India - 2024
'എന്റെ രക്ഷകന്‍' പ്രദര്‍ശനം കോഴിക്കോടും
സ്വന്തം ലേഖകന്‍ 27-10-2017 - Friday
കോഴിക്കോട്: യേശുവിന്റെ ജനനം മുതല്‍ കുരിശുയാത്രയും ഉയര്‍ത്തെഴുന്നേല്‍പ്പും വരെയുള്ള ജീവിതകഥ ദൃശ്യവിസ്മയത്തോടെ വേദിയില്‍ എത്തിക്കുന്ന മെഗാ ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോ 'എന്റെ രക്ഷകന്‍' കോഴിക്കോട്ട് നവംബര്‍ ഒന്നു മുതല്‍ പ്രദര്‍ശനം ആരംഭിക്കും. ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ബൈബിള്‍ ഷോ എന്ന പ്രത്യേകതയും ഇതിനുണ്ട്. നൂറ്റമ്പതോളം നടീനടന്മാരും അന്പതോളം പക്ഷിമൃഗാദികളും അരങ്ങിലെത്തും. വെളിച്ചത്തിനും ശബ്ദത്തിനുമായി അത്യാധുനിക സങ്കേതിക വിദ്യകളാണ് ഉപയോഗിക്കുന്നത്. സൂര്യ ഫെസ്റ്റിവല്‍ സ്ഥാപക ഡയറക്ടര്‍ സൂര്യകൃഷ്ണമൂര്‍ത്തിയുടെ സംവിധാനത്തിലാണ് ദൃശ്യവിസ്മയം അരങ്ങിലെത്തുക.
1650 സീറ്റുളള വലിയ ഓഡിറ്റോറിയമാണ് ഒരുങ്ങുന്നത്. കലാകാരന്‍മാര്‍ 31ന് സ്‌റ്റേജില്‍ റിഹേഴ്‌സല്‍ നടത്തും. വി.മധുസൂദനന്‍ നായര്‍ രചിച്ച വരികള്‍ക്ക് പണ്ഡിറ്റ് രമേഷ് നാരായണനാണ് സംഗീതം നല്‍കിയിരിക്കുന്നത്. മൂന്ന് ദിവസങ്ങളിലായാണ് പ്രദര്‍ശനം. പ്രാര്‍ത്ഥിച്ചും ഉപവാസം അനുഷ്ഠിച്ചും മൂന്നുമാസത്തിലേറെ നീണ്ട പരിശീലനത്തിനുശേഷമാണ് 150 കലാകാരന്‍മാരുടെ സംഘം ഈ സംഗീതനാടകം വേദിയില്‍ അവതരിപ്പിക്കുന്നത്.
മൂന്ന് ദിവസങ്ങളിലും 6.30 നാണ് പ്രദര്‍ശനം. ആവശ്യമെങ്കില്‍ സെക്കന്‍ഡ്‌ഷോ നടത്തും. 250 രൂപയുടെ സില്‍വര്‍വിഭാഗവും 500 രൂപയുടെ ഗോള്‍ഡ് വിഭാഗവും, 1000 രൂപയുടെ ഡയമണ്ട് വിഭാഗവും, 2500 രൂപയുടെ പ്ലാറ്റിനം വിഭാഗവുമാണ് പാസുകള്‍ ക്രമീകരിച്ചിരിക്കുന്നത്. പാസുകള്‍ ചാവറ കള്‍ച്ചറല്‍ സെന്റര്‍, സ്‌റ്റേഡിയത്തിനു സമീപത്തെ മാതൃഭൂമി ബുക് സ്റ്റാള്‍, എരഞ്ഞിപ്പാലം ദീപിക ഓഫീസ്, മാനാഞ്ചിറ സിഎസ്‌ഐ സ്റ്റാള്‍ എന്നിവിടങ്ങളില്‍ ലഭ്യമാണ്. www.eticketcounter.com എന്ന വെബ്‌സൈറ്റിലും പാസുകള്‍ ലഭ്യമാണ്.