News - 2024

യുക്രൈന്റെ ഔദ്യോഗിക ക്രിസ്തുമസ് ആഘോഷ ദിനം ഡിസംബർ 25ന്; ബില്ലില്‍ ഒപ്പിട്ട് സെലൻസ്കി

പ്രവാചകശബ്ദം 30-07-2023 - Sunday

കീവ്: ജൂലിയൻ കലണ്ടർ പിന്തുടര്‍ന്നു വന്നിരിന്ന യുക്രൈന്‍, ഔദ്യോഗിക ക്രിസ്തുമസ് ആഘോഷദിനം ഡിസംബർ 25ലേക്കു മാറ്റി. നേരത്തെ ജനുവരി ഏഴിനാണ് രാജ്യത്തു ക്രിസ്മസ് ആഘോഷിച്ചിരുന്നത്. ഇതു സംബന്ധിച്ച് പാർലമെന്റ് പാസാക്കിയ ബില്ലിൽ പ്രസിഡന്റ് സെലൻസ്കി ഒപ്പിട്ടു. റഷ്യൻ സംസ്കാരസ്വാധീനം അവസാനിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള നടപടികളുടെ ഭാഗമായിട്ടാണ് തീയതി മാറ്റിയതെന്നു നിരീക്ഷിക്കപ്പെടുന്നു. കഴിഞ്ഞ മെയ് ഇരുപത്തിനാലാം തീയതിയാണ് യുക്രൈൻ ഓർത്തഡോക്സ് മെത്രാന്മാരുടെ കൗൺസിൽ ഐക്യകണ്ഠേന തന്നെ ജൂലിയൻ കലണ്ടറിൽ നിന്ന് ഗ്രിഗോറിയൻ കലണ്ടറിലേക്ക് മാറാൻ തീരുമാനമെടുത്തതു മാധ്യമ ശ്രദ്ധ നേടിയിരിന്നു.

കാലങ്ങളായി യുക്രൈനിലെ ക്രൈസ്തവരും, റഷ്യൻ ഓർത്തഡോക്സ് സഭയും ജനുവരി ഏഴാം തീയതിയാണ് ക്രിസ്തുമസായി കൊണ്ടാടി വരുന്നത്. ജൂലിയൻ കലണ്ടറിൽ നിന്ന് ഗ്രിഗോറിയൻ കലണ്ടറിലേക്ക് മാറാൻ ഈ വർഷം യുക്രൈൻ ഗ്രീക്ക് കത്തോലിക്കാ സഭയാണ് ആദ്യമായി തീരുമാനമെടുക്കുന്നത്. ഇതിന് പിന്നാലെ ഓര്‍ത്തഡോക്സ് സഭയും തീരുമാനമെടുത്തു. ഒടുവില്‍ ഇക്കഴിഞ്ഞ ദിവസം ഇത് സംബന്ധിച്ച ബില്ലില്‍ പ്രസിഡന്റ് സെലൻസ്കി ഒപ്പിട്ടതോടെ ഇത് ഔദ്യോഗികമായി മാറിയിരിക്കുകയാണ്. ഇതിനിടെ, ഇന്നലെ ശനിയാഴ്ച റഷ്യന്‍ സൈന്യം നിരവധി ആക്രമണങ്ങൾ നടത്തിയതായി റിപ്പോര്‍ട്ടുണ്ട്.


Related Articles »