News - 2024
ക്രിസ്തുമസിനു മുന്നോടിയായി ത്രിദിന ഉപവാസ ആചരണത്തിനു ആഹ്വാനവുമായി ഇറാഖിലെ കല്‍ദായ പാത്രിയാര്‍ക്കീസ്
പ്രവാചകശബ്ദം 15-12-2022 - Thursday
ബാഗ്ദാദ്: ലോക രക്ഷകനായ ക്രിസ്തുവിന്റെ തിരുപ്പിറവിക്ക് വേണ്ട തയ്യാറെടുപ്പുകള്‍ നടത്തുന്ന ആഗമന കാലം മൂന്നാം വാരത്തോടു അടുക്കുമ്പോള്‍ ഇറാഖിന്റെയും, ലോകം മുഴുവന്റെയും സമാധാനത്തിന് വേണ്ടി ഡിസംബര്‍ 21, 22, 23 തിയതികളിലായി 3 ദിവസത്തെ പ്രത്യേക ഉപവാസം ആചരിക്കണമെന്ന ആഹ്വാനവുമായി കല്‍ദായ പാത്രിയാര്‍ക്കീസ് ലൂയീസ് റാഫേല്‍ സാകോ. യേശു ക്രിസ്തുവിന്റെ ജനനത്തിന്റെ സന്തോഷകരമായ പ്രഖ്യാപനത്തിന് വഴിയൊരുക്കുകയെന്ന ഉദ്ദേശവും സമാധാനത്തിന് വേണ്ടിയുള്ള ഈ ഉപവാസ ആചരണത്തിന്റെ പിന്നിലുണ്ടെന്ന് പാത്രിയാക്കീസ് പറഞ്ഞു. സ്നേഹത്തോടും കരുണയോടും കൂടെ നമ്മുടെ ഇടയില്‍ പ്രവര്‍ത്തിക്കുന്ന ജീവിച്ചിരിക്കുന്ന കര്‍ത്താവിന്റെ സാന്നിധ്യം തിരിച്ചറിയുവാന്‍ വിശ്വാസത്തിന് കഴിയുമെന്നതിനാല്‍, കഴിഞ്ഞുപോയ 2000 വര്‍ഷങ്ങളുടെ ഓര്‍മ്മപുതുക്കല്‍ അല്ല ക്രിസ്തുമസെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രാദേശിക അധികാരികളുടെ ഉത്തരവ് വഴി മുന്‍പ് തങ്ങള്‍ താമസിച്ചിരുന്ന സ്ഥലത്തു നിന്നും പുറത്താക്കപ്പെട്ട നിര്‍ദ്ധനരായ ക്രിസ്ത്യന്‍ അഭയാര്‍ത്ഥി കുടുംബങ്ങള്‍ക്ക് അടിയുറച്ച പിന്തുണ നല്‍കുവാനുള്ള ഒരു അവസരം കൂടിയാണ് ഈ ഉപവാസമെന്നും പാത്രിയാര്‍ക്കീസിന്റെ സന്ദേശത്തില്‍ പറയുന്നു. നേരത്തെ വാണീജ്യ സമുച്ചയം നിര്‍മ്മിക്കുന്നതിന്റെ പേരില്‍ ബാഗ്ദാദിലെ താമസസ്ഥലത്ത് നിന്നും പുറത്താക്കപ്പെട്ട നൂറ്റിമുപ്പതോളം അഭയാര്‍ത്ഥി കുടുംബങ്ങളെ തെക്കന്‍ ബാഗ്ദാദിലെ ദോരായിലെ മുന്‍ കല്‍ദായ സെമിനാരി കെട്ടിടം പുനരുദ്ധരിച്ചാണ് താമസിപ്പിച്ചിരിക്കുന്നത്.
സമാധാനത്തിനുവേണ്ടിയുള്ള ഈ ഉപവാസ ദിനങ്ങള്‍, മത്സ്യം, മാസം, മദ്യം എന്നിവ വര്‍ജ്ജിച്ച് പ്രാര്‍ത്ഥനയുടേയും, അനുതാപത്തിന്റേയും ദിനങ്ങളാക്കി മാറ്റാമെന്നും, ഏഷണി, നുണ, അസൂയ, അഹങ്കാരം, അത്യാഗ്രഹം തുടങ്ങിയ ദുഷിച്ച പെരുമാറ്റങ്ങളും മനോഭാവങ്ങളും ത്യജിച്ചുകൊണ്ട് കാരുണ്യ പ്രവര്‍ത്തികള്‍ ചെയ്യാമെന്നും പാത്രിയാര്‍ക്കീസ് പറഞ്ഞു. ഇസ്ലാമിക രാഷ്ട്രം സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെ ഇറാഖില്‍ അധിനിവേശം നടത്തിയ ഇസ്ലാമിക് സ്റ്റേറ്റ് ജിഹാദികളുടെ ക്രൂരതകള്‍ താങ്ങുവാന്‍ കഴിയാതെ മൊസൂളില്‍ നിന്നും, നിനവേ മേഖലയില്‍ നിന്നും പതിനായിരകണക്കിന് ക്രൈസ്തവരാണ് തങ്ങളുടെ വീടും സ്വത്തുവകകളും ഉപേക്ഷിച്ച് പലായനം ചെയ്തത്. 2003-ല്‍ ഏതാണ്ട് 15 ദശലക്ഷത്തോളം ക്രിസ്ത്യാനികള്‍ ഉണ്ടായിരുന്ന ഇറാഖില്‍ നാലിലൊന്ന് ക്രൈസ്തവര്‍ മാത്രമാണ് അവശേഷിക്കുന്നത്.