News

റഷ്യന്‍ ദേവാലയത്തില്‍ ഐ‌എസ് ആക്രമണം; 5 വിശ്വാസികള്‍ കൊല്ലപ്പെട്ടു

സ്വന്തം ലേഖകന്‍ 19-02-2018 - Monday

മോസ്ക്കോ: റഷ്യയിലെ നോർത്ത് കോക്കസസ് മേഖലയിലെ ദഗസ്ഥാനിൽ സ്ഥിതി ചെയ്യുന്ന ഓർത്തഡോക്സ് ദേവാലയത്തിനു പുറത്തു അക്രമി നടത്തിയ വെടിവെയ്പ്പില്‍ അഞ്ചു വിശ്വാസികള്‍ കൊല്ലപ്പെട്ടു. ആക്രമണത്തിൽ നിരവധി വിശ്വാസികള്‍ക്കും രണ്ടു പോലീസ് ഉദ്യോഗസ്ഥർക്കു പരുക്കേറ്റു. മരിച്ചവരെല്ലാം സ്ത്രീകളാണ്. 23വയസ് പ്രായം തോന്നിക്കുന്ന യുവാവാണ് ആക്രമണം നടത്തിയതെന്നാണ് പ്രാഥമിക നിഗമനം. ഇയാള്‍ പോലീസിന്റെ വെടിയേറ്റ് മരിച്ചു. അല്ലാഹു അക്ബര്‍ എന്ന്‍ അലറികൊണ്ടാണ് അക്രമി വെടിവെയ്പ്പ് നടത്തിയതെന്ന് ഒരു വൈദികന്‍ പ്രാദേശിക മാധ്യമത്തോട് വെളിപ്പെടുത്തി.

അതേസമയം പോലീസ് അന്വേഷണം നടക്കുന്നതിനിടെ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തുകൊണ്ട് ഇസ്ലാമിക് സ്റ്റേറ്റ്സ് രംഗത്തെത്തി. അക്രമത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നതായി അമാഖ് ന്യൂസ് ഏജന്‍സി വഴിയാണ് ഐ‌എസ് ലോകത്തെ അറിയിച്ചത്. ചെച്‍നിയയ്ക്കു സമീപമുള്ള നോർത്ത് കോക്കസസിൽനിന്ന് ഒട്ടേറെപ്പേർ ഭീകരസംഘടനയായ ഐഎസിൽ ചേർന്നതായി നേരത്തെ റിപ്പോര്‍ട്ട് വന്നിരിന്നു. ഇതിനെ ശരിവെച്ചുകൊണ്ടാണ് കഴിഞ്ഞ ദിവസം ആക്രമണം നടന്നത്. സ്ഥലത്ത് സുരക്ഷ കര്‍ശനമാക്കിയിട്ടുണ്ട്.


Related Articles »