News - 2024

ദിവ്യബലിക്കായി മഞ്ഞിൽ ബലിപീഠം തീർത്ത് വിദ്യാർത്ഥികൾ ലോകത്തിന് മാതൃകയാകുന്നു

അഗസ്റ്റസ് സേവ്യർ 01-02-2016 - Monday

അമേരിക്കയിൽ, പെൻസിൽവാനിയായിലെ ഹൈവേയിൽ 22 മണിക്കൂർ മഞ്ഞുവീഴ്ച്ചയിലകപ്പെട്ട വിദ്യാർത്ഥികൾ, മഞ്ഞിൽ അൾത്താര നിർമ്മിച്ച് ദിവ്യബലിക്ക് സൗകര്യമൊരുക്കിയത് ലോകത്തിന് മാതൃകയാകുന്നു.

വാഷിംഗടണിലെ ഭ്രൂണഹത്യാ വിരുദ്ധ റാലിയിൽ പങ്കെടുത്തു മടങ്ങുകയായിരുന്ന അഞ്ഞൂറോളം വിദ്യാർത്ഥികളാണ് അമേരിക്കയുടെ കിഴക്കൻ തീരങ്ങളിൽ ആഞ്ഞടിച്ച ജോനസ് കൊടുങ്കാറ്റിൽ അകപ്പെട്ടത്. തുടർന്നുണ്ടായ മഞ്ഞുവീഴ്ച്ചയിൽ ഗതാഗതം തടസ്സപ്പെട്ടു.

സെന്റ് പോൾ, മിന്നപ്പോളീസ് എന്നീ രൂപതകളെ പ്രതിനിധീകരിച്ചെത്തിയ വിദ്യാർത്ഥികൾ മഞ്ഞിൽ ഒരു അൾത്താരയുണ്ടാക്കി സംഘത്തിലുണ്ടായിരുന്ന സിയോക്സ് നഗരത്തിലെ ലെ മാർസ് രൂപതയിൽപ്പെട്ട ഫാദർ പാട്രിക് ബേമിനോട് ദിവു ബലിയർപ്പണത്തിന് അഭ്യർത്ഥിച്ചു.

"അത് അവിശ്വസനീയമായിരുന്നു. എന്റെ പൗരോഹിത്യ ജീവിതത്തിലെ അവിസ്മരണീയമായ ഒരു മുഹൂർത്തമായിരുന്നു അത്.' ഫാദർ ബേം 'Church POP' വെബ്സൈറ്റിൽ പറഞ്ഞു.

സംഘത്തിൽ എട്ട് പുരോഹിതർ ഉണ്ടായിരുന്നു. എന്നാൽ ഫാദർ ബേം വേറിട്ടു നിന്നത് അദ്ദേഹം എന്നും കൂടെ കൊണ്ടു നടന്നിരുന്ന ട്രാവൽ മാസ് കിറ്റ് (ദിവ്യബലിയർപ്പണത്തിന് അത്യാവശ്യം വേണ്ട വസ്തുക്കളടങ്ങിയ ബാഗ്) മൂലമായിരിക്കാം എന്ന് അദ്ദേഹം സിയോക്സ് സിറ്റി രൂപതാ പത്രമായ 'കാത്തലിക് ഗ്ലോബി'നോട് പറഞ്ഞു.

അതികഠിനമായ ശൈത്യം ഫാദർ ബേമിന് ശാരീരിക ബുദ്ധിമുട്ടുകൾ ഉണ്ടാക്കിയെങ്കിലും ആ അവസ്ഥയിലും പിടിച്ചു നിൽക്കാൻ അദ്ദേഹത്തിന് സാധിച്ചു. ദിവ്യബലിക്കാവശ്യമായ വസ്ത്രങ്ങളും വസ്തുക്കളും ബാഗിലുണ്ടായിരുന്നു.

"വിശുദ്ധ കുർബ്ബാന കൊടുക്കുവാനുള്ള സമയമായപ്പോഴേക്കും എന്റെ കൈകൾ മരവിച്ചിരുന്നു. പക്ഷേ അതൊന്നും ഒരു പ്രശ്നമായിരുന്നില്ല. ദിവ്യബലി പൂർത്തിയാക്കുവാൻ ഞങ്ങൾക്ക് കഴിഞ്ഞു."

"സംഘത്തിൽപ്പെട്ടവരുടെ വിശ്വാസവും സന്തോഷവും കാണേണ്ടതായിരുന്നു. ഇരുപത്തിരണ്ടു മണിക്കൂർ കൊടുങ്കാറ്റിലും മഞ്ഞിലും അകപ്പെട്ട വിഷമമൊന്നും ഞങ്ങളെ ബാധിച്ചതേയില്ല."

രാത്രി 11 മണിക്ക് ഫാദർ ബേം പ്ലിമത്ത് കൗണ്ടിയിലെ തന്റെ വാസസ്ഥലത്ത് എത്തിയപ്പോഴേക്കും 'മഞ്ഞിലെ ദിവ്യബലി' ലോക മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടു കഴിഞ്ഞിരുന്നു.

ആ ദിവ്യബലിയർപ്പണം ഒരു പ്രത്യേക കാര്യത്തിനു വേണ്ടിയുള്ളതായിരുന്നു എന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. "ജീവിതത്തിനു വേണ്ടിയുള്ള, ഭ്രൂണഹത്യാ വിരുദ്ധ റാലിയിൽ പങ്കെടുക്കാനാണ് ഞങ്ങൾ പോയത്. ദിവ്യബലിയും അതിനു വേണ്ടി തന്നെയായിരുന്നു."

ഭ്രൂണഹത്യ നിയമ വിധേയമാക്കിയ 1973-ലെ റോയ് vs വേഡ് കേസിലെ സുപ്രീം കോർട്ട് വിധിക്കെതിരെയായിരുന്നു റാലി സംഘടിപ്പിച്ചത്.

സ്ഥിതിഗതികൾ മാറുകയാണെന്ന് അദ്ദേഹം സൂചിപ്പിച്ചു. "റോയ് വിധിയെ മാറ്റിമറിക്കാൻ പോകുന്ന തലമുറയാണ് വളർന്നു വരുന്നത്. ഓരോ തവണയും ജീവന്റെ റാലിയിൽ പങ്കെടുക്കാനായി ഞാൻ വരുമ്പോൾ, യുവതലമുറയുടെ ആവേശമാണ് ഞാൻ കാണുന്നത്. കൊടുങ്കാറ്റിലൂടെ കടന്നു വന്നപ്പോൾ യേശു ഞങ്ങളുടെയൊപ്പം ഉണ്ടായിരുന്നു. എല്ലാ കൊടുങ്കാറ്റുകളിലും യേശു നമ്മോടൊപ്പമുണ്ട്. അന്തിമ വിജയം അദ്ദേഹം നമുക്കായി നിശ്ചയിച്ചിരിക്കുന്നു ." ഫാദർ ബേം പറഞ്ഞു.