News
“4 അല്ല, 1400 വര്‍ഷങ്ങളായി നമ്മൾ പീഡനത്തിന് ഇരയാകുന്നു”; ഇസ്ലാമിക തീവ്രവാദത്തിനെതിരെ ഇറാഖി മെത്രാപ്പോലീത്ത
സ്വന്തം ലേഖകന്‍ 20-02-2018 - Tuesday
വാഷിംഗ്‌ടണ്‍: പശ്ചിമേഷ്യയില്‍ നിന്നു വ്യാപിക്കുന്ന ഇസ്ലാമിക തീവ്രവാദത്തിന് എതിരെ ശക്തമായ പ്രതികരണവുമായി ഇര്‍ബിലിലെ കല്‍ദായ മെത്രാപ്പോലീത്ത ബാഷര്‍ വര്‍ദ വീണ്ടും രംഗത്ത്. ഇസ്ലാം മതസ്ഥരുമായുള്ള ചര്‍ച്ചകളില്‍ ക്രൈസ്തവര്‍ സത്യം തുറന്ന്‍ പറയുവാന്‍ ധൈര്യം കാണിക്കുകയാണെങ്കില്‍ ഐഎസിന്റെ ആവിര്‍ഭാവത്തിനു മുന്‍പേ തന്നെ പശ്ചിമേഷ്യയില്‍ ക്രിസ്തുമത പീഡനമുണ്ടായിരുന്നുവെന്ന് മുസ്ലീങ്ങള്‍ക്ക് അംഗീകരിക്കേണ്ടിവരുമെന്ന് അദ്ദേഹം പറഞ്ഞു. വാഷിംഗ്‌ടണിലെ ജോര്‍ജ്ജ്ടൗണ്‍ യൂണിവേഴ്സിറ്റിയില്‍ നടത്തിയ പ്രഭാഷണത്തിലാണ് മെത്രാപ്പോലീത്ത ഇപ്രകാരം പറഞ്ഞത്.
കഴിഞ്ഞ 4 വര്‍ഷങ്ങളായിട്ടല്ല, മറിച്ച് 1400 വര്‍ഷങ്ങളായി നമ്മള്‍ അടിച്ചമര്‍ത്തലിന് വിധേയരായികൊണ്ടിരിക്കുന്നു. ഇതില്‍ ക്രിസ്ത്യാനികള്‍ക്കും പങ്കുണ്ട്. നമ്മുടെ പൂര്‍വ്വികര്‍ നേരിട്ട മതപീഡനങ്ങളെകുറിച്ച് നമ്മള്‍ ഒരിക്കലും സംസാരിച്ചിട്ടില്ല. അതേസമയം ഇനിയൊന്നും ബാക്കി അവശേഷിച്ചിട്ടില്ല, അതിനാല്‍ തന്നെ നമുക്കൊന്നും നഷ്ടപ്പെടുവാനില്ല. കാര്യങ്ങള്‍ തുറന്നുപറയുവാന്‍ ക്രൈസ്തവര്‍ ഭയക്കരുത്. ഒരു വിശ്വാസത്തിനും മറ്റൊന്നിനെ കൊല്ലുവാനുള്ള അധികാരമില്ല. അതിനാല്‍ ഇസ്ലാമിനുള്ളില്‍ മാറ്റങ്ങളും തിരുത്തലുകളും അനിവാര്യമാണെന്നും മെത്രാപ്പോലീത്ത പറഞ്ഞു.
ഐഎസ് നടത്തിയത് ക്രൈസ്തവ വംശഹത്യയെന്ന് അമേരിക്ക അംഗീകരിച്ചിട്ടുള്ള കാര്യമാണ്. ഐഎസ് തങ്ങളുടെ പ്രതിനിധികളല്ല എന്ന് തള്ളികളയുന്ന ഇസ്ലാം, അതിനു മുന്‍പ് നടത്തിയ ക്രൂതകളെ കുറിച്ച് സംസാരിക്കുകയോ, ക്ഷമചോദിക്കുകയോ ചെയ്തിട്ടില്ല. നമ്മുടെ എണ്ണം കുറവാണെന്നത് സത്യമാണ്, പക്ഷേ അപ്പസ്തോലന്‍മാരുടെ എണ്ണവും കുറവായിരുന്നു. “എന്റെ രാജ്യം ഐഹികമല്ല” എന്ന ക്രിസ്തുവിന്റെ വാക്കുകളെ ഓര്‍മ്മിപ്പിച്ചുകൊണ്ട് കോണ്‍സ്റ്റന്റൈന്‍ കാലഘട്ടത്തിനു മുന്‍പുള്ള സഭയുടെ ദര്‍ശനങ്ങളിലേക്കാണ് നാം തിരികെ പോകേണ്ടതെന്നും മെത്രാപ്പോലീത്ത കൂട്ടിച്ചേര്‍ത്തു. ഇറാഖിലെ ക്രൈസ്തവരുടെ സ്ഥിതിയും തന്റെ പ്രഭാഷണത്തില്‍ അദ്ദേഹം എടുത്തുപറഞ്ഞു.
പുനരധിവാസത്തിനുള്ള ഫണ്ടിനായുള്ള കാത്തിരിപ്പ് ഇറാഖില്‍ തുടരുകയാണ്. ചര്‍ച്ചകള്‍ നടത്തുന്നതല്ലാതെ സര്‍ക്കാര്‍ ഫണ്ട് നല്‍കുന്നില്ല. 2003-ല്‍ ഏതാണ്ട് 1.5 ദശലക്ഷത്തോളം ക്രിസ്ത്യാനികള്‍ ഉണ്ടായിരുന്ന സ്ഥലത്ത് ഇപ്പോള്‍ വെറും 2 ലക്ഷം ക്രിസ്ത്യാനികള്‍ മാത്രമേയുള്ളൂവെന്നും മെത്രാപ്പോലീത്ത വിവരിച്ചു. ഇതിന് മുന്നെയും ഇസ്ളാമിക തീവ്രവാദത്തിന് എതിരെ പരസ്യപ്രസ്താവന ഇറക്കികൊണ്ട് ശ്രദ്ധേയനായ ഒരാളാണ് ബിഷപ്പ് വാര്‍ദ. അമേരിക്കന്‍ അഭയാര്‍ത്ഥി നയത്തിനെതിരെ പ്രതിഷേധം ഉയര്‍ന്നപ്പോള്‍ പ്രതിഷേധക്കാരെ ചോദ്യം ചെയ്തുകൊണ്ട് അദ്ദേഹം രംഗത്തെത്തിയിരിന്നു. ഐഎസ് തീവ്രവാദികള്‍ ക്രൈസ്തവരെ കൊന്നൊടുക്കിയപ്പോള്‍ പ്രതിഷേധക്കാര്‍ എവിടെ ആയിരിന്നുവെന്നായിരിന്നു ആര്‍ച്ച് ബിഷപ്പ് ബഷര്‍ വാര്‍ദയുടെ മറുചോദ്യം. ഇത് അന്താരാഷ്ട്ര മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയ്ക്കു വഴിതെളിയിച്ചിരിന്നു.