നിലൂസ് സ്റ്റോവോബെൻസ്കി ആശ്രമത്തിനടുത്തുള്ള സെലിഗർ തടാകത്തിലാണ് യേശുവിന്റെ ജ്ഞാനസ്നാനത്തിന്റെ ഓര്‍മ്മ റഷ്യന്‍ പ്രസിഡന്‍റ് സ്നാനത്തിലൂടെ പുതുക്കിയത്.
ഓര്‍ത്തഡോക്സ് പുരോഹിതന്മാർ ആശീർവദിച്ച ജലത്തിലേക്ക് ഇറങ്ങിയ അദ്ദേഹം കുരിശുവരച്ചശേഷം മുങ്ങി. നേരത്തെ മൈനസ് ആറ് ഡിഗ്രി തണുപ്പുണ്ടായിരുന്നതിനാൽ രോമക്കുപ്പായം അണിഞ്ഞാണ് അദ്ദേഹം എത്തിയത്. അതു നീക്കിയശേഷം അർധനഗ്നനായി പടികളിറങ്ങി. തടാകം തണുത്തുറഞ്ഞുകിടന്നിരുന്നതിനാൽ കുളിക്കാനായി മഞ്ഞുപാളി നീക്കിയിട്ടിരുന്നു. കഴുത്തിൽ കുരിശുമാലയും അദ്ദേഹം അണിഞ്ഞിരുന്നു. ഓർത്തഡോക്സ് സഭാപ്രകാരമുള്ള എല്ലാ കൂദാശകര്‍മ്മങ്ങളിലും പുടിന്‍ സജീവമായി പങ്കെടുക്കാറുണ്ട്. എന്നാല്‍ ദനഹാസ്നാനം പരസ്യമായി നടത്തുന്നത് ആദ്യമാണെന്നു പറയുന്നു.
ജൂലിയൻ കലണ്ടർ അടിസ്ഥാനമാക്കിയുള്ള കലണ്ടർ ഉപയോഗിക്കുന്നതിനാൽ ക്രിസ്തുമസ് ജനുവരി ഏഴിനും എപ്പിഫനി അഥവാ ദനഹാ തിരുനാള്‍ 19നുമാണ് ഓര്‍ത്തഡോക്സ് സഭ ആചരിക്കുന്നത്. ഒരുകാലത്ത് ലോകത്തെ ഏറ്റവും വലിയ നിരീശ്വര രാജ്യമായിരിന്ന കമ്മ്യൂണിസ്റ്റ് റഷ്യ ഇന്നു ക്രൈസ്തവ വിശ്വാസത്തിന്റെ ശക്തമായ വിളനിലമാണ്. ബോള്‍ഷേവിക് വിപ്ലവകാലത്ത് അനേകം ക്രൈസ്തവരുടെ രക്തം റഷ്യന്‍ മണ്ണില്‍ വീണെങ്കിലും ഇതിന്റെ ഫലമെന്നോണമാണ് ഇന്നു റഷ്യ വിശ്വാസ ജീവിതത്തില്‍ മുന്നേറുന്നത്.
അടുത്തിടെ നടത്തിയ സര്‍വ്വേ പ്രകാരം റഷ്യയിലെ നിരീശ്വരവാദികളുടെ എണ്ണം പകുതിയായി കുറഞ്ഞെന്നാണ് സാക്ഷ്യപ്പെടുത്തുന്നത്. 2014-ല്‍ യാതൊരു മതത്തിലും വിശ്വസിക്കാത്തരാണെന്ന് കരുതുന്നവരുടെ എണ്ണം 26 ശതമാനമായിരുന്നുവെങ്കില്‍ 2017-ആയപ്പോഴേക്കും ഇത് 13 ശതമാനായി കുറഞ്ഞുവെന്നാണ് സര്‍വ്വേ ഫലം വ്യക്തമാക്കുന്നത്. പൗരോഹിത്യ ദൈവവിളി സ്വീകരിച്ചുകൊണ്ട് സെമിനാരികളില്‍ ചേരുന്നവരുടെ എണ്ണത്തിലും വന്‍ വര്‍ദ്ധനവാണ് റഷ്യ കുറിച്ചിരിക്കുന്നത്. നിലവില്‍ കമ്മ്യൂണിസ്റ്റ് പീഡനങ്ങളുടെ വിളനിലമായ ചൈന മറ്റൊരു 'വിശ്വാസ റഷ്യ'യാകുമെന്നാണ് അടുത്തുവരുന്ന പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. 2030-നോടു കൂടി ചൈന ലോകത്തിലെ ഏറ്റവും വലിയ ക്രൈസ്തവ രാജ്യമാകുമെന്നാണ് അമേരിക്ക ആസ്ഥാനമായ പ്യൂ റിസേര്‍ച്ചിന്റെ പഠനഫലം.