India - 2024
'എന്റെ രക്ഷകന്‍' ബൈബിള്‍ മെഗാ ഷോ തൃശൂരില്‍
സ്വന്തം ലേഖകന്‍ 22-02-2018 - Thursday
തൃശൂര്‍: സൂര്യ കൃഷ്ണമൂര്‍ത്തി അണിയിച്ചൊരുക്കുന്ന ഇന്ത്യയിലെ ഏറ്റവും വലിയ ബൈബിള്‍ മെഗാഷോ 'എന്റെ രക്ഷകന്‍' തൃശൂരില്‍ അടുത്ത മാസം നടക്കും. മാര്‍ച്ച് 21, 22, 23 തീയതികളില്‍ വൈകുന്നേരം ആറു മുതല്‍ ഒന്പതുവരെ തൃശൂര്‍ ശക്തന്‍നഗറിലാണ് പ്രദര്‍ശനം. തൃശൂര്‍ അതിരൂപതയുടെ സഹകരണത്തോടെ അഭയം പാലിയേറ്റീവ് കെയറും ശാന്തിഭവന്‍ പാലിയേറ്റീവ് ആശുപത്രിയും സംയുക്തമായാണ് മെഗാഷോ സംഘടിപ്പിക്കുന്നത്. സൗജന്യമായി സാന്ത്വന പരിചരണം നല്‍കാനുള്ള ധനസമാഹാരണത്തിനാണ് ഷോ സംഘടിപ്പിക്കുന്നത്. ഇന്ത്യയിലെ വിവിധ നഗരങ്ങളിലായി 76 തവണ ബൈബിള്‍ മെഗാഷോ ഇതിനോടകം അവതരിപ്പിച്ചിട്ടുണ്ട്.
77ാമത്തെ അവതരണമാണു തൃശൂരിലേതെന്ന് സംവിധായകന്‍ സൂര്യ കൃഷ്ണമൂര്‍ത്തി പറഞ്ഞു. നോമ്പ് അവസരത്തില്‍ ക്രിസ്തുവിന്റെ പീഡാനുഭവവും കുരിശുമരണവും ഉയിര്‍പ്പും ദൃശ്യാവിഷ്‌കരിക്കുന്ന ഈ അപൂര്‍വ കലാരൂപം കാണാനുള്ള അവസരം എല്ലാവരും പ്രയോജനപ്പെടുത്തണമെന്ന് ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇരുന്നൂറോളം കലാകാരന്മാരും ഒട്ടകം, കുതിര തുടങ്ങിയ അന്പതിലേറെ പക്ഷിമൃഗാദികളും അണിനിരക്കുന്ന മെഗാഷോയാണിത്. പതിനായിരം ചതുരശ്രയടി വിസ്തീര്‍ണത്തിലാണു വേദി സജ്ജമാക്കുന്നത്.