News - 2024

"സഭാനേതൃത്വം ഞങ്ങളെയും ശ്രവിക്കാൻ തയ്യാറാകണം" കൗമാരക്കാരും യുവജനങ്ങളും ആവശ്യപ്പെടുന്നു

സ്വന്തം ലേഖകന്‍ 25-01-2018 - Thursday

കൗമാരക്കാരും യുവജനങ്ങളും പറയുന്നത് ശ്രവിക്കാൻ സഭാനേതൃത്വം തയ്യാറാകാത്തതിനാൽ അവർ സഭയിൽ നിന്നും അകലുന്നതായി സർവേഫലങ്ങൾ. വാഷിംഗ്ടണിലെ ജോര്‍ജ്ജ്ടൌണ്‍ സര്‍വ്വകലാശാലയിലെ സെന്റര്‍ ഫോര്‍ അപ്ലൈഡ് റിസര്‍ച്ച് ഇന്‍ ദി അപ്പോസ്റ്റ്ലേറ്റിന്റെ നിര്‍ദ്ദേശപ്രകാരം മിന്നസോട്ടയിലെ സെന്റ്‌ മേരീസ് പ്രസ്സ് നടത്തിയ രണ്ടു വര്‍ഷം നീണ്ട സര്‍വ്വേഫലമാണ് പുറത്തുവന്നിരിക്കുന്നത്. സഭയുമായി നിസ്സഹകരണത്തില്‍ കഴിയുന്ന 15-നും 25-നും ഇടക്ക് പ്രായമുള്ള യുവജനങ്ങളിലാണ് പഠനം നടത്തിയത്.

ദി ഡൈനമിക് ഓഫ് ഡിസഫിലിയേഷന്‍ ഓഫ് യംഗ് കത്തോലിക്സ് നടത്തിയ സർവേയിൽ "എന്തുകൊണ്ടാണ് നിങ്ങള്‍ സഭ ഉപേക്ഷിച്ചത്?" എന്നായിരുന്നു പ്രധാനമായും ചോദിച്ചത്. കൗമാരക്കാരേയും, യുവജനങ്ങളേയും ശ്രദ്ധിക്കുവാനും, അവര്‍ക്ക് പറയുവാനുള്ളത് കേള്‍ക്കുവാനുമുള്ള ശക്തമായ സംവിധാനം സഭയിലില്ല എന്ന കാര്യമാണ് പഠനത്തില്‍ നിന്നും പ്രധാനമായും വ്യക്തമായതെന്ന് സെന്റ്‌ മേരീസ് പ്രസ്സ് CEO ജോണ്‍ വിടെക് പറഞ്ഞു. വിശ്വാസവുമായി ബന്ധപ്പെട്ട ചോദ്യങ്ങളും, സംശയങ്ങളും, ചില അപമാനങ്ങളും കുട്ടിക്കാലം മുതലേ മനസ്സില്‍ ശേഖരിക്കപ്പെടുകയും, പിന്നീട് അത് താങ്ങാന്‍പറ്റാതെ സഭ ഉപേക്ഷിക്കുകയുമാണ് പല യുവാക്കളും ചെയ്തതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മാരിടൈം കോണ്‍ഫ്രന്‍സ് സെന്ററില്‍ വെച്ച് ജനുവരി 16-നായിരുന്നു പഠനഫലം പുറത്തുവിട്ടത്. കോണ്‍ഫ്രന്‍സിനോടനുബന്ധിച്ച് സിമ്പോസിയവും, യൂത്ത് മിനിസ്ട്രിയുമായി ബന്ധപ്പെട്ട പുരോഹിതരുടെ കൂടിക്കാഴ്ചയുമുണ്ടായിരുന്നു.

പഠനം നടത്തിയ അമേരിക്കന്‍ യുവാക്കളില്‍ 18-നും 25-നും ഇടക്കുള്ളവരില്‍ 12.8 ശതമാനവും, 15-നും 17-നും ഇടക്കുള്ളവരില്‍ 6.8 ശതമാനവും മുന്‍പ് കത്തോലിക്കരായിരുന്നു. 20 ശതമാനത്തോളം പേര്‍ പറഞ്ഞത് അവര്‍ കത്തോലിക്കാ സഭയിലോ, ദൈവത്തിലോ വിശ്വസിക്കുന്നില്ലെന്നാണ്. 16% കുടുംബവുമായുള്ള പ്രശ്നങ്ങള്‍ നിമിത്തവും, 11% സഭയോടും മതത്തോടുമുള്ള എതിര്‍പ്പിനെ തുടര്‍ന്നും സഭ ഉപേക്ഷിച്ചവരാണ്. 15% സഭ ഉപേക്ഷിച്ചെങ്കിലും അവരുടെ കുടുംബാംഗങ്ങള്‍ കത്തോലിക്കരാണ്. 10-നും 20-നും പ്രായമുള്ള 74% പേര്‍ തങ്ങള്‍ കത്തോലിക്കരല്ലെന്ന് വ്യക്തമാക്കി. ഇതില്‍ തന്നെ 35% ത്തിലധികം പറഞ്ഞത് അവര്‍ക്ക് യാതൊരു മതവുമായി ബന്ധമില്ലെന്നാണ്. 46% പേര്‍ മറ്റ് മതങ്ങളില്‍ ചേര്‍ന്നുവെന്നും 14% പേര്‍ നിരീശ്വരവാദികളാണെന്നും വ്യക്തമാക്കി.

വിശ്വാസകാര്യത്തില്‍ മാതാപിതാക്കളാണ് കുട്ടികളുടെ പ്രഥമ അദ്ധ്യാപകര്‍. എങ്കിലും ഇക്കാര്യത്തിൽ സഭ പ്രത്യേകശ്രദ്ധ ചെലുത്തണമെന്ന ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണ് ഈ സര്‍വ്വേ ഫലങ്ങള്‍. യുവാക്കളുടേതുകൂടിയാണ് സഭ എന്ന ബോധ്യം അവരിൽ വളർത്തിയെടുക്കാൻ സഭാനേതൃത്വത്തിനു കഴിയണം. കാലഘട്ടത്തിന്റെ മാറുന്ന സാഹചര്യങ്ങൾ തിരിച്ചറിയുകയും, അതിനനുസ്രതമായി കുട്ടികളുടെ വിശ്വാസസംബന്ധിയായ സംശയങ്ങൾക്കും ചോദ്യങ്ങൾക്കും മറുപടി നൽകാൻ സഭയുടെ സംവിധാനങ്ങൾക്കു സാധിക്കുകയും ചെയ്യണം. അതിനായി സഭയുടെ മതബോധന സംവിധാനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കണം. ക്രൈസ്തവ മതബോധനം എന്നത് ഒരു മതത്തെക്കുറിച്ചുള്ള അറിവു പകർന്നുകൊടുക്കുക എന്നതിൽ നിന്നും 'യേശുക്രിസ്തു എന്ന വ്യക്തിയെ കണ്ടുമുട്ടുന്നതിനുള്ള' മാർഗ്ഗമായി ഉയരുന്നില്ലങ്കിൽ നാളെ ലോകം മുഴുവൻ ഈ ദുരന്തം അനുഭവിക്കേണ്ടതായി വരും എന്ന ഒരു മുന്നറിയിപ്പുകൂടിയാണ് ഈ സർവേ ഫലങ്ങൾ.


Related Articles »