News
ബില്ലി ഗ്രഹാമിന്റെ വിയോഗത്തിൽ ഭാരത സഭയുടെ അനുശോചനം
സ്വന്തം ലേഖകന്‍ 22-02-2018 - Thursday
ന്യൂഡൽഹി: സുവിശേഷ പ്രസംഗകനായ ബില്ലി ഗ്രഹാമിന്റെ മരണത്തിൽ ദേശീയ കത്തോലിക്ക മെത്രാൻ സമിതി അനുശോചനം രേഖപ്പെടുത്തി. സാമൂഹ്യ മാധ്യമങ്ങളുടെ ആവിർഭാവത്തിന് വളരെ മുൻപ് തന്നെ റേഡിയോ- ടെലിവിഷൻ വഴി സുവിശേഷ പ്രഘോഷണം നടത്തിയിരുന്ന അദ്ദേഹത്തിന്റെ സേവനം നിസ്തുലമായിരിന്നുവെന്ന് സിബിസിഐ ജനറൽ സെക്രട്ടറി ബിഷപ്പ് തിയോഡോർ മസ്കാരൻഹാസ് അനുശോചന സന്ദേശത്തില്‍ കുറിച്ചു. ദൈവരാജ്യത്തിനായി അദ്ദേഹം ചെയ്ത പ്രവര്‍ത്തികള്‍ക്ക് ദൈവം പ്രതിഫലം നൽകുമെന്നും ബിഷപ്പ് മസ്കാരൻഹാസ് കൂട്ടിച്ചേർത്തു.
ലക്ഷകണക്കിന് വിശ്വാസികളെ ദൈവത്തിങ്കലേക്ക് അടുപ്പിക്കുകയും ദൈവത്തിന്റെ വിനീത സേവകനായി പ്രവർത്തിച്ച ബില്ലി ഗ്രഹം ലോകത്തിന് മുഴുവൻ മാതൃകയായ ധീര മിഷ്ണറിയായിരുന്നുവെന്ന്‍ ഇവാഞ്ചലിക്കൽ ഫെല്ലോഷിപ്പ് ഓഫ് ഇന്ത്യയുടെ ജനറൽ സെക്രട്ടറി വിജേഷ് ലാൽ അനുസ്മരിച്ചു. സുവിശേഷ മൂല്യാധിഷ്ഠിതമായ ജീവിതം നയിച്ച്, വർഗ്ഗ വിവേചനത്തിനെതിരെ പോരാടി, ദൈവ വചനത്തിന്റെ വെളിച്ചം എല്ലാ രാജ്യങ്ങളിലും പകർന്നു നൽകിയ മഹത് വ്യക്തിയാണദ്ദേഹം. രാഷ്ട്രത്തലവന്മാരോടും മറ്റ് ഉന്നത നേതാക്കന്മാരോടും സുവിശേഷത്തിന്റെ പൊരുൾ പങ്കുവെയ്ക്കാൻ അദ്ദേഹം ശ്രദ്ധിച്ചിരുന്നുവെന്നും വിജേഷ് ലാൽ കൂട്ടിച്ചേര്‍ത്തു.
ബില്ലി ഗ്രഹാമിന്റെ ഒരു നൂറ്റാണ്ടോളം നീണ്ടു നിന്ന ജീവിതം യേശു ക്രിസ്തുവിന്റെ ശക്തമായ സാക്ഷ്യം പകർന്നു നല്കുന്നതായിരുന്നുവെന്ന് പെര്‍സിക്യൂഷന്‍ റിലീഫ് സംഘടന വക്താവ് ഷിബു തോമസ് പറഞ്ഞു. ദൈവത്തിന്റെ പരിശുദ്ധിയും യേശുക്രിസ്തുവിനോടുള്ള സ്നേഹവും സുവിശേഷകന്മാരുടെ എളിയ ജീവിതവും മിഷൻ പ്രവർത്തനത്തിലൂടെ പ്രഘോഷിച്ച ഗ്രഹാമിന്റെ വിയോഗം തീരാനഷ്ടമാണെന്നും അദ്ദേഹം വ്യക്തമാക്കി.
യുദ്ധവും അരക്ഷിതാവസ്ഥയും ക്ഷാമവും നിലന്നിരുന്ന ലോകത്തിൽ ദൈവത്തിന് സാക്ഷ്യം വഹിച്ച ബില്ലി, വിശ്വാസികളുടെ മനസ്സിൽ എന്നും ജീവിക്കുമെന്ന് ദേശീയ കത്തോലിക്ക സംഘടനയുടെ മുൻ പ്രസിഡന്റും പത്രപ്രവർത്തകനുമായ ജോൺ ദയാല്‍ അഭിപ്രായപ്പെട്ടു.
1956, 1972, 1977 എന്നീ കാലഘട്ടങ്ങളിൽ ഭാരതത്തിലെ ക്രൈസ്തവരെ അഭിസംബോധന ചെയ്ത ബില്ലി ഗ്രഹാം പ്രധാനമന്ത്രിമാരായ ജവഹർലാൽ നെഹ്റു, ഇന്ദിരഗാന്ധി എന്നിവരെ സന്ദർശിച്ചിരിന്നു. വാര്‍ദ്ധക്യ സഹജമായ പ്രശ്നങ്ങളാല്‍ വിശ്രമ ജീവിതം നയിച്ച ബില്ലി ഗ്രഹാം ഇന്നലെയാണ് അന്തരിച്ചത്. മൃതസംസ്ക്കാരം മാർച്ച് രണ്ടിന് അമേരിക്കയില്‍ നടക്കും.