News - 2025

ആറ് ദശകങ്ങള്‍ക്ക് ശേഷം ഇംഗ്ലണ്ടിൽ ദേവാലയം തുറക്കുന്നു

സ്വന്തം ലേഖകന്‍ 25-01-2018 - Thursday

ബ്രിസ്റ്റോള്‍: ഇംഗ്ലണ്ടിലെ തുറമുഖനഗരമായ ബ്രിസ്റ്റോള്‍ സിറ്റി സെന്‍ററില്‍ രണ്ടാം ലോകമഹായുദ്ധക്കാലത്തെ അക്രമങ്ങള്‍ക്കിടയില്‍ കേടുപാടുകള്‍ സംഭവിച്ചതിനെ തുടര്‍ന്നു അടച്ചുപൂട്ടിയ ദേവാലയം ആറ് ദശകങ്ങള്‍ക്ക് ശേഷം തുറക്കുന്നു. 1953-ല്‍ അടച്ചുപൂട്ടിയ സെന്റ്‌ നിക്കോളാസ് ദേവാലയമാണ് വീണ്ടും തുറക്കുവാന്‍ തീരുമാനിച്ചിരിക്കുന്നത്. യുവജനങ്ങള്‍ക്കുള്ള മിഷന്‍ കേന്ദ്രമായാണ് ദേവാലയം തുറക്കുന്നത്. ബ്രിസ്റ്റോള്‍ സിറ്റി കൗണ്‍സില്‍ ലീസിനെടുത്തതിനെ തുടര്‍ന്നാണ്‌ ദേവാലയം തുറക്കുന്നതിനുള്ള സാഹചര്യം സംജാതമായത്. കൗണ്‍സില്‍ ലീസിനെടുത്ത ദേവാലയം മ്യൂസിയവും, ടൂറിസ്റ്റ് ഇന്‍ഫര്‍മേഷന്‍ സെന്ററും, ഓഫീസ് മുറികളും ചേര്‍ത്തുകൊണ്ട് പുതുക്കി നിര്‍മ്മിക്കുകയായിരുന്നു.

സെപ്റ്റംബര്‍ ഒക്ടോബര്‍ മാസങ്ങളിലായി ‘റിസോഴ്സിംഗ് ദേവാലയമായി’ തുറക്കുവാനാണ് പദ്ധതിയെന്ന് ബ്രിസ്റ്റോള്‍ അതിരൂപതയിലെ ആക്ടിംഗ് രൂപതാ മെത്രാനായ റവ. ഡോ. ലീ റെയ്ഫീല്‍ഡ് അറിയിച്ചു. ബ്രിസ്റ്റോള്‍ നഗരത്തിലെ 60 ശതമാനം പേരും യുവജനങ്ങളാണ്. അതിനാല്‍ വിശ്വാസവുമായി അകന്നു കഴിയുന്ന യുവജനങ്ങളെ ആകര്‍ഷിക്കുക എന്നതാണ് ദേവാലയം തുറക്കുന്നതിനു പിന്നിലെ മുഖ്യലക്ഷ്യം. തൊഴിലില്ലായ്മ, ഭക്ഷ്യദാരിദ്ര്യം, ഭവനരാഹിത്യം തുടങ്ങിയ സാമൂഹ്യ പ്രശ്നങ്ങള്‍ നിര്‍മ്മാര്‍ജ്ജനം ചെയ്യുകയെന്ന ലക്ഷ്യവും ദേവാലയം തുറക്കുന്നതിന്റെ പിന്നിലുണ്ട്.

3.8 ദശലക്ഷം പൗണ്ടിന്റെ വികസന പ്രവര്‍ത്തനങ്ങളാണ് അടുത്ത ആറു വര്‍ഷത്തേക്ക് ദേവാലയവുമായി ബന്ധപ്പെടുത്തി പദ്ധതിയിട്ടിരിക്കുന്നത്. സാമൂഹ്യ ആശ്രയകേന്ദ്രമെന്ന നിലയില്‍ ദേവാലയത്തിന്റെ സ്വാധീനം ബ്രിസ്റ്റോള്‍ നഗരത്തില്‍ പ്രതിഫലിക്കുമെന്നും റവ. ഡോ. ലീ പറഞ്ഞു. ക്രിസ്തുവിലേക്ക് കൂടുതല്‍ അനുയായികളെ ആകര്‍ഷിക്കുവാനും, മാറ്റങ്ങള്‍ക്ക് വിധേയമായികൊണ്ടിരിക്കുന്ന സമൂഹത്തില്‍ യുവജനങ്ങളെ ബന്ധപ്പെടുത്തുവാനും സമൂഹവുമായി ഒരുമിച്ചു നിര്‍ത്തുവാനും ഈ പദ്ധതികൊണ്ട് സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രണ്ടാം ലോകമഹായുദ്ധക്കാലത്ത് ബ്ലിറ്റ്സ് ഉപരോധത്തിനിടക്കാണ് സെന്റ്‌ നിക്കോളാസ് ദേവാലയത്തിന് കേടുപാടുകള്‍ സംഭവിക്കുന്നത്. വെടിയുണ്ടകളുടെ പാടുകള്‍ ഇപ്പോഴും ദേവാലയത്തിലുണ്ട്. 1756-ല്‍ പ്രസിദ്ധ പെയിന്ററായ വില്ല്യം ഹോഗാര്‍ത്തിന്റെ ഒരു അള്‍ത്താര പെയിന്റിംഗും ഈ ദേവാലയത്തില്‍ ഉണ്ട്. നൂറ്റാണ്ടുകളുടെ പഴക്കമുള്ള ഈ അമൂല്യ കലാസൃഷ്ടി പൊതുപ്രദര്‍ശനത്തിന് വെച്ചിട്ടുണ്ടെന്ന് രൂപത അറിയിച്ചിട്ടുണ്ട്. 65 വര്‍ഷങ്ങള്‍ക്ക് ശേഷം ഇത്തരത്തില്‍ ഒരു ദേവാലയത്തിന് പുതുജീവന്‍ ലഭിക്കുന്നത് വളരെ വിരളമാണ്. അതേസമയം ദേവാലയങ്ങളില്ലാത്ത നഗരപ്രദേശങ്ങളില്‍ ദേവാലയങ്ങള്‍ നിര്‍മ്മിക്കുന്നതിനായി ഏതാണ്ട് 1.5 ദശലക്ഷം പൗണ്ടാണ് ചര്‍ച്ച് ഓഫ് ഇംഗ്ലണ്ട് വകയിരുത്തിയിരിക്കുന്നത്.


Related Articles »