India - 2024
വാഴ്ത്തപ്പെട്ട രക്തസാക്ഷി സിസ്റ്റര്‍ റാണി മരിയയുടെ പ്രഥമ തിരുനാളിന് കൊടിയേറി
സ്വന്തം ലേഖകന്‍ 17-02-2018 - Saturday
പെരുമ്പാവൂര്‍: വാഴ്ത്തപ്പെട്ട രക്തസാക്ഷി സിസ്റ്റര്‍ റാണി മരിയയുടെ പ്രഥമ തിരുനാള്‍ ആഘോഷങ്ങള്‍ക്കു തീര്‍ത്ഥാടന കേന്ദ്രമായ പുല്ലുവഴി സെന്റ് തോമസ് പള്ളിയില്‍ ആരംഭമായി. പള്ളിയങ്കണത്തില്‍ സ്ഥാപിച്ച സിസ്റ്റര്‍ റാണി മരിയയുടെ തിരുസ്വരൂപത്തിന്റെയും ദേവാലയത്തിലെ തിരുശേഷിപ്പ് പേടകത്തിന്റെയും ആശീര്‍വാദം സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി നിര്‍വഹിച്ചു. അപരനോടുള്ള സ്‌നേഹത്തിന്റെയും ക്ഷമയുടെയും സന്ദേശമാണു വാഴ്ത്തപ്പെട്ട രക്തസാക്ഷി സിസ്റ്റര്‍ റാണി മരിയയുടെ ജീവിതമെന്നു കര്‍ദ്ദിനാള്‍ പറഞ്ഞു.
ദിവ്യബലി, നൊവേന, ലദീഞ്ഞ് എന്നിവയും നടന്നു. ഇന്നു വൈകിട്ട് അഞ്ചിനു റവ. ഡോ. ജോണ്‍ തേയ്ക്കാനത്തിന്റെ കാര്‍മികത്വത്തില്‍ ദിവ്യബലി, നൊവേന. നാളെ രാവിലെ ഏഴിനു ദിവ്യബലിക്കും നൊവേനയ്ക്കും വികാരി ഫാ. ജോസ് പാറപ്പുറം കാര്‍മികത്വം വഹിക്കും. 24 വരെ വൈകുന്നേരം അഞ്ചിനു ദിവ്യബലി, നൊവേന എന്നിവയുണ്ടാകും. റവ. ഡോ. കുര്യാക്കോസ് മുണ്ടാടന്‍, ഫാ. ജോസഫ് കരുമത്തി, ഫാ. ജോബ് കൂട്ടുങ്കല്‍, ഫാ. മാത്യു മണവാളന്‍, റവ. ഡോ. വര്‍ഗീസ് പൊട്ടക്കല്‍, ഫാ. തോമസ് പാറേക്കാട്ടില്‍ എന്നിവര്‍ വിവിധ ദിവസങ്ങളില്‍ തിരുക്കര്‍മങ്ങളില്‍ കാര്‍മ്മികരാകും.
സമാപന ദിവസമായ 25നു രാവിലെ ഏഴിനു ദിവ്യബലി, വൈകുന്നേരം 4.15നു പ്രസുദേന്തി വാഴ്ച, തുടര്‍ന്നു തിരുനാള്‍ പാട്ടുകുര്‍ബാനയ്ക്കു സീറോ മലബാര്‍ കൂരിയ ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍ മുഖ്യകാര്‍മികത്വം വഹിക്കും.